scorecardresearch

കഥാപാത്രത്തിന് മതപരമായ പേരുകള്‍ നല്‍കുന്നത് പോലും അസഹിഷ്ണുതയോടെ കാണുന്ന ഈ സാമൂഹ്യാവസ്ഥ ഭയപ്പെടുത്തുന്നത്‌: വിദ്യാ ബാലന്‍

മലയാളത്തിലെ കന്നിയങ്കമാകുമായിരുന്ന കമലിന്‍റെ ‘ആമി’യില്‍ നിന്നും പ്രത്യേകിച്ച് ഒരു കാരണവും വ്യക്തമാക്കാതെയാണ് വിദ്യാ ബാലന്‍ പിന്‍മാറിയത്. ശനിയാഴ്ച ന്യൂസ്‌ 18 ചാനലിന് വേണ്ടി വീര്‍ സാഘ്വിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഈ പിന്‍മാറ്റത്തിന്‍റെ കാര്യ – കാരണങ്ങളിലേക്കോ?

കഥാപാത്രത്തിന് മതപരമായ പേരുകള്‍ നല്‍കുന്നത് പോലും അസഹിഷ്ണുതയോടെ കാണുന്ന ഈ സാമൂഹ്യാവസ്ഥ ഭയപ്പെടുത്തുന്നത്‌: വിദ്യാ ബാലന്‍

ബോളിവുഡിന്‍റെ നായികാ സങ്കല്‍പ്പങ്ങളെ, അഴകളവുകളിലൂന്നിയ സൗന്ദര്യ സങ്കല്പങ്ങളെ തച്ചുടച്ച അഭിനേത്രി. ചുരുങ്ങിയ കാലം കൊണ്ട് ഖാന്‍ – ത്രയത്തിനോട് കിട പിടിച്ച ബോക്സ്‌ ഓഫീസ് വിസ്മയം. അനുഗ്രഹീത കലാകാരി, സര്‍വ്വോപരി മലയാളി.

ഇതൊക്കെയാണ് വിദ്യാ ബാലന്‍ കമലിന്‍റെ പുതിയ ചിത്രമായ ‘ആമി’ യില്‍ നായികയായെത്തുന്നതിന് അകമ്പടിയായി കേട്ടത്. മലയാളത്തിന്‍റെ പ്രിയ കഥാകാരി മാധവിക്കുട്ടിയാവുന്നതില്‍ തനിക്കുള്ള സന്തോഷാവേശങ്ങള്‍ വിദ്യയും മറച്ചു പിടിച്ചിരുന്നില്ല. എന്നാല്‍, സിനിമയുടെ ഷൂട്ടിംഗിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, കരാറുകള്‍ ലംഘിച്ചു കൊണ്ട് വിദ്യ ആ സിനിമയില്‍ നിന്നും പിന്മാറി. കേരളം കാത്തിരിക്കുന്ന ആ റോള്‍ പിന്നീട് ഏറ്റെടുത്തത് മഞ്ജു വാര്യര്‍.

vidya balan
വിദ്യ-ആമി

‘ആമി’ യുമായി ബന്ധപെട്ട പലരും ഇതിന് വിശദീകരണങ്ങളുമായി രംഗത്തെത്തിയെങ്കിലും വിദ്യയുടെ നിശബ്ദത പറയാതെ പറഞ്ഞ പലതിലേക്കുമാണ് മലയാളി ചെവിയോര്‍ത്തത്. ഇപ്പോഴിതാ, അവര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു – ഭയമാണ് എന്ന്, കഥാപാത്രങ്ങള്‍ക്ക് അവര്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിനോട് ബന്ധമുള്ള പേരുകള്‍ പോലും നല്‍കാന്‍ ഈ സാമൂഹികാന്തരീക്ഷം സമ്മതിക്കുന്നില്ല എന്ന്.

ന്യൂസ്‌ 18 ചാനലിന്‍റെ വിര്‍ച്ച്വോസിറ്റി എന്ന പരിപാടിയില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വീര്‍ സാഘ്വിയോടാണ് വിദ്യ തന്‍റെ ആകുലതകള്‍ പങ്കു വച്ചത്. സാമ്പ്രദായികമല്ലാത്ത എന്തിനോടും തീവ്രമായി പ്രതിഷേധിക്കുന്ന ഇപ്പോഴത്തെ അന്തരീക്ഷത്തെക്കുറിച്ച് ആശങ്കയുണ്ടോ എന്ന ചോദ്യത്തിനാണ് അവര്‍ ഇങ്ങനെ പ്രതികരിച്ചത്.

‘ തീര്‍ച്ചയായും ഇന്നത്തെ (സാമൂഹിക) അന്തരീക്ഷം ഭയപ്പെടുത്തുന്നത്‌ തന്നെയാണ്. വളരെ ധൈര്യശാലികളായ ആളുകളോടോപ്പം തന്നെയാണ് ഞാന്‍ ജോലി ചെയ്തിട്ടുള്ളത്; എന്ത് റിസ്കും എടുക്കാന്‍ തയ്യാറാകുന്നവര്‍. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ ചിന്തിച്ചു തുടങ്ങി എന്ന് തോന്നുന്നു. അത് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുമോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല. റിലീസ് ചെയ്യുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങള്‍ തുടങ്ങിയവയൊക്കെ ഇപ്പോള്‍ സിനിമയില്‍  വലിയ ഘടകങ്ങളാണ്.

ഞാന്‍ കേട്ടിട്ടുണ്ട്, ആളുകള്‍ പറയുന്നത്, ‘ഇന്നത്തെ ക്ലൈമറ്റ്’ എന്നും മറ്റും. അത് ഭയവുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമല്ലേ. മതവുമായി ബന്ധപ്പെട്ടതാണെന്നും.

കഥാപാത്രങ്ങള്‍ക്ക് മതപരമായ പേരുകള്‍ നല്‍കാന്‍ പോലും സാധ്യമല്ല ഇപ്പോള്‍. കാരണം ആ പേര് വഹിക്കുന്നയാള്‍ സിനിമയില്‍ ചെയ്യുന്നതോ പറയുന്നതോ ആയ എന്ത് കാര്യമാണ് ആ മതത്തില്‍പ്പെട്ടവരെ ഒഫെന്‍സിവ് ആക്കാന്‍ പോകുന്നത് എന്നെങ്ങനെ അറിയും?

സഞ്ജയ്‌ ലീലാ ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയുടെ ഷൂട്ടിംഗ് രാജ്പുത് സമുദായത്തില്‍പ്പെട്ടവര്‍ നിര്‍ത്തി വച്ചതിനെ സംബന്ധിച്ച്‌ അവര്‍ പറഞ്ഞതിങ്ങനെ.

‘നിയന്ത്രണങ്ങള്‍ കൊണ്ട് ശ്വാസം മുട്ടുന്നു. എന്ത് സിനിമയാണ് അദ്ദേഹം എടുക്കാന്‍ പോകുന്നത് നിങ്ങള്‍ക്കറിയില്ല. ആ സിനിമ ഉണ്ടാകുന്നതിന് മുന്‍പ് അതിനെ ചൊല്ലി ഒരു പ്രശ്നമുണ്ടാക്കാന്‍ സാധിക്കുന്നതില്‍ എന്ത് കാര്യം?

എന്താണ് നിങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്? മനസ്സുകളെ നിയന്ത്രിക്കാനോ? മനസ്സുകളെ നിയന്ത്രിക്കാന്‍ നിങ്ങള്‍ എത്രത്തോളം ശ്രമിക്കുന്നുവോ അത്രത്തോളം ആളുകള്‍ അതിനെ എതിര്‍ക്കും, കലഹിക്കും.’

ഇതിന്‍റെ പരിണിത ഫലങ്ങള്‍ ഇന്ത്യന്‍ സിനിമയെ എങ്ങനെ ബാധിക്കും എന്ന ചോദ്യത്തിനുത്തരം അവര്‍ പറഞ്ഞതിങ്ങനെ.

‘ആളുകള്‍ക്ക് ഒരു ജാഗ്രത പാലിക്കുന്നുണ്ട് എന്നത് സത്യമാണ്. എങ്കിലും പറയാനുള്ള കഥകളെല്ലാം തന്നെ പറയപ്പെടും; അത് പറയാനുള്ള വഴികളും അവര്‍ കണ്ടെത്തും.

ശബ്ദങ്ങളുയര്‍ന്നു തുടങ്ങിയല്ലോ. സിനിമയില്‍ മാത്രമല്ല, പുറത്തും. ഒരു വ്യക്തി എന്ത് ചെയ്യണം എന്ന് മറ്റൊരാള്‍ നിഷ്കര്‍ഷിക്കുന്നത് എവിടെയായാലും എതിര്‍ക്കപ്പെടില്ലേ?

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്. ഇവിടെ സംസാര സ്വാത്രന്ത്യവും ആവിഷ്കരണ സ്വാത്രന്ത്യവുമൊക്കെയുള്ള ഒരു നാട്. അത് വളരെ അമൂല്യമാണ്‌ താനും.’

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: The present climate is a bit scary stifling vidya balan