scorecardresearch

ആ ഹിറ്റ് ചിത്രത്തിൽ ഐശ്വര്യയ്ക്ക് പകരം നായിക ആകേണ്ടിയിരുന്നത് മഞ്ജു വാര്യർ

താൻ കൈവിട്ടു കളഞ്ഞ സിനിമയെ കുറിച്ച് മഞ്ജുവാര്യർ

താൻ കൈവിട്ടു കളഞ്ഞ സിനിമയെ കുറിച്ച് മഞ്ജുവാര്യർ

author-image
Entertainment Desk
New Update
Manju Warrier | Aishwarya Rai

ക്യാപ്റ്റൻ ബാലയുടെ മീനാക്ഷിയാവാൻ സംവിധായകൻ ആദ്യം കണ്ടത് മഞ്ജു വാര്യരെ

ഓരോ സിനിമയ്ക്കും ഓരോ നിയോഗമുണ്ട്. അതിനാൽ തന്നെ സംവിധായകനോ എഴുത്തുകാരനോ നിർമ്മാതാവോ പ്ലാൻ ചെയ്തതു പോലെ തന്നെ എപ്പോഴും സിനിമ സംഭവിക്കണമെന്നില്ല. നായകനും നായികയുമായി സിനിമയുടെ അണിയറപ്രവർത്തകർ തുടക്കത്തിൽ കണ്ടവരൊന്നുമാവില്ല ചിലപ്പോൾ അവസാനം ആ സിനിമയുടെ ഭാഗമാവുക. ഓരോ അരിമണിയിലും അതു കഴിക്കേണ്ടവരുടെ പേരു എഴുതി വച്ചിട്ടുണ്ടെന്നു പറയുന്നതു പോലെ, എങ്ങനെയൊക്കെ പ്ലാൻ ചെയ്താലും ഓരോ സിനിമയും അതിൽ അഭിനയിക്കേണ്ട അഭിനേതാക്കളിലേക്ക് തന്നെ ഒടുവിൽ ചെന്നെത്തും. പിൽക്കാലത്ത് പല അഭിനേതാക്കളും തങ്ങൾ നോ പറഞ്ഞ, പിന്നീട് ഹിറ്റായി മാറിയ ചിത്രങ്ങളെ കുറിച്ച് മനസ്സു തുറന്നിട്ടുമുണ്ട്. അത്തരത്തിൽ താൻ കൈവിട്ടു കളഞ്ഞൊരു സിനിമയെ കുറിച്ച് മഞ്ജുവാര്യർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

സിനിമാപ്രേമികൾ എന്നെന്നും ഇഷ്ടത്തോടെ ചേർത്തുപിടിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോൻ സംവിധാനം ചെയ്ത ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’. മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായി സിനിമാസ്വാദകർ എന്നും എടുത്തു പറയുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി ക്യാപ്റ്റൻ ബാലയായി എത്തിയപ്പോൾ ഐശ്വര്യറായി ആയിരുന്നു മീനാക്ഷിയായി എത്തിയത്.

എന്നാൽ മീനാക്ഷിയാവാനായി സംവിധായകൻ രാജീവ് മേനോൻ ആദ്യം സമീപിച്ചത് തന്നെയായിരുന്നുവെന്ന് തുറന്നു പറയുകയാണ് മഞ്ജു വാര്യർ.

Advertisment

"‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’എന്ന സിനിമ. രാജീവ് മേനോൻ എന്നോട് ചോദിച്ചതായിരുന്നു. പിന്നീട് എനിക്കു പകരം ഐശ്വര്യറായി അഭിനയിച്ചു," മഞ്ജു വാര്യർ പറയുന്നു. 'ഉസ്താദ്' എന്ന ചിത്രത്തിൽ ദിവ്യ ഉണ്ണി അവതരിപ്പിച്ച കഥാപാത്രം ആദ്യം തേടിയെത്തിയത് തന്നെയായിരുന്നുവെന്നും മഞ്ജുവാര്യർ വെളിപ്പെടുത്തിയിരുന്നു.

രാജീവ് മേനോൻ കണ്ടുകൊണ്ടേനിലേക്ക് വിളിക്കുമ്പോൾ നടൻ ദിലീപുമായുള്ള വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു മഞ്ജു വാര്യർ. അതിനാൽ ആ ചിത്രവുമായി സഹകരിക്കാൻ മഞ്ജുവിന് സാധിച്ചില്ല. മഞ്ജുവിന്റെ മറുപടി പോസിറ്റീവ് അല്ലാത്തതിനാൽ നിർമാതാക്കൾ പിന്നീട് നടി സൗന്ദര്യയെ സമീപിച്ചു. എന്നാൽ ചിത്രത്തിലെ രണ്ടുനായികമാരിൽ ഒരാളായി സൗന്ദര്യ അഭിനയിക്കുന്നതിൽ താരത്തിന്റെ സഹോദരന് താൽപ്പര്യമുണ്ടായിരുന്നില്ല. പിന്നീട് രാജീവ് മേനോൻ്റെ ഭാര്യയാണ് ഐശ്വര്യറായിയുടെ പേരു നിർദ്ദേശിച്ചത്. അതോടെ ഐശ്വര്യ ആ ചിത്രത്തിന്റെ ഭാഗമായി.

മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കാനുള്ള അവസരം ആ സമയത്ത് മഞ്ജുവിന് നഷ്ടമായെങ്കിലും, വർഷങ്ങൾക്കിപ്പുറം രണ്ടാം വരവിൽ 'ദി പ്രീസ്റ്റ്' എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. 2019ൽ 'അസുരൻ' എന്ന ചിത്രത്തിലൂടെ ധനുഷിന്റെ നായികയായി മഞ്ജു തമിഴിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

ചിത്രത്തിൽ മമ്മൂട്ടിയും ഐശ്വര്യയും തമ്മിലുള്ള പ്രണയസീൻ ഇപ്പോഴും സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്ന ഒന്നാണ്. ഇരുവരും തകർത്തഭിനയിച്ച സീൻ. വിഷമവും ത്യാഗവും സ്നേഹവും ആശയക്കുഴപ്പവും സന്തോഷവുമെല്ലാം ഞൊടിയിടയിൽ മിന്നിമറയുന്ന ഭാവമാറ്റങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ അസാധ്യമായ സൗണ്ട് മോഡുലേഷനും കൂടി ചേർന്നതോടെ ആ രംഗം ഓരോ പ്രേക്ഷകരുടെയും ഹൃദയം സ്പർശിക്കുന്നതായി മാറുകയായിരുന്നു. ഒരു സംവിധായകൻ എന്ന രീതിയിൽ തനിക്കേറെ തൃപ്തി തന്ന രംഗം അതാണെന്നും പിൽക്കാലത്ത് രാജീവ് മേനോൻ പറഞ്ഞിട്ടുണ്ട്

മമ്മൂട്ടി, ഐശ്വര്യ റായ്, അജിത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ എന്നിങ്ങനെ ഒരു വലിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് രാജീവ് മേനോൻ നേടി. ക്യാമറ, അഭിനയം, എ ആർ റഹ്മാന്റെ മ്യൂസിക് എന്നിങ്ങനെ എല്ലാ രംഗങ്ങളിലും മികവു പുലർത്താൻ ഈ ഫീൽ ഗുഡ് റൊമാന്റിക് ചിത്രത്തിന് സാധിച്ചിരുന്നു.

Aishwarya Rai Bachchan Manju Warrier Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: