മറ്റൊരാൾക്കും സാധിക്കാത്ത രീതിയിൽ തന്റേതായൊരു കയ്യൊപ്പു പതിപ്പിച്ച് കടന്നുപോയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. മലയാളികളുടെ സ്വന്തം കഥകളുടെ സുൽത്താൻ. ഇന്നലെയായിരുന്നു ബഷീർ എന്ന ബേപ്പൂർ സുൽത്താന്റെ ചരമദിനം.
സാഹിത്യത്തിന് മാത്രമല്ല, സിനിമാലോകത്തിനും ബഷീർ പ്രിയപ്പെട്ടവനായിരുന്നു. ബഷീറിന്റെ കഥകളെയും നോവലുകളെയും അടിസ്ഥാനമാക്കി ഒമ്പതോളം ചിത്രങ്ങളാണ് മലയാളത്തിൽ ഉണ്ടായിട്ടുള്ളത്. ഭാർഗവി നിലയവും മുച്ചീട്ടുകളിക്കാരന്റെ മകളും തുടങ്ങി ബഷീറിന്റെ പ്രേമലേഖനം വരെ നീളും ഈ സിനിമകൾ. ആത്മകഥാസ്വഭാവമുള്ള മതിലുകൾ എന്ന സിനിമയിൽ മമ്മൂട്ടിയിലൂടെ നമ്മൾ കണ്ടത് വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തിലെ ഒരേട് തന്നെയാണ്.
എന്നാൽ ബഷീർ അഭിനയിച്ച ഒരു സിനിമ കൂടിയുണ്ട് മലയാളത്തിൽ, ബേപ്പൂർ സുൽത്താൻ ആ വെള്ള ജുബ്ബയിലും മുണ്ടിലും തന്നെ പ്രത്യക്ഷപ്പെട്ട ഒരു സിനിമ. അത് എ ടി അബു സംവിധാനം ചെയ്ത ധ്വനി എന്ന ചിത്രമാണ്. നെടുമുടി വേണു അവതരിപ്പിച്ച ശേഖരൻ എന്ന കഥാപാത്രത്തെ ആശുപത്രിയിൽ കാണാൻ എത്തുന്ന ഒരു സന്ദർശകന്റെ വേഷമാണ് ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ അവതരിപ്പിച്ചത്, ഒരർത്ഥത്തിൽ അതിഥിവേഷം.
പ്രേം നസീർ, ജയറാം, നെടുമുടി വേണു, ശോഭന, ജയഭാരതി, കെ പി ഉമ്മർ, സുരേഷ് ഗോപി, തിലകൻ, ബാലൻ കെ നായർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, സുകുമാരി, മാമുക്കോയ എന്നിങ്ങവെ വലിയൊരു താരനിര തന്നെ അണിനിരന്ന ചിത്രമായിരുന്നു ധ്വനി. മുക്തി, ധ്വനി എന്നീ ചിത്രങ്ങളിലെ അഭിനയം കണക്കിലെടുത്ത് ആ വർഷം മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന പുരസ്കാരം തിലകന് ലഭിച്ചു.
യൂസഫലിയുടെ വരികൾക്ക് നൗഷാദ് ഈണം നൽകി യേശുദാസും പി സുശീലയും ആലപിച്ച ചിത്രത്തിലെ പാട്ടുകൾ ഇന്നും മലയാളികൾക്ക് നൊസ്റ്റാൾജിയ സമ്മാനിക്കുന്നവയാണ്. അനുരാഗലോലഗാത്രി, മാനസനിളയിൽ, ജാനകീ ജാനേ രാമാ, രതിസുഖസാരമായി എന്നിങ്ങനെ തുടങ്ങുന്ന ഗാനങ്ങളെല്ലാം അതിനുദാഹരണം.
ഇന്നലെയായിരുന്നു ബഷീറിന്റെ 27ാം ചരമവാര്‍ഷികം. വിപുലമായ പരിപാടികളോടെയാണ് സാഹിത്യലോകം ബഷീറിന് സ്മരണാഞ്ജലികൾ അർപ്പിച്ചത്.
Read more: ഒരു പല്ലു പോയ ഞാൻ; ബാലതാരമായി തുടങ്ങി തെന്നിത്യൻ നായികയായി മിടുക്കി