/indian-express-malayalam/media/media_files/uploads/2023/10/Kannur-Squad-1.jpg)
കണ്ണൂർ സ്ക്വാഡിലെ ബേബി ജോൺ എന്ന ഓഫീസറെയാണ് മമ്മൂട്ടി സ്ക്രീനിൽ അവതരിപ്പിച്ചത്
മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് ഒരുക്കിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ 'കണ്ണൂര്‍ സ്‍ക്വാഡ്' മികച്ച പ്രതികരണം നേടി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രമാണ് കണ്ണൂർ സ്‍ക്വാഡ്. ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് 'കണ്ണൂര്‍ സ്‍ക്വാഡ്'. മുൻ കണ്ണൂർ എസ് പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, 'കണ്ണൂർ സ്‌ക്വാഡി'ലേക്ക് എത്തുമ്പോൾ നാലു പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു കഥ മുന്നോട്ടു പോകുന്നത്. മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. സഹോദരനു വേണ്ടി റോണി കഥയെഴുതിയ ചിത്രം എന്ന പ്രത്യേകതയും കണ്ണൂർ സ്ക്വാഡിനുണ്ട്. റോണി ഡേവിഡ് രാജിന്റെ സഹോദരനാണ് സംവിധായകൻ റോബി വര്‍ഗീസ് രാജ്.
കഴിഞ്ഞ ദിവസം യഥാർത്ഥ കണ്ണൂർ സ്ക്വാഡിലെ പൊലീസ് ഓഫീസറായ ബേബി ജോണും സിനിമ കാണാൻ എത്തിയിരുന്നു. സിനിമ കണ്ടതിനു ശേഷം ബേബി ജോൺ നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്.
"ഞാൻ ബേബി ജോൺ. കണ്ണൂർ ജില്ലയിലെ ഉളിക്കൽ പൊലീസ് സ്റ്റേഷൻ എസ് ഐ ആയി കഴിഞ്ഞ വർഷം റിട്ടയർ ചെയ്തു. ചിത്രം കണ്ടപ്പോൾ സന്തോഷവും അഭിമാനവും തോന്നി. സാധാരണ പൊലീസിന് അംഗീകാരം കിട്ടാത്തൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ. കേരള പൊലീസിനു മൊത്തത്തിൽ അഭിമാനിക്കാവുന്ന ഒരു സിനിമയാണിത്. ചിത്രത്തിൽ പൊലീസിന്റെ ബുദ്ധിമുട്ടും കാര്യങ്ങളും ശരിയായി കാണിച്ചിട്ടുണ്ട്. ചിത്രത്തിൽ 10 ദിവസം കൊണ്ട് കേസ് തെളിയിച്ചതായിട്ടാണ് കാണിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ ഞങ്ങൾ 16 ദിവസംകൊണ്ടാണ് പ്രതികളെ പിടിച്ചത്. ഞങ്ങൾ 9 പേരായിരുന്നു സ്ക്വാഡിൽ, സിനിമയിൽ അത് നാലു പേർ ആയാണ് കാണിച്ചത്."
"2019ലാണ് തിരക്കഥാകൃത്തുകൾ ഈ കഥയെ കുറിച്ച് എന്നോട് സംസാരിച്ചത്. ഞങ്ങൾ പറഞ്ഞ കാര്യങ്ങളൊക്കെ അവർ സിനിമയിൽ വരുത്തിയിട്ടുണ്ട്. 80 ശതമാനം റിയലായ കാര്യങ്ങളും 20 ശതമാനത്തോളം സിനിമാറ്റിക് ആയുമാണ് സിനിമയെടുത്തിരിക്കുന്നത്. റിയൽ സ്റ്റോറി അതുപോലെ കാണിച്ചാൽ ആസ്വാദകർക്ക് അതൊരു ഡോക്യുമെന്ററിയായി തോന്നുമല്ലോ."
"അഭിനയമാണെങ്കിലും സാങ്കേതിക കാര്യങ്ങളാണെങ്കിലും എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. ചിത്രീകരണത്തിനിടയിൽ രണ്ടു മൂന്നു തവണ മമ്മൂട്ടിയെ കണ്ട് സംസാരിച്ചിരുന്നു," ബേബി ജോൺ പറയുന്നു.
ഒക്ടോബർ ഒന്ന് ഞായറാഴ്ച, യഥാർത്ഥ കണ്ണൂർ സ്ക്വാഡും അവർക്ക് നേതൃത്വം നൽകിയ എഡിജിപി എസ് ശ്രീജിത്തും കൊച്ചി വനിത വിനീത തിയേറ്ററിലെത്തി ഒന്നിച്ച് സിനിമ കണ്ടു.
ചിത്രത്തിന്റെ പ്രമോഷനായി കണ്ണൂർ സ്ക്വാഡിൽ പൊലീസുകാർ ഉപയോഗിച്ച ടാറ്റ സുമോയും തിയേറ്ററിനു വെളിയിൽ പാർക്ക് ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.