വിവാദ ഹിന്ദി ചിത്രമായ ‘ദി കേരള സ്റ്റോറി’ കൂടുതൽ രാജ്യങ്ങളിൽ കൂടി റിലീസിനൊരുങ്ങുന്നു. മേയ് 12ന് 37 രാജ്യങ്ങളിൽ കൂടി ചിത്രം റിലീസ് ചെയ്യുമെന്ന് ചിത്രത്തിലെ നായിക ആദ ശർമ്മ ട്വീറ്റ് ചെയ്യുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
“ഞങ്ങളുടെ സിനിമ കാണാൻ പോകുന്ന കോടിക്കണക്കിന് ആളുകൾക്ക് നന്ദി, അത് ട്രെൻഡ് ആക്കിയതിന് നന്ദി, എന്റെ പ്രകടനത്തെ സ്നേഹിച്ചതിന് നന്ദി. ഈ വാരാന്ത്യത്തിൽ 12ന് അന്താരാഷ്ട്രതലത്തിൽ 37 രാജ്യങ്ങളിൽ (അല്ലെങ്കിൽ അതിലധികമോ രാജ്യങ്ങളിൽ) ചിത്രം റിലീസ് ചെയ്യുന്നു ,” ആദ ശർമ്മ കുറിച്ചു.
ആദ ശർമ്മയെ നായികയാക്കി സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമായ ‘ദി കേരള സ്റ്റോറി’ ഏറെ വിമർശനങ്ങളും ഇതിനകം തന്നെ ഏറ്റുവാങ്ങി കഴിഞ്ഞു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ബോളിവുഡ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ ആണ്. നാടക രംഗത്തു നിന്നും വിനോദ വ്യവസായ രംഗത്തെത്തിയ ആളാണ് ഗുജറാത്തിലെ കച്ച് സ്വദേശി വിപുൽ ഷാ. ഇന്ന് ബോളിവുഡിലെ പ്രധാന നിർമ്മാതാക്കളിൽ ഒരാളാണ് ഇദ്ദേഹം.
കേരളത്തിൽ നിന്നുള്ള സ്ത്രീകളെ മതം മാറാൻ നിർബന്ധിതരാക്കുന്നതും ഭീകര സംഘടനയായ ഐസിസ് റിക്രൂട്ട് ചെയ്യുന്നതുമൊക്കെ വസ്തുതകൾക്ക് നിരക്കാത്ത രീതിയിൽ ചിത്രീകരിച്ചതിന്റെ പുറത്താണ് ചിത്രം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്.
പശ്ചിമ ബംഗാളിൽ കേരള സ്റ്റോറി നിരോധിക്കുകയും ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ മൾട്ടിപ്ലക്‌സുകൾ അതിന്റെ സ്‌ക്രീനിംഗ് നിർത്തിവച്ചിരിക്കുകയും ചെയ്യുന്നു, അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവയ്ക്ക് നികുതി രഹിത പദവി നൽകിയിട്ടുണ്ട്.