scorecardresearch

Latest News

കൂരിരുട്ടിലെ നേർത്ത പ്രകാശമായി ‘ജയ് ഭീം’

‘പൗരന്റെ അവകാശങ്ങളെ നിർണ്ണയിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ആഘോഷമായാണ് ‘ജയ് ഭീം’ വിലയിരുത്തപ്പെടേണ്ടത്. ഭരണഘടനാ തത്വങ്ങൾ അധികാരവ്യവസ്ഥിതി ദുർവ്യാഖ്യാനം ചെയ്യുന്ന കാലത്ത്, ‘ജയ് ഭീം’ ഉയർത്തുന്ന രാഷ്ട്രീയ കാഹളത്തിന് പ്രതിധ്വനികളേറേണ്ടതുണ്ട്,’ ബ്ലെയ്സ് ജോണി എഴുതുന്നു

Jai Bhim movie, Jai Bhim film review, Jai Bhim review, suriya, watch jai bhim online, amazon prime video, T. J. Gnanavel, Ambedkar, gandhi, jai bhim story, jaiu bhim rating

സമകാലിക തമിഴ് സിനിമയുടെ സഞ്ചാരത്തെ അടയാളപ്പെടുത്തുമ്പോൾ പ്രധാനമായും രണ്ടു ധാരകൾ പ്രസക്തമായി വരുന്നു. ചലച്ചിത്ര നിർമ്മാണത്തിനും അതിന്റെ സാങ്കേതികവശങ്ങൾക്കും പ്രാധാന്യം കൽപ്പിക്കുന്ന നളൻ കുമാരസാമി, കാർത്തിക് സുബ്ബരാജ് തുടങ്ങിയവരാണ് ഈ വിഭാഗമെങ്കിൽ, കൃത്യമായ രാഷ്ട്രീയ പക്ഷപാതങ്ങളോടെ സിനിമകയൊരുക്കുന്ന പാ. രഞ്ജിത്ത്, മാരി സെൽവരാജ് തുടങ്ങിയവർ മറ്റൊരു ഗണമാകുന്നു. വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ വെളിപ്പെടുത്തുന്നതിനും തങ്ങളുടെ സ്വത്വപ്രകാശനത്തിനുമായി ജനപ്രിയ ചലച്ചിത്രത്തിലെ സാധ്യതകൾ ഈ വിഭാഗത്തിലെ സംവിധായകർ ഉപയോഗപ്പെടുത്തുന്നു. പ്രസ്തുത ധാരയിൽ സജീവമായി സിനിമകൾ ഒരുക്കുന്നവരാണ് വിജയകുമാർ (ഉറിയടി), വെട്രിമാരൻ (അസുരൻ, വിസാരണെ), ലെനിൻ ഭാരതി (മേർക്ക് തൊടർച്ചി മലെ), ഗോപി നൈനാർ (അറം) തുടങ്ങിയവർ. ഇവരുടെ രാഷ്ട്രീയം സിനിമകളിൽ  പ്രകടമായ പ്രയോഗങ്ങളായും അന്തർലീനമായ ആശയങ്ങളായും കടന്നു വരുന്നു.

ജനപ്രിയ ചലച്ചിത്ര മേഖലയിൽ മുതലാളിത്ത വ്യവസ്ഥിതിയോട് സംവദിച്ചു കൊണ്ടുതന്നെ പുരോഗമന രാഷ്ട്രീയ നിലപാടുകൾ വെള്ളിത്തിരയിൽ ഒരുക്കുകയെന്നത് ശ്രമകരമാണ്. അത്തരം സിനിമകൾ ഒരുക്കുന്നതിൽ ഇന്ത്യൻ സിനിമാ വ്യവസായത്തിൽ മറ്റൊരു പ്രാദേശിക ഭാഷകൾക്കും അവകാശപ്പെടാൻ കഴിയാത്തത്ര വൈഭവം തമിഴ് സിനിമകൾ പ്രത്യക്ഷീകരിക്കുന്നു. അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്, തമിഴകത്ത് ആരംഭകാലം മുതൽ രാഷ്ട്രീയ പ്രചാരണത്തിനുള്ള മാധ്യമം എന്ന നിലയിൽ സിനിമ ഉപയോഗിക്കപ്പെട്ടിരുന്നുവെന്നത് ആയിരിക്കണം. തമിഴ് സിനിമകൾ ശബ്ദിച്ച് തുടങ്ങുന്ന കാലത്ത് തന്നെ ടി.പി. രാജലക്ഷ്മി അടക്കമുള്ള അഭിനേത്രികൾ വെള്ളിത്തിരയിൽ കോൺഗ്രസിന്റെ രാഷ്ട്രീയം വെളിപ്പെടുത്തുന്ന ദേശഭക്തിഗാനങ്ങളുമായി എത്തിയിരുന്നു. പിന്നീട്, ഡി.എം.കെ.യുടെ ആശയവാഹക ഉപകരണമായി ഏറെക്കാലം സിനിമകൾ തമിഴകത്ത് ഉപയോഗിക്കപ്പെട്ടു. അത്തരത്തിൽ പരിശോധിക്കുമ്പോൾ, ജനങ്ങളിലേക്ക് പുരോഗമനാശയം പകർത്തുക എന്ന പ്രഖ്യാപിത ലക്ഷ്യം തമിഴ് സിനിമയുടെ ആന്തരികഘടനയിൽ തന്നെ ഉൾച്ചേർന്നിരിക്കുന്നതായി കാണാവുന്നതാണ്.

ഇത്തരം ചില മുന്നറിവുകളുടെ പശ്ചാത്തലത്തിലാവണം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത ‘ജയ് ഭീം’ എന്ന ചിത്രം പരിശോധിക്കപ്പെടേണ്ടത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിമോചന ശബ്ദങ്ങൾക്കും ജാതി ഉന്മൂലന പ്രഖ്യാപനങ്ങൾക്കും വേരോട്ടമുണ്ടാകുന്ന തരത്തിൽ ഉഴുത് മറിക്കപ്പെട്ട തമിഴകത്തിലെ മണ്ണ്, കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങളോടും അംബേദ്കറുടെ രാഷ്ട്രീയത്തോടും കൂടുതൽ ആഭിമുഖ്യം പ്രകടിപ്പിച്ചില്ല. എങ്കിലും തമിഴ്‌നാട്ടിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് ലഭിച്ച പ്രചാരവും വിപ്ലവമൂല്യവുമായിരുന്നു കീഴ് വെണ്മണി കൂട്ടക്കൊലയിലേക്ക് നയിച്ചത്. കൂലിവർധന ആവശ്യപ്പെട്ട് സമരത്തിലേർപ്പെട്ട ദളിതരുടെ കുടിലുകൾ ജന്മികൾ അഗ്നിക്കിരയാക്കുകയും നിരവധി ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. ഇത്തരത്തിൽ തമിഴകത്തെ മുഖ്യധാരാ ചരിത്രത്തിലെഴുതപ്പെട്ടതും അല്ലാത്തതുമായ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളുടെ വിസ്തൃതമായ സംഭാവനകൾ അടയാളപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ കമ്മാപുരം ഗ്രാമത്തിൽ സംഭവിച്ച രാജാകണ്ണ് (മണികണ്ഠൻ) എന്ന ആദിവാസി യുവാവിന്റെ ലോക്കപ്പ് മർദ്ദനവും കൊലപാതകവും അനന്തരസംഭവങ്ങളുമാണ് ‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. പ്രസ്തുത കേസ് മദ്രാസ് ഹൈക്കോടതിയിൽ വാദിച്ച അഡ്വ. ചന്ദ്രു, രാജാകണ്ണിന്റെ മരണത്തിന് പിന്നിലെ യാഥാർഥ്യം തിരഞ്ഞിറങ്ങിയ ഭാര്യ സെങ്കനി (ലിജോമോൾ ജോസ്) എന്നിവരിലൂടെ ചിത്രത്തിന്റെ ആഖ്യാനം പുരോഗമിക്കുന്നു.1993 ൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ഒരേസമയം അഡ്വ. ചന്ദ്രു, രാജാകണ്ണ് എന്നിവരുടെ ബയോപിക് എന്ന നിലയിലും (അവരുടെ ജീവിതത്തിലെ ഒരു നിർണായക സന്ദർഭത്തെ അവതരിപ്പിക്കുവെന്ന തരത്തിൽ) കമ്മാപുരം ലോക്കപ്പ് കൊലപാതകം എന്ന വിഷയത്തിന്റെ സംഭവാനുകല്പിത ചിത്രം (Event Adaptation) എന്ന നിലയിലും പരിഗണിക്കപ്പെടാവുന്നതാണ്.

അധികാരം, ജാതി, വംശീയത എന്നിവയ്ക്കെതിരെ ഒരു ആദിവാസി സ്ത്രീ നടത്തുന്ന പോരാട്ടം എന്ന നിലയിലാണ് ‘ജയ് ഭീം’ ശ്രദ്ധ നേടുന്നത്. സ്വന്തമായി ഭൂമിയോ വീടോ തിരിച്ചറിയൽ രേഖകളോ ഇല്ലാത്ത, ആദിവാസി വിഭാഗങ്ങളിലെ അധസ്ഥിതർക്ക് പോലും ഇന്ത്യൻ ഭരണഘടന നീതിയുറപ്പാക്കുമെന്ന വിശാലാർത്ഥമാണ് ‘ജയ് ഭീം’ പങ്കു വയ്ക്കുന്നത്. ചിത്രത്തിലെ കമ്മ്യൂണിസ്റ്റ് അനുഭാവികളായ ചന്ദ്രു (സൂര്യ), മൈത്രേയ (രജീഷ വിജയൻ) തുടങ്ങിയവരുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നിയമ/ സമരപോരാട്ടങ്ങൾ അവകാശം നിഷേധിക്കപ്പെട്ട ജനതയ്ക്ക് അത് ബോധ്യപ്പെടുത്തുന്നു. തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ ഇന്നും മുറതെറ്റാതെ പാലിച്ചു പോരുന്ന ജാതി സമവാക്യങ്ങളുടെയും ഘടനയുടെയും മേൽ കാതലായ മാറ്റം ഉണ്ടാക്കുവാൻ ഒറ്റപ്പെട്ട ഇത്തരം ചിത്രങ്ങൾക്കായില്ലെങ്കിലും, കൂരിരുട്ടിലെ നേർത്ത പ്രകാശമായി ‘ജയ് ഭീം’ തെളിയുന്നു.

മോഷണക്കുറ്റം ആരോപിച്ച് ജയിലിലാകുന്ന രാജാകണ്ണ് പൊലീസിന്റെ ക്രൂര മർദ്ദനങ്ങൾക്ക് വിധേയമായി കൊല്ലപ്പെടുന്നു. തുടർന്ന്, പൊലീസുകാർ അധികാരവ്യവസ്ഥിതിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രസ്തുത കൊലപാതകം അപകടമരണമായി ചിത്രീകരിക്കുന്നു. അധികാരം, ജാതി വിഭാഗങ്ങളോടുള്ള മുൻവിധി തുടങ്ങിയവയാൽ നിർണയിക്കപ്പെടുന്ന മാനദണ്ഡങ്ങളിലാണ് സമകാലിക ഇന്ത്യൻ അവസ്ഥകളിലും കീഴാള ജീവിതങ്ങൾ അടയാളപ്പെടുന്നത്. ശക്തീകരിക്കപ്പെട്ട് ഉയർന്ന് വരുവാൻ ശ്രമിക്കുന്ന പതിതജനതയെ ‘പൊതുസമൂഹം’ അപകടമായി പരിഗണിക്കുന്നു.

ചിത്രത്തിന്റെ ആരംഭത്തിൽ ജയിൽ മോചിതരായി പുറത്ത് വരുന്നവരെ ജാതി തിരിച്ച് മാറ്റിനിർത്തുന്ന രംഗം ആവിഷ്കരിച്ചിട്ടുണ്ട്. ഗൗണ്ടർ, തേവർ, വണ്ണിയർ, നായിഡു, മുതലിയാർ തുടങ്ങിയ ശക്തരായ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ജയിൽമോചിതരെ പറഞ്ഞയക്കുകയും കുറവർ, ഇരുളർ, ഒട്ടർ തുടങ്ങിയ കീഴാള വിഭാഗത്തിൽപ്പെട്ടവരെ മറ്റു കേസുകളിൽ പ്രതികളാക്കുവാനായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ജാതീയമായി സംഘടിക്കപ്പെട്ടവരോ, വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ ഇടപെടുവാനാകാത്തവരോ ആയതിനാൽ പ്രസ്തുത വിഭാഗങ്ങൾ പൊലീസ് ഭാഷ്യത്തിൽ ‘ഉരുപ്പടികൾ’ മാത്രമാകുന്നു.

കമ്മാപുരത്തിലെ വയലുകളിൽ കൃഷി നശിപ്പിക്കുന്ന എലികളെയും പാമ്പുകളെയും പിടിക്കുക എന്ന കുലത്തൊഴിൽ ചെയ്യുമ്പോൾ മാത്രം പരിഗണിക്കപ്പെടുന്ന ഇരുള വിഭാഗത്തിന്മേൽ അധികാരവ്യവസ്ഥിതി നടത്തുന്ന ചൂഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അധികാരത്തിന്റെ വിവിധ ഉൾപ്പിരിവുകൾ ചിത്രത്തിൽ വ്യക്തമാണ്. എം.പി  സീറ്റിന് വേണ്ടി മുഖ്യമന്ത്രിയുടെ പ്രീതി സമ്പാദിക്കുവാൻ ശ്രമിക്കുന്ന അഡ്വക്കേറ്റ് ജനറൽ, പൊലീസ് സേനയുടെ സൽപ്പേര് നഷ്ടപ്പെടുന്നതിൽ ആശങ്കപ്പെടുന്ന ഡി ജി പി, ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സമ്മർദം മൂലം കേസ് അട്ടിമറിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന അധികാരത്തിന്റെ ദൂഷിതവലയം ഒരു വശത്തുള്ളപ്പോൾ, മറു വശത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത സെങ്കനിയെപ്പോലുള്ളവർ പണത്തിന്റെയും അധികാരത്തിന്റെയും മുന്നിൽ നെഞ്ചുറപ്പോടെ നിന്ന് പോരാടുന്നു.

Jai Bhim movie, Jai Bhim film review, Jai Bhim review, suriya, watch jai bhim online, amazon prime video, T. J. Gnanavel, Ambedkar, gandhi, jai bhim story, jaiu bhim rating
സെങ്കനി യായി ലിജോ മോള്‍ ജോസ്

ചിത്രത്തിലെ ഒരു രംഗത്തിൽ കുട്ടികളുടെ വേഷപ്രച്ഛന്ന വേദിയിൽ ഗാന്ധി, നെഹ്രു തുടങ്ങിയ നേതാക്കളുടെ വേഷമിട്ട കുട്ടികളെ കാണുമ്പോൾ അംബേദ്കർ എവിടെ എന്ന് ചന്ദ്രു ചോദിക്കുന്നു. ഇതിലൂടെ ഏറെക്കാലം തമിഴ്നാട്ടിൽ വിസ്മരിക്കപ്പെട്ട അംബേദ്കറിന്റെ രാഷ്ട്രീയം പക്ഷപാതിത്വത്തോടെ ഓർമപ്പെടുത്തുവാൻ സംവിധായകൻ മുതിരുകയാണ്. ജാതി സമവാക്യങ്ങളിൽ നിന്ന് മോചിതമാകാത്ത തമിഴ് സിനിമാ വ്യവസായത്തിൽ പെരിയാർ, അംബേദ്കർ തുടങ്ങിയവരുടെ പേരുകൾ, ചിത്രങ്ങൾ എന്നിവ രാഷ്ട്രീയ സൂചകങ്ങളെന്ന തലത്തിൽ ഉപയോഗിക്കപ്പെടുന്നത് സമീപകാലങ്ങളിൽ മാത്രമാണ്. എന്നാൽ ഉയർന്നു പറക്കുന്ന ചെങ്കൊടി, മാർക്സ്, ലെനിൻ എന്നിവരുടെ ചിത്രങ്ങൾ, അഡ്വ. ചന്ദ്രുവിന്റെ രാഷ്ട്രീയം എന്നിവ കൊണ്ട് മാത്രം പ്രസ്തുത ചിത്രത്തെ ഒരു കമ്മ്യൂണിസ്റ്റ് സിനിമ എന്ന് വിശേഷിപ്പിക്കുവാനാകുമോ? പെരിയാറിന്റെയും അംബേദ്‌കറിന്റെയും മാർക്സിന്റെയും ആശയസംഹിതകളിലെ വൈരുദ്ധ്യങ്ങളെ അതിജീവിച്ചു കൊണ്ടും സാമൂഹിക പുരോഗതി ലക്ഷ്യം വച്ചു കൊണ്ടും സാധ്യമാക്കാവുന്ന പ്രത്യയശാസ്ത്ര സംലയനമാണ് ചിത്രത്തിന്റെ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നത്. അത്തരം രാഷ്ട്രീയത്തിന്റെ സാധ്യതകളാണ് ‘ജയ് ഭീം’ എന്ന ചിത്രത്തെ സജീവ ചർച്ചാവിഷയമാക്കി നിലനിർത്തുന്നത്.

സൂര്യ എന്ന താരശരീരത്തെ മുൻനിർത്തി വിപണിവത്കരിച്ച ജനപ്രിയ ചിത്രമെങ്കിൽ കൂടിയും പൊലീസുകാരിൽ നിന്ന് നേരിട്ട നരനായാട്ടുകളുടെ ക്രൂരതകൾ മനുഷ്യർ നേരിട്ട് വെളിപ്പെടുത്തുന്ന അനുഭവങ്ങൾക്കായി സിനിമയുടെ ആഖ്യാനം ഇടം നൽകിയിരിക്കുന്നു. അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെട്ടതിനു ശേഷം സെങ്കനിയും മറ്റു സമുദായാംഗങ്ങളും അധികാര വ്യവസ്ഥയ്ക്ക് മുന്നിൽ തങ്ങൾ നേരിട്ട ചൂഷണവും അനീതിയും ശക്തമായി വെളിപ്പെടുത്തുന്ന രംഗം അവരുടെ അനുഭവങ്ങൾക്ക് കാതു കൊടുക്കുന്ന താരത്തിലാണ് ആവിഷ്കരിച്ചിട്ടുള്ളത്. അവകാശങ്ങൾ ഔദാര്യമല്ലെന്നും അത് ഭരണകൂടങ്ങളുടെ ചുമതലയാണെന്നും ചിത്രം ധ്വനിപ്പിക്കുന്നു.  തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സൗജന്യ പദ്ധതികളും കോവിഡ് കാലത്ത് കേരള സർക്കാർ നൽകിയ ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളും ഒരുപോലെയാണെന്ന് പ്രചരിപ്പിക്കുന്നവരുടെ കാലത്ത്, അവകാശങ്ങളെയും ചുമതലകളെയും വിമർശനാത്മകമായി വിലയിരുത്തുന്ന ഈ ദൃശ്യസാക്ഷാത്കാരത്തിന് പ്രസക്തിയേറുന്നു.

മലയാളത്തിലെ ജനപ്രിയ സിനിമകൾ കമ്മ്യൂണിസ്റ്റ് ആശയങ്ങളെന്ന പേരിൽ പ്രചരിപ്പിക്കുന്ന വികല ചിന്തകൾക്ക് പലപ്പോഴും തമിഴകത്ത് നിന്ന് ബദലാഖ്യാനങ്ങൾ ഒരുങ്ങുന്നുണ്ട്. ഉദാഹരണമായി,  ശിവകാർത്തികേയൻ ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച ‘വേലൈക്കാരൻ,’ നയൻതാര കേന്ദ്രകഥാപാത്രമായ ‘അറം’ തുടങ്ങിയവ പ്രകടനത്തിനപ്പുറം ആശയതലത്തിലേക്ക് പുരോഗമന രാഷ്ട്രീയം സ്വീകരിച്ചവയാണ്.

കേരളത്തിന്റെ പശ്ചാത്തലത്തിൽ, പുരോഗമന രാഷ്ട്രീയം പറയുന്ന സിനിമകൾ കലാസിനിമകളായി വിലയിരുത്തപ്പെടുകയും അവ ബഹുജനമധ്യത്തിലേക്ക് ഇറങ്ങി ചെല്ലുവാനാകാതെ വരേണ്യ ന്യൂനപക്ഷ സിനിമകളായി ഫെസ്റ്റിവലുകളിലും ഫിലിം സൊസൈറ്റികളിലും മാത്രമായി അവസാനിക്കുന്നു. എന്നാൽ, ജനപ്രിയ/സമാന്തര സിനിമകൾ എന്ന വേർതിരിവില്ലാത്ത തമിഴകത്ത്, സിനിമകൾ പറയുന്ന പുരോഗമന/വിധ്വംസക രാഷ്ട്രീയം ജനസാമാന്യത്തെ തേടിയെത്തുകയും ചെയ്യുന്നു. വിപണിയുടെയും രാഷ്ട്രീയത്തിന്റെയും കലയുടെയും സമവാക്യങ്ങളെ കുറിച്ച് മലയാള സിനിമകൾ അനിവാര്യമായ വിചിന്തനത്തിന് തയ്യാറാകേണ്ടതുണ്ട്.

Jai Bhim movie, Jai Bhim film review, Jai Bhim review, suriya, watch jai bhim online, amazon prime video, T. J. Gnanavel, Ambedkar, gandhi, jai bhim story, jaiu bhim rating

‘ജയ് ഭീം’ പ്രത്യക്ഷത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെയും അതിന്റെ സജീവ പ്രവർത്തകനായ നായകനെയും അവതരിപ്പിക്കുന്ന ചിത്രമാണ്. ഇത്തരമൊരു ചിത്രത്തിന് എന്തു കൊണ്ട് ഇങ്ങനെ ഒരു ശീർഷകം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ചിത്രത്തിന്റെ പ്രകടമായ രാഷ്ട്രീയ ചായ്‌വ് കമ്മ്യൂണിസത്തോടാണെങ്കിലും, അതിന്റെ അടിസ്ഥാന ആശയസംഹിതയുടെ ഊടും പാവും നെയ്തിരിക്കുന്നതിൽ പെരിയാറിന്റെ ചിന്തകൾക്കും അംബേദ്‌കറിന്റെ ആശയങ്ങൾക്കും പങ്കുണ്ട്. ഇത്തരം പ്രത്യയശാസ്ത്ര നിർമ്മിതികൾ നിലനിൽക്കുമ്പോൾ തന്നെ, ഓരോ ഇന്ത്യൻ പൗരന്റെയും അവകാശങ്ങളെ നിർണ്ണയിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ആഘോഷമായാണ് ‘ജയ് ഭീം’ വിലയിരുത്തപ്പെടേണ്ടത്. അധികാരവ്യവസ്ഥിതി ഭരണഘടനാ തത്ത്വങ്ങൾ ദുർവ്യാഖ്യാനം ചെയ്യുന്ന കാലത്ത്, ‘ജയ് ഭീം’ ഉയർത്തുന്ന രാഷ്ട്രീയ കാഹളത്തിന് പ്രതിധ്വനികളേറേണ്ടതുണ്ട്.

Read Here: Jai Bhim: Suriya’s most powerful drama yet

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: The politics of movies suriya jai bhim

Best of Express