വിവാദചിത്രമായ ‘ദി കേരള സ്റ്റോറി’ ജനുവരിയിൽ റിലീസിനെത്തുമെന്ന് സംവിധായകൻ സുദീപ്തോ സെൻ. ഐഎസ്ഐഎസിൽ പ്രവർത്തിക്കുന്നതിന് വേണ്ടി പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്നു എന്ന വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ‘ദി കേരള സ്റ്റോറി’. കേരളത്തിൽ വ്യാപകമായി മതപരിവർത്തനം നടക്കുന്നുണ്ടെന്നാണ് ‘കേരള സ്റ്റോറി’യിലൂടെ സംവിധായകൻ സുദീപ്തോ സെൻ പറയുന്നത്.
നവംബർ ആദ്യവാരം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറും ഏറെ വിവാദമായിരുന്നു. അദ ശർമ അവതരിപ്പിക്കുന്ന കഥാപാത്രം താൻ ഒരു ഹിന്ദു യുവതിയാണെന്നും തന്നെ നിർബന്ധിച്ച് മതം മാറ്റി ഐഎസ്ഐഎസ് തീവ്രവാദിയാക്കി മാറ്റിയതാണെന്നും തുറന്നു പറയുന്നത് ടീസറിൽ കാണാം. തന്നെ പോലെ 32,000 സ്ത്രീകൾ ഇത്തരത്തിൽ കേരളത്തിൽ നിന്നും തീവ്രവാദത്തിലേക്കെത്തി ചേർന്നിട്ടുണ്ടെന്നാണ് അദ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നത്.
എന്നാൽ ടീസർ പുറത്തിറങ്ങിയതിനു പിന്നാലെ, 32000 പേരെന്ന കണക്കിനെ ചൊല്ലി വലിയ കോലാഹലങ്ങളും നടന്നിരുന്നു. 32,000 പേരെന്ന് പെരുപ്പിച്ചുകാണിച്ച് കേരളത്തെ കുറ്റുപ്പെടുത്താൻ ശ്രമിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ എന്നാണ് ഒരു വിഭാഗം ആളുകൾ വിമർശിച്ചത്.
അതേ സമയം, രേഖകളുടെ പിൻബലമുള്ള ഒരു യഥാർത്ഥ കഥയാണ് ‘കേരള സ്റ്റോറീസ്’ എന്നാണ് സുദീപ്തോ സെൻ വ്യക്തമാക്കുന്നത്. “കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഈ വിഷയത്തെ കുറിച്ചു പഠിക്കുന്നു. ഇന്ത്യൻ പ്രേക്ഷകർ അനുഭവിച്ചറിയാൻ പോകുന്ന അതുല്യമായൊരു കഥയാണിത്. ഞാൻ മൂന്ന് പെൺകുട്ടികളുടെ കഥയാണ് പറയുന്നത്: ഒരാൾ അഫ്ഗാനിസ്ഥാൻ ജയിലിൽ, ഒരാൾ ആത്മഹത്യ ചെയ്തു, മറ്റൊരാൾ ഒളിവിലാണ്,” സെൻ വ്യക്തമാക്കി.
‘അഖ്നൂർ’, ‘ആസ്മ’, ‘ലഖ്നൗ ടൈംസ്’, ‘ദി ലാസ്റ്റ് മങ്ക്’ തുടങ്ങിയ ചിത്രങ്ങളുടെ എഴുത്തുകാരനും സംവിധായകനുമായ സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദി കേരള സ്റ്റോറി’ നിർമ്മിക്കുന്നത് വിപുൽ അമൃത്ലാൽ ആണ്.
രാജ്യാന്തര ചലച്ചിത്രമേളയിൽ ഇസ്രായേലി സംവിധായകൻ നാദവ് ലാപിഡ് ‘കാശ്മീർ ഫയൽസി’നെ കുറിച്ച് നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ജൂറി അംഗം കൂടിയായ സുദീപ്തോ സെൻ. “ഇന്റർനാഷണൽ കോമ്പറ്റീഷന്റെ ജൂറി ചെയർമാനായി സംസാരിക്കവെ നദവ് നടത്തിയ പ്രസ്താവനകൾ അദ്ദേഹത്തിന്റെ ‘വ്യക്തിപരമായ അഭിപ്രായമാണ്’. മത്സരരംഗത്തുള്ള സിനിമകളെക്കുറിച്ച് ജൂറി ബോർഡിന്റെ ഭാഗമായി ഞങ്ങൾക്ക് പറയാനുള്ളത്, നവംബർ 27 ന് ഫെസ്റ്റിവൽ ഡയറക്ടർക്കും മറ്റ് ഉദ്യോഗസ്ഥർക്കും നൽകിയ ഔദ്യോഗിക അവതരണത്തിലും പിന്നീട് പത്രസമ്മേളനത്തിലും ഞങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഞങ്ങൾ അഭിമാനിക്കുന്നു, പക്ഷേ നദവിന്റെ നടപടി ഞങ്ങളെ വേദനിപ്പിക്കുന്നു. ഔദ്യോഗികമായി, അവാർഡിനായി തിരഞ്ഞെടുത്ത അഞ്ച് സിനിമകളെക്കുറിച്ചാണ് ഞങ്ങൾ ചർച്ച ചെയ്യേണ്ടത്. അവാർഡിന് പരിഗണിക്കപ്പെടാത്തവയെക്കുറിച്ച് ഞങ്ങളിലാരും പരസ്യമായി ചർച്ച ചെയ്യാൻ പാടില്ലായിരുന്നു,” സെൻ കൂട്ടിച്ചേർത്തു.