ഷാരൂഖ് ഖാൻ നായകനായ ഹിറ്റ് ചിത്രം പർദേസിലൂടെയാണ് മഹിമ ചൗധരി ബോളിവുഡിലേക്കെത്തുന്നത്. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പക്ഷേ ഏറെക്കാലമായി അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് മഹിമ. ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് 44 കാരിയായ നടി. 20 വർഷം പൂർത്തിയാക്കിയ ‘പർദേസ്’ സിനിമയുടെ പ്രത്യേക സ്ക്രീനിങ്ങിനെത്തിയപ്പോഴായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

മുതിർന്ന നടിമാർക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളുളള സിനിമകൾ വളരെ കുറവാണ്. അതിനാലാണ് സിനിമയിൽനിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചത്. സിനിമയിൽ വെറുതെ വന്നുപോകുന്ന കഥാപാത്രങ്ങൾ ചെയ്യാൻ താൽപര്യമില്ലെന്നും എന്തെങ്കിലും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് താൽപര്യമെന്നും മഹിമ പറഞ്ഞു.

മുതിർന്ന നടിമാർക്ക് പറ്റിയ കഥാപാത്രങ്ങൾ എഴുത്തുകാർ എഴുതണമെന്നും സംവിധായകർ അത് സിനിമയാക്കാൻ തയാറാവണമെന്നും മഹിമ ആവശ്യപ്പെട്ടു. മുതിർന്ന നടന്മാർക്ക് പറ്റിയ കഥ എഴുതുന്നതുപോലെ നടിമാർക്ക് വേണ്ടിയും എഴുതിത്തുടങ്ങണം. അമിതാഭ് ബച്ചൻ തന്റെ കരിയറിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. മുതിർന്ന നടിമാർക്കും ഇതുപോലെയുളള റോളുകൾ നൽകിയാൽ ചിലപ്പോൾ നല്ല സിനിമകൾ ഉണ്ടാവും. അമിതാഭ് ബച്ചനെപ്പോല അത്രയും കഴിവുളളവരാണ് ഞങ്ങൾ എന്നു പറയുന്നില്ല. പക്ഷേ ഞങ്ങൾക്കും ചില കഥാപാത്രങ്ങൾ നന്നായിട്ട് ചെയ്യാൻ സാധിക്കുമെന്നും മഹിമ പറഞ്ഞു.

ബിസിനസുകാരൻ ബോബി മുഖർജിയാണ് മഹിമയുടെ ഭർത്താവ്. 2006 ലായിരുന്നു ഇരുവരുടെയും വിവാഹം. 2016 ൽ മഹിമ വിവാഹ മോചനം നേടി. 8 വയസ്സുകാരിയായ മകൾ മഹിമയ്ക്കുണ്ട്. വിവാഹത്തിനു മുൻപ് വർഷങ്ങളോളം ടെന്നിസ് താരം ലിയാൻഡർ പെയ്സുമായി മഹിമ ഡേറ്റിങ്ങിലായിരുന്നു. പിന്നീട് ഇരുവരും ബ്രേക്ക് അപ്പായി. ഈ ബന്ധത്തെക്കുറിച്ചും മഹിമ പറഞ്ഞു- ”ലിയാൻഡർ പെയ്സ് പോയത് എന്റെ ജീവിതത്തെ ഒരുതരത്തിലും ബാധിച്ചില്ല. എനിക്ക് കുറച്ചുകൂടി പക്വത വന്നു. എന്നോട് ചെയ്തതു തന്നെയാണ് രേഖ പിളളയോടും അയാൾ ചെയ്തതെന്ന് ഞാൻ കരുതുന്നു”.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook