ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തിരിക്കുകയാണ്. അതിനിടയിൽ ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച മോഷൻ പോസ്റ്റർ ആണ് ശ്രദ്ധ നേടുന്നത്. കുറുപ്പിനു പകരം അലക്സാണ്ടർ എന്ന പേര് തെളിഞ്ഞുവരുന്നതാണ് മോഷൻ പോസ്റ്ററിൽ കാണുന്ന ദൃശ്യം.
Read more: ആരുമറിഞ്ഞില്ല; പറഞ്ഞതിലും നേരത്തെ ‘കുറുപ്പ്’ നെറ്റ്ഫ്ലിക്സിൽ
കുറുപ്പിന്റെ രണ്ടാം ഭാഗമാണോ അലക്സാണ്ടർ? എന്നാണ് ഇപ്പോൾ പ്രേക്ഷകർ തിരക്കുന്നത്. ഇത്തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാവുമെന്ന് മുൻപും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംവിധായകനും പല അഭിമുഖങ്ങളിലും കുറുപ്പിന് രണ്ടാം ഭാഗമുണ്ടാവുമെന്ന തരത്തിലുള്ള സൂചനകൾ നൽകിയിരുന്നു.
“വാപ്പയുടെ അലക്സാണ്ടറിനെ പൊട്ടിക്കുമോ?” എന്നാണ് ആരാധകർ ദുൽഖറിനോട് ചോദിക്കുന്നത്. 1990ൽ ഇറങ്ങിയ ‘സാമ്രാജ്യം’ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച അലക്സാണ്ടർ എന്ന അധോലോക നായകൻ ഇന്നും സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. അച്ഛന്റെയും മകന്റെയും കഥാപാത്രങ്ങളുടെ പേരിലുള്ള സാമ്യമാണ് ആരാധകർ ചൂണ്ടികാണിക്കുന്നത്.

Read more: കുറുപ്പ് വിജയാഘോഷം, മറിയം സ്റ്റൈൽ; വീഡിയോ
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് ‘കുറുപ്പ്’ നിർമ്മിച്ചിരിക്കുന്നത്. ഏതാണ്ട് 35 കോടിയോളം മുടക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് കുറുപ്പും സംവിധാനം ചെയ്തിരിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിൽ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിനുണ്ട്.
ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിച്ചത്.