The Soundscape of Lijo Jose Pellissery ‘Jallikattu’: കാഴ്ചയുടെ, ശബ്ദത്തിന്റെ വിസ്മയ പ്രപഞ്ചം തീര്‍ത്ത് വേറിട്ടൊരു കാഴ്ചാനുഭവം സമ്മാനിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’. ദൃശ്യങ്ങള്‍ കൊണ്ട് ഗിരീഷ് ഗംഗാധരന് അത്ഭുതപ്പെടുത്തുമ്പോള്‍, ‘ജല്ലിക്കട്ടി’ന്റെ ശബ്ദ പ്രപഞ്ചം തീര്‍ത്തിരിക്കുന്നത് മൂന്നു പേര് ചേര്‍ന്നാണ്. പശ്ചാത്തല സംഗീതമൊരുക്കിയ പ്രശാന്ത് പിള്ള, ശബ്ദസംവിധാനം നിര്‍വ്വഹിച്ച രംഗനാഥ് രവി, ശബ്ദമിശ്രണം നിര്‍വ്വഹിച്ച കണ്ണന് ഗണ്‍പത്. ‘ജല്ലിക്കെട്ടി’ന്റെ ‘സൗണ്ട്സ്കേപ്പിനെ’ കുറിച്ച് മൂവരും ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമാ രീതികളുമായി മുന്‍പരിചയമുള്ളവരാണ് മൂന്നു പേരും. ‘നായകന്’ മുതല്‍ ‘ജല്ലിക്കട്ട്’ വരെ നീളുന്ന ലിജോ ചിത്രങ്ങളുടെയെല്ലാം അണിയറയില്‍ പ്രശാന്ത് പിള്ളയും രംഗനാഥ് രവിയുമുണ്ട്. ‘നായകന്’, ‘ഡബ്ബിള്‍ ബാരല്‍’ എന്നീ ചിത്രങ്ങള്‍ ഒഴികെയുള്ള എല്ലാ ലിജോ ചിത്രങ്ങളിലും കണ്ണന് ഗണ്‍പതും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലിജോയെന്ന സംവിധായകന് ചിരപരിചിതനാണെങ്കിലും ഓരോ ലിജോ ചിത്രവും പുതിയ വെല്ലുവിളികളാണ് തങ്ങള്‍ക്കു സമ്മാനിക്കുന്നതെന്ന് മൂവരും ഒരേസ്വരത്തില്‍ പറയുന്നു.
‘ജല്ലിക്കട്ടി’ലെ സംഗീതം: പ്രശാന്ത് പിള്ള
‘Jallikattu’ Music Director Prashanth Pillai: അല്‍പ്പം പരുക്കന്‍ സ്വഭാവമുള്ള, പോത്തിനെ ‘ഗ്ലോറിഫൈ’ ചെയ്യുന്ന ശബ്ദം വേണം എന്നായിരുന്നു ലിജോയുടെ ആവശ്യം. പോത്ത് മണ്ണിലൂടെയും പുല്ലിലൂടെയുമൊക്കെ ഓടുന്ന ശബ്ദവുമായി യോജിക്കുന്നതാവണം പശ്ചാത്തലസംഗീതം. സംഗീതോപകരണങ്ങള്‍ ഇല്ലാതെ എങ്ങനെ ഇത് ചെയ്യാം എന്നായിരുന്നു വെല്ലുവിളി. ചിത്രീകരണത്തിനു മുന്‍പ് കട്ടപ്പനയില്‍ പോയപ്പോഴാണ് ഒരു അടിസ്ഥാന ആശയം കിട്ടിയത്.
ഷൂട്ടിനു ശേഷമാണ് ചിത്രത്തിലെ നിര്‍ണായകമായ ചില സീനുകള്‍ കാണുന്നത്. സിനിമയിലൊരു പൂമാല ഗാങ്ങിനെ കാണിക്കുന്നുണ്ട്. ആ ഭാഗങ്ങളില്‍ ചില ‘മ്യൂസിക്കല്‍ എലമെന്റു’കളുണ്ട്. പിന്നെ കുട്ടച്ചന് എന്ന വേട്ടക്കാരന് വന്നിറങ്ങുമ്പോള്‍ നാട്ടുകാരുടെ ‘ടക്ക ടക്ക ടക്കട്ടാ’ വിളികള്‍. വളരെ സ്വാഭാവികമായി തന്നെ അവരത് ചെയ്യുന്നുണ്ട്. ആദ്യം ശബ്ദം പുറത്തു റെക്കോര്‍ഡ് ചെയ്യാം എന്നായിരുന്നു പ്ലാന്‍. എന്നാല്‍ ഈ പറഞ്ഞ സീനുകള്‍ കണ്ടതോടെ അവരെ സ്റ്റുഡിയോയിലേക്ക് വിളിച്ചു വരുത്തി റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. അതു വെച്ചാണ് ബാക്കി സ്കോര്‍ ചെയ്യുന്നത്.
‘ജല്ലിക്കട്ടി’ല്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്, ‘ജീ ജീ ജീ ജീ ജീ…’ എന്നു തുടങ്ങുന്ന സ്കോര്‍. ആഫ്രിക്കന്‍ ഗ്രോത്രവര്ഗ്ഗക്കാരുടെ ശബ്ദത്തിന്റെ പാറ്റേണിലാണ് ഇതൊരുക്കിയത്. എങ്ങനെയാവും ഈ കഥാപാത്രങ്ങള്‍ സന്തോഷം, സങ്കടം എന്നിവ പ്രകടിപ്പിക്കുക എന്നതായിരുന്നു മറ്റൊരു ചിന്ത. അതിനായി ഒരേ ശബ്ദം ആവര്‍ത്തിച്ചു വരുന്ന പല ക്രമീകരണങ്ങള്‍ ഉണ്ടാക്കി നോക്കി, ശബ്ദങ്ങളുടെ ഒരു ലൈബ്രറി തന്നെ എന്ന് വേണമെങ്കില്‍ പറയാം. അതില്‍ ലിജോയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ജീ ജീ ജീ ജീ ജീ…’ എന്നു തുടങ്ങുന്നതാണ്. ആഫ്രിക്കന്‍ ഗോത്ര ശബ്ദങ്ങളോട് ഏറെക്കുറെ സാമ്യമുള്ള ഒന്നാണിത്.”

കാഴ്ചയും ശബ്ദവും കഥ പറയുമ്പോള്‍: രംഗനാഥ് രവി
‘Jallikattu’ Sound Designer Ranganath Ravee: “സാധാരണ സിനിമകളെ വെച്ചു നോക്കുമ്പോള്‍ (ലിജോയുടെ മുന്‍ചിത്രങ്ങളെ അപേക്ഷിച്ചു നോക്കിയാലും) ‘ജല്ലിക്കട്ടി’ല്‍ സംഭാഷണം കുറവാണ്. പോത്തിനെ പിടിക്കാനുള്ള ആളുകളുടെ ഓട്ടം, ‘ചെയ്സ്’ അതാണ് ചിത്രത്തിന്റെ കഥാതന്തു. ആ ആശയം ഒരു തവണ പ്രേക്ഷകനു ബോധ്യപ്പെടുത്തി കഴിഞ്ഞാല്‍ അവിടെയൊരു കഥപറച്ചിലിന്റെ ആവശ്യമില്ല. വൈകാരികമായ മുഹൂര്‍ത്തങ്ങളും കുറവാണ്. കാഴ്ചകളിലൂടെ തന്നെ ചിത്രം പ്രേക്ഷകനുമായി സംവദിക്കുന്ന ഒരു രീതി ആണ് ഇവിടെ കൊണ്ടു വന്നിരിക്കുന്നത്.
അവസാന ഭാഗത്ത് എത്തുമ്പോഴേക്കും ഡയലോഗ് കുറഞ്ഞ് കുറഞ്ഞ് വരികയാണ്. മനുഷ്യ പിരമിഡ് രൂപപെടുന്ന ഭാഗം വരുന്നിടത്തൊക്കെ പല തരം ശബ്ദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സാബുവും പെപെയും തമ്മിലുള്ള സംഘട്ടന സീന്‍ നോക്കിയാലും മനസ്സിലാവും, സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകള്‍ക്കു പകരം ആക്രോശങ്ങളാണ് കേള്‍ക്കാന്‍ കഴിയുക. മനുഷ്യനും മൃഗവും തമ്മില്‍ അധികം വ്യത്യാസമില്ലെന്ന സിനിമയുടെ ആശയത്തോട് ഊന്നി തന്നെയാണ് ശബ്ദവും നല്‍കിയിരിക്കുന്നത്.”
Read Here: ‘ജല്ലിക്കട്ട്’ ഓടിത്തീര്‍ക്കുന്ന തൃഷ്ണയുടെ വഴികള്‍
‘ജല്ലിക്കട്ട്’ ശബ്ദമിശ്രണം: കണ്ണന് ഗണപത്
‘Jallikattu’ Sound Mixer Kannan Ganpath: ”ഡബ്ബ് ചെയ്തതു പോലെ ദൃശ്യത്തില്‍ വേറിട്ട് നില്‍ക്കരുത് ‘ജല്ലിക്കട്ടി’ന്റെ ശബ്ദം എന്നതായിരുന്നു സൗണ്ട് മിക്സിംഗിനെ സംബന്ധിച്ച വലിയ വെല്ലുവിളി. രംഗന്, ആള്‍ക്കൂട്ടത്തിന്റെ ശബ്ദം- അവര്‍ ഓടുന്നത്, അലറുന്നത് എന്നിങ്ങനെ – പല രീതിയില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ‘ആമ്പിസോണിക്സി’ലാണ് ശബ്ദം റെക്കോര്‍ഡ് ചെയ്തത്. അതും മിക്സിങ്ങില്‍ നല്ല രീതിയില്‍ സഹായിച്ചിട്ടുണ്ട്. പെര്ഫെക്ഷന്റെ കാര്യത്തിൽ ലിജോ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ല. അത് തന്നെയായിരുന്നു ഞങ്ങള്‍ക്ക് മുന്നിലുള്ള വെല്ലുവിളിയും. ലിജോ, പ്രശാന്ത്, രംഗന്, ഞാന്‍- ഞങ്ങള്‍ ഒരൊറ്റ യൂണിറ്റ് പോലെയാണ് വര്‍ക്ക് ചെയ്തത്. അതും സിനിമക്ക് ഗുണം ചെയ്തിട്ടുണ്ടാവാം.
സംഭാഷണങ്ങളെ കേന്ദ്രീകരിച്ചല്ല ‘ജല്ലിക്കട്ടി’ന്റെ സഞ്ചാരം. ഉറക്കെ കേള്‍ക്കേണ്ട സംഭാഷണശകലങ്ങള്‍ മാത്രമാണ് സിനിമയില്‍ അതിന് അനുസരിച്ച് കേള്‍പ്പിച്ചിരിക്കുന്നത്. ഗ്രാമത്തിന്റെ ചരിത്രം പറയുന്നിടത്തും കാലന് വര്‍ക്കിയെന്ന പ്രധാന കഥാപാത്രത്തിന്റെ കുടുംബ പശ്ചാത്തലം പറയുന്നിടത്തും മാത്രമാണ് സംഭാഷണങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ആള്‍ക്കൂട്ടത്തിന്റെ ആരവമാണ് ‘ജല്ലിക്കട്ടി’ലെ ശബ്ദത്തിന്റെ അടിസ്ഥാനം. കയറു പൊട്ടിച്ച് ഓടിയ പോത്തിനു പിന്നാലെ ആദ്യം രണ്ടുപേര്‍, പിന്നെ മൂന്ന്, നാല് ഒടുവില്‍ അതൊരു വലിയ വലിയ ആള്‍ക്കൂട്ടമായി മാറുകയാണ്.

ജല്ലിക്കട്ടിന്റെ ശബ്ദലോകം ഉണ്ടായ വഴികള്‍
The Making of ‘Jallikattu’ Soundscape: കട്ടപ്പനയില്‍ പോയി നൂറോളം പേരെ വെച്ച് രണ്ടു ദിവസം കൊണ്ടാണ് ആ ആള്‍ക്കൂട്ട ശബ്ദങ്ങളൊക്കെ രംഗനാഥ് രവി റെക്കോര്‍ഡ് ചെയ്യുന്നത്. ആവശ്യമുള്ള രീതിയില്‍ റെക്കോര്‍ഡ് ചെയ്ത്, പല ലെയറുകളായി നിര്‍മ്മിച്ചെടുക്കുകയായിരുന്നു ശബ്ദമെന്ന് രംഗന് പറയുന്നു. രാത്രിയിലെയും പകലിലെയും ശബ്ദങ്ങളും ലൊക്കേഷനില്‍ നിന്നു തന്ന റെക്കോര്‍ഡു ചെയ്തെടുത്തതാണ്.
റിലീസ് ഡേറ്റ് തീരുമാനിച്ചിട്ട് അതിലേക്കുള്ള ഒരു ഓട്ടപ്പാച്ചില്‍ അല്ല, ലിജോ സിനിമകളുടെ രീതി. അതു കൊണ്ടു തന്നെ മികവിലേക്ക് എത്താനുള്ള സമയവും സാവകാശവും സ്വാതന്ത്ര്യവും ലഭിക്കാറുണ്ടെന്ന് കണ്ണന് ഗണ്‍പത് കൂട്ടിചേര്‍ത്തു. തന്റെ ചിത്രങ്ങളില്‍ എവിടെ സംഗീതം വേണം, ശബ്ദം വേണം എന്നതിനെ കുറിച്ചൊക്കെ വ്യക്തതയുള്ള സംവിധായകനാണ് ലിജോ. എന്താണ് തനിക്ക് വേണ്ടത് എന്ന് ആദ്യമേ പറഞ്ഞു വെയ്ക്കുന്നത് മുന്നോട്ടുള്ള ജോലിയ്ക്ക് കൂടുതല്‍ തയ്യാറെടുപ്പും സ്വാതന്ത്ര്യവും തരാറുണ്ടൊണ് മൂവരും പറയുന്നു.
“ഷൂട്ട് ചെയ്തത് ശരിയാവാത്തപ്പോള് റീടേക്ക് എടുക്കാറില്ലേ, അതു പോലെ ശബ്ദത്തിലും ചെയ്യാറുണ്ട്. ശബ്ദം മാത്രമല്ല, സംഗീതത്തിന്റെ കാര്യത്തിലും അതുണ്ട്. അതിനാല്‍ തന്നെ ലിജോയുടെ സിനിമകള്‍ എന്നും ചലഞ്ചാണ്. ‘ഈമയൗ’വിന് ശേഷമുള്ള ലിജോ, ഒരു ഫിലിം മേക്കര്‍ എന്ന രീതിയില്‍ ചിന്തിക്കാവുന്നതിലും അപ്പുറത്തേക്ക് പോയിട്ടുള്ളൊരു വ്യക്തിയാണ്. ‘ജല്ലിക്കട്ടി’ല്‍ ഒരു സീനുണ്ട്, പോത്ത് മിഠായി വണ്ടി മറിച്ചിടുന്നത്. അപ്പോള്‍ അതിനകത്തെ ബെല്‍ കിലുങ്ങണം. ഞാന്‍ എനിക്കു തോന്നിയൊരു ബെല്‍ വെച്ച് ആദ്യം ശബ്ദമുണ്ടാക്കി. ഇതല്ല എനിക്ക് വേണ്ടതെന്നായിരുന്നു ലിജോയുടെ മറുപടി.
വീണ്ടും രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചുവെങ്കിലും ലിജോ തൃപ്തനായിരുന്നില്ല. ‘സസ്റ്റെയ്ന്‍’ ഉള്ളൊരു ശബ്ദമുണ്ട് ഓരോ മണിയ്ക്കും, അതു വരണം എന്നായിരുന്നു ലിജോയുടെ ആവശ്യം. നാലാമത്തെ തവണയാണ് ലിജോ ശബ്ദത്തില്‍ തൃപ്തനായത്. ഇങ്ങനെയുള്ള കുറേ വാശികളാണ് ലിജോ. അതു പുള്ളി മനസ്സില്‍ കണ്ട സിനിമ സാക്ഷാത്കരിക്കാന്‍ വേണ്ടി ഉള്ളതാണ്, അതിന്റെ കൂടെ നില്ക്കാന് സന്തോഷമേയുള്ളൂ. അതാണ് ലിജോ സിനിമകള്‍ സമ്മാനിക്കുന്ന ഹരം,’ രംഗനാഥ് പറഞ്ഞു നിര്‍ത്തി.
Read Here: Jallikkattu Movie Review: കണ്ടതൊരു മലയാള സിനിമയോ?: അത്ഭുതമായി ‘ജല്ലിക്കട്ട്’