പ്രിയങ്ക ചോപ്ര-നിക് ജോനാസ് വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി. പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ മുംബൈയിലെ വസതിയിൽ നടന്ന പൂജയോടെയാണ് വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായത്. പാരമ്പര്യ രീതിയിലുളള വസ്ത്രമണിഞ്ഞാണ് പ്രിയങ്കയും നിക്കും പൂജയ്ക്ക് എത്തിയത്.

നിക്കിന്റെ സഹോദരൻ ജോ ജൊനാസും കാമുകിയും നടിയുമായ സോഫിയ ടേർണറും പൂജയ്ക്കെത്തി. ഇരുവരും ഇന്ത്യൻ പാരമ്പര്യ രീതിയിലുളള വസ്ത്രമാണ് ധരിച്ചെത്തിയത്. ഗായകൻ അർമാൻ മാലിക്കും ചടങ്ങിൽ പങ്കെടുക്കാനെത്തി.

ജോധ്പൂരിലെ ഉമൈദ് ഭവനിലാണ് പ്രിയങ്ക-നിക് വിവാഹം നടക്കുക. ഡിസംബർ രണ്ടിനായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, വിവാഹ തീയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

ഓഗസ്റ്റ് 18നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കുന്നതിനു മുമ്പും ഇരുവരേയും പലയിടങ്ങളിലും വച്ച് പാപ്പരാസികളും ആരാധകരും ഒരുമിച്ച് കണ്ടിട്ടുണ്ട്. വിവാഹ നിശ്ചയത്തിനു ശേഷം മുംബൈയിലെ തന്റെ വസതിയില്‍ പ്രിയങ്ക അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിരുന്നൊരുക്കിയിരുന്നു.

ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook