സഞ്ജയ് ലീല ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രത്തിനെതിരെ വാളോങ്ങി നില്‍ക്കുകയാണ് ചരിത്രത്തിന്‍റെ കാവലാളുകള്‍.  മുൻപ് ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന പദ്മാവതി എന്ന കഥാപാത്രത്തെ വികലമായി ചിത്രീകരിക്കുന്നുവെന്നതാണ് ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ചിത്രതിനെതിരെയുള്ള ആരോപണം.  രൺവീർ സിംഗ് നായകനും ദീപിക പദുകോൺ നായികയുമാകുന്ന പദ്മാവതി ഡിസംബര്‍ മാസം റിലീസിന് തയ്യാറെടുക്കുയാണ്.   രജ്‌പുത് കർണി സേനയിലെ അംഗങ്ങള്‍ ചിത്രീകരണം തടസ്സപ്പെടുത്തിയത് മുതല്‍ ചിത്രം എത്തിപ്പെടാത്ത പ്രശ്നങ്ങളില്ല.

യഥാർത്ഥത്തിൽ ഇങ്ങിനെയൊരാൾ – പദ്മാവതി-ചരിത്രത്തിൽ ഉണ്ടായിരുന്നുവോ എന്നത് എക്കാലത്തെയും സംശയമാണ് എന്നിരിക്കെയാണ് ഈ പുകിലുകള്‍ എന്നോര്‍ക്കണം.  എന്തായാലും പദ്മാവതിയുടെ കഥയിലൂടെ, ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം.

 

പ്രണയവും ത്യാഗവും മോഹവും നിശ്ചയദാർഢ്യവുമെല്ലാം പദ്മാവതിയെ ചുറ്റി നിൽക്കുന്നതാണ്.  സൂഫി കവിയായ മാലിക് മുഹമ്മദ് ജയസി 16 ാം നൂറ്റാണ്ടിൽ എഴുതിയ അവാധി ഭാഷയിലുള്ള കവിതയാണ് ഇതിന്‍റെ ഇതിവൃത്തം.

സിലോണിലെ (ഇന്നത്തെ ശ്രീലങ്ക) രാജകുമാരിയായിരുന്ന പദ്മാവതിയ്ക്ക് സംസാരിക്കുന്ന ഒരു തത്തയുണ്ടായിരുന്നു.  വേദങ്ങളും പുരാണ പുസ്തകങ്ങളും എല്ലാം പദ്മാവതിക്കൊപ്പം വായിക്കുമായിരുന്നു ഈ തത്ത.  പദ്മാവതിയുടെ പിതാവിന്‍റെ അപ്രീതിക്ക് പാത്രമായി സിംഹള രാജ്യത്തിൽ നിന്നും പറന്നുപോകുന്ന തത്ത, റാണ രത്തൻസെൻ സിംഗിന്‍റെ കോട്ടാരത്തിലെത്തുന്നു.  രാജാവിനോട് പദ്മാവതിയുടെ സൗന്ദര്യത്തെ വർണ്ണിച്ച് ഒടുവിൽ അവരെ സിലോണിൽ നിന്നും സ്വന്തം കൊട്ടാരത്തിലെത്തിക്കാൻ രാജാവിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു ഹിര മണി എന്ന് പേരുള്ള ഈ തത്ത.

 

റാണ റത്തൻ സെന്നിന്‍റെ ഭാര്യയായി പദ്മാവതി ചിത്തോർ രാജ കൊട്ടാരത്തിലെത്തുന്നു.  രാഘവ് ചൈതന്യ എന്ന വിശ്വസ്തനെ ചതിയനെന്ന് കണ്ടെത്തി റാണ രത്തൻ സെൻ പുറത്താക്കുന്നിടത്ത് കഥ മറ്റൊരു ദിശയിലേക്ക് മാറുന്നു.  ഡൽഹിയിൽ അലാവുദ്ദീൻ ഖിൽജിയുടെ കൊട്ടാരത്തിലെത്തുന്ന ചൈതന്യ, പദ്മാവതിയുടെ അസാമാന്യ സൗന്ദര്യത്തെ കുറിച്ച് വർണ്ണിക്കുകയും അതുവഴി രാജ്ഞിയോട് ഖില്ജിക്ക് പ്രണയം ഉടലെടുക്കുകയും ചെയ്യുന്നു.  പദ്മാവതിയെ സ്വന്തമാക്കാൻ പുറപ്പെടുന്ന ഖിൽജി ചിത്തോർ രാജ്യത്തെ കീഴടക്കുന്ന സമയത്ത് രാജ്ഞിയും ഒരു സംഘം പരിചാരകരും തീയിൽ ചാടി ആത്മഹത്യ ചെയ്യുന്നു.

പരിശോധിക്കേണ്ട ചില വസ്തുതകൾ

1540 (ഹിജ്റ വർഷം 947) ലാണ് ഈ ചരിതത്തിന് ആധാരമായ കവിത മാലിക് മുഹമ്മദ് ജയസി എഴുതുന്നുത്.  എന്നാൽ ഇതിനും 237 വർഷങ്ങൾക്ക് മുൻപാണ് അലാവുദ്ദീൻ ഖിൽജിയുടെ സൈന്യം ചിറ്റോറിലേക്ക് പോകുന്നത്.

മാലിക് മുഹമ്മദ് ജയസിയെ എക്കാലവും പ്രോത്സാഹിപ്പിച്ചത് ഇന്നത്തെ ഭോജ്പൂർ, ഗാസിപൂർ എന്നീ നഗരങ്ങൾ മുൻപ് ഭരിച്ചിരുന്ന ഷേർ ഷാ സൂരിയും അദ്ദേഹത്തിന്‍റെ സുഹൃത്ത് ജഗത് ദേവുമാണ്.  ഈ രണ്ട് നഗരങ്ങളും ചിറ്റോറിൽ നിന്ന് 1200 കിലോമീറ്റർ അകലെയാണ്.

അലാവുദ്ദീൻ ഖിൽജിയുടെ ചിറ്റോറിലേക്കുള്ള പടയാത്രയെ കുറിച്ച് പരാമർശിക്കുന്ന കൃതികളിലെവിടെയും പദ്മാവതിയുടെയും കൂട്ടരുടെയും ആത്മഹത്യയെ കുറിച്ച് പരാമർശമില്ല.

Ranveer Singh Padmavati

ജയസിയുടെ സാങ്കൽപ്പിക കഥ?

ഇക്കാര്യങ്ങളെല്ലാം കൂട്ടി വായിക്കുമ്പോൾ പദ്മാവതി മാലിക് മുഹമ്മദ് ജയസിയുടെ ഭാവനാ സൃഷ്ടിയാണെന്നും കരുതാം.  കഥയിലെ ചില കഥാപാത്രങ്ങൾ യഥാർത്ഥത്തിൽ ജീവിച്ചിവരാകുമ്പോള്‍ മറ്റ് ചിലർ സാങ്കൽപ്പികമാണ്.  അവാധി ഭാഷയിലാണ് എഴുതപ്പെട്ടതെങ്കിലും ഇതിന്‍റെ പേർഷ്യൻ പകർപ്പാണ് പിന്നീട് കണ്ടെത്തിയത്.

സഞ്ജയ് ലീല ബൻസാലിക്ക് എതിരായ ആക്രമണത്തിന് പിന്നിൽ?

അലാവുദ്ദീൻ ഖിൽജി, പദ്മാവതിയുമായുള്ള പ്രണയനിമിഷങ്ങൾ സ്വപ്നം കാണുന്നതാണ് പ്രകോപനത്തിന് കാരണമായി ചിത്രീകരണത്തെ തടഞ്ഞ പ്രതിഷേധക്കാർ പറയുന്നത്‌.     ചരിത്രത്തെ വളച്ചൊടിക്കാൻ തയ്യാറല്ലെന്നും, ഇപ്പോള്‍ ചിത്രീകരണം കഴിഞ്ഞ വേളയിലും പറഞ്ഞു കൊണ്ടേയിരിക്കുന്നു.

ചരിത്രത്തിന്‍റെ ഭാഗമാണെന്ന് ഇനിയും മുഴുവനായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ഒന്നിന്‍റെ പേരിലാണ് ഈ പ്രതിഷേധമെല്ലാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ