ബോളിവുഡിലെത്തിയിട്ട് നടി കജോൾ കഴിഞ്ഞ് ജൂലെ 31 ന് 25 വർഷം പൂർത്തിയാക്കിയിരുന്നു. 1992 ജൂലൈ 31 നാണ് കജോളിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ‘ബേഹുതി’ പുറത്തിറങ്ങുന്നത്. ചിത്രം വിജയം നേടിയില്ലെങ്കിലും കജോളിന്റെ രാധിക എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനുപിന്നാലെ ‘ബാസിഗർ’ എന്ന ചിത്രത്തിൽ കജോൾ അഭിനയിച്ചു. ചിത്രം വൻ ഹിറ്റായിരുന്നു. പിന്നീടങ്ങോട്ട് ദിൽവാലേ ദുൽഹനിയ ലേ ജായേങ്ക, കുച്ച് കുച്ച് ഹോത്താ ഹെ, ഗുപ്ത് തുടങ്ങി കജോളിന്റ പേരിൽ എഴുതിച്ചേർക്കപ്പെട്ട എത്രയെത്ര ഹിറ്റ് ചിത്രങ്ങൾ.

25 വർഷത്തെ തന്റെ അഭിനയത്തിനിടയിൽ കജോൾ ഷൂട്ടിങ് മുടക്കിയത് ഒരേയൊരു തവണ മാത്രം. മകൾ നൈസയ്ക്ക് സുഖമില്ലാതിരുന്ന ഒരു ദിവസം. 14 കാരിയായ നൈസയെക്കൂടാതെ 7 വയസ്സുളള യുഗ് എന്ന മകൻ കൂടി കജോൾ-അജയ് ദേവ്ഗൺ ദമ്പതിമാർക്കുണ്ട്.

”ഒരു ദിവസം എന്റെ മകൾക്ക് തീരെ സുഖമില്ലാതായി. അവൾക്ക് 104 ഡിഗ്രി പനിയുണ്ടായിരുന്നു. ആ ഒരു ദിവസം മാത്രമാണ് നിർമ്മാതാവിനോട് എനിക്ക് ഷൂട്ടിങ്ങിന് വരാൻ പറ്റില്ല എന്നു പറഞ്ഞിട്ടുളളത്. മറിച്ച് എനിക്ക് പനിയായ ദിവസം കൂടി ഞാൻ ഷൂട്ടിങ്ങിന് പോവുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 25 വർഷത്തിനിടയിൽ ഈ ഒരു ദിവസം അല്ലാതെ മറ്റൊരു ദിവസവും ഞാൻ ഷൂട്ടിങ് മുടക്കിയിട്ടില്ല. ഈ ദിവസം വരെ ഒരു വിമാനം മിസ് ചെയ്യുകയോ ഷൂട്ടിങ് മുടക്കുകയോ ചെയ്തിട്ടില്ലെന്ന് സത്യസന്ധമായി ഞാൻ പറയുന്നു”- പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ കജോൾ പറഞ്ഞു.

”അസുഖം മൂലമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ നിങ്ങൾ ഒരു ദിവസം ഷൂട്ടിങ് മുടക്കുകയാണെങ്കിൽ മറ്റൊരാളുടെ പോക്കറ്റിൽനിന്നും പോകുന്നത് ലക്ഷങ്ങളായിരിക്കും. അത്തരമൊരു മേഖലയിലാണ് നിങ്ങൾ ജോലി ചെയ്യുന്നത്. അത്രയും വലിയൊരു ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്” കജോൾ പറഞ്ഞു.

2015 ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രമായ ദിൽവാലേയിലൂടെയാണ് കജോൾ വീണ്ടും ബോളിവുഡിലേക്ക് മടങ്ങിയെത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ ധനുഷ് നായകനായ തമിഴ് ചിത്രം വേലയില്ലാ പട്ടധാരിയിലും മുഖ്യവേഷത്തിൽ കജോൾ എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ