കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ പിന്തുണച്ചും നന്ദി പറഞ്ഞും ആമേൻ സിനിമയുടെ നിർമാതാവ് ഫരീദ് ഖാൻ. രോഗബാധിതനായ തന്റെ കുഞ്ഞിനെ ചിരിപ്പിച്ചതിനും ആശ്വാസം പകർന്നതിനും നന്ദി പറഞ്ഞാണ് ഫരീദ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ദിലീപ് ക്രിമിനല്‍ അല്ലെന്നും മാധ്യമങ്ങള്‍ കോടതി അല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫരീദ് ഖാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

‘നന്ദി ദിലീപേട്ടാ, ഇന്നലെ എന്റെ കുഞ്ഞിന്റെ ആറാം പിറന്നാള്‍ ആശുപത്രിയില്‍വച്ച് ആഘോഷിച്ചു. രക്താബുര്‍ദത്തിന് ചികിത്സ തേടുകയാണ് എന്റെ മകന്‍. കഴിഞ്ഞ ആഴ്ച അവന്റെ മൂന്നാമത്തെ കീമോതെറാപ്പിയായിരുന്നു. അന്ന് തന്നെ ഡിസ്ചാര്‍ജും ചെയ്തു. പക്ഷേ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ബുദ്ധിമുട്ടുണ്ടായി. ആശുപത്രിയിലേക്ക് തിരികെയെത്തി. അവന്‍ വളരെ അവശനായിരുന്നു, ഒരുപാട് വേദന അവനുണ്ടായിരുന്നു.

ആ സമയം മാധ്യമങ്ങള്‍ അങ്ങയുടെ അറസ്റ്റ് ആഘോഷിക്കുകയായിരുന്നു. മലയാള സിനിമയുടെ ചെറിയ ഭാഗമായതിനാല്‍ എന്നെയും ഇതെല്ലാം അസ്വസ്ഥമാക്കി. പെട്ടെന്നാണ് എന്റെ മകന്‍ നിങ്ങളെ ടിവിയില്‍ കാണുന്നത്. അവന്‍ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു. ‘പപ്പ അത് ഉല്ലാസ് അല്ലേ( ടു കണ്ട്രീസിലെ ദിലീപേട്ടന്റെ കഥാപാത്രം). അവന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം. അവന് നിങ്ങളുടെ ശരിയായ പേര് അറിയില്ല. ടിവിയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. അപ്പോള്‍ അവന് കുറച്ച് ഊര്‍ജ്ജം കിട്ടി. ഉല്ലാസിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ആ ഒറ്റ നിമിഷം തന്നതിന് ഞാനും അവന്റെ അമ്മയും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഹൃദയത്തിന് കുറച്ച് സമാധാനം ലഭിച്ചു. നിങ്ങള്‍ ഒരു നടനാണ്, അല്ലാതെ ക്രിമിനല്‍ അല്ല, മാധ്യമങ്ങളല്ല കോടതി, ദിലീപിനെ പിന്തുണയ്ക്കുന്നു.’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook