വിജയ- പരാജയങ്ങൾ പ്രവചിക്കാനാവാത്ത ഒന്നായി ബോളിവുഡ് ബോക്സ് ഓഫീസ് മാറിയിരിക്കുന്നു. വലിയ പ്രതീക്ഷയോടെ എത്തിയ പല ചിത്രങ്ങളും പരാജയപ്പെട്ടിടത്ത് അത്ഭുതപ്പെടുത്തുന്ന വിജയം തേടി മുന്നേറുകയാണ് വിവാദ ചിത്രമായ ദി കേരള സ്റ്റോറി. ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറിയ കേരള സ്റ്റോറി ഇപ്പോൾ 200 കോടി ക്ലബ്ബിലേക്ക് കടക്കുകയാണ്.
ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറയുന്നതനുസരിച്ച്, ചിത്രത്തിന്റെ നെറ്റ് ബോക്‌സ് ഓഫീസ് കളക്ഷൻ തിങ്കളാഴ്ച 200 കോടി കടക്കും. പഠാന് ശേഷം ഈ വർഷം ബോളിവുഡിൽ തിളക്കമാർന്ന ചിത്രം കൈവരിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്. വെള്ളിയാഴ്ച 6.60 കോടി, ശനിയാഴ്ച 9.15 കോടി, ഞായറാഴ്ച 11.50 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. 17 ദിവസം കൊണ്ട് ലോകമെമ്പാടുമായി ചിത്രത്തിന്റെ മൊത്തം കളക്ഷൻ 250 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഇത് രൺബീർ കപൂർ-ശ്രദ്ധാ കപൂർ അഭിനയിച്ച ‘തു ജൂതി മെയ്ൻ മക്കാറി’ന്റെ ലൈഫ് ടൈം കളക്ഷനെയും പിന്നിലാക്കിയിരിക്കുകയാണ്. 223 കോടി രൂപയാണ് ‘തു ജൂതി മെയ്ൻ മക്കാറി’ന്റെ കളക്ഷൻ.
ഷാരൂഖ് ഖാന്റെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ വിജയമായ പഠാൻ ആണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്. 1000 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടിയിരുന്നു.
കേരള സ്റ്റോറിയെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് രാം ഗോപാൽ വർമ്മ അടുത്തിടെ ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. “സിനിമയുടെ തകർപ്പൻ വിജയത്തിൽ മരണതുല്യമായ നിശബ്ദത” ആണ് ബോളിവുഡിലെന്നായിരുന്നു രാം ഗോപാൽ വർമ്മ വിമർശിച്ചത്. എല്ലാ സ്റ്റോറി ഡിസ്‌കഷൻ റൂമിലും കോർപ്പറേറ്റ് ഹൗസിലും നിഗൂഢമായ മൂടൽമഞ്ഞ് പോലെ ചിത്രം ബോളിവുഡിനെ വേട്ടയാടുമെന്നും രാം ഗോപാൽ വർമ്മ കൂട്ടിച്ചേർത്തു.
“മറ്റുള്ളവരോടും നമ്മോടും കള്ളം പറയുന്നതിൽ നമ്മൾ വളരെ സുഖം അനുഭവിക്കുന്നു. എന്നാൽ ആരെങ്കിലും മുന്നോട്ട് വന്ന് സത്യം കാണിക്കുമ്പോൾ നമ്മൾ ഞെട്ടിപ്പോകും. കേരളസ്റ്റോറിയുടെ വിജയം ബോളീവുഡിൽ മരണതുല്യമായ നിശബ്ദത പടർത്തിയിരിക്കുന്നു,” എന്നായിരുന്നു രാം ഗോപാൽ വർമ്മയുടെ ട്വീറ്റ്.
അതേസമയം, പശ്ചിമ ബംഗാളിൽ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ വിലക്ക് സുപ്രീം കോടതി നീക്കിയിട്ടും കൊൽക്കത്തയിലെ ഒരു തിയേറ്ററിലും ചിത്രം പ്രദർശിപ്പിച്ചില്ലെന്ന കാര്യവും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഞായറാഴ്ച വെളിപ്പെടുത്തി.