വിവാദ ഹിന്ദി ചിത്രമായ ‘ദി കേരള സ്റ്റോറി’യ്ക്ക് കേരളത്തിൽ മികച്ച തുടക്കം. സംസ്ഥാനത്തൊട്ടാകെ 30 ഓളം സ്‌ക്രീനുകളിലാണ് കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നത്. ഭൂരിപക്ഷം തിയേറ്ററുകളിലും ആദ്യദിവസം ഹൗസ് ഫുൾ ഷോകളാണ് നടന്നത് എന്നാണ് പുറത്തുവരുന്ന കണക്കുകൾ. എറണാകുളത്തും തിരുവനന്തപുരത്തും ചിത്രത്തിന്റെ ഷോകൾ ഹൗസ് ഫുളായിരുന്നുവെന്ന് തിയേറ്റർ ഉടമകൾ പറയുന്നു.
കൊച്ചി ഷേണായീസ് തിയേറ്ററിൽ ബുക്കിംഗ് ആധിക്യം കാരണം ഷോകളുടെ എണ്ണം മൂന്നിൽ നിന്നും ആറായി വർദ്ധിപ്പിച്ചു. കൊച്ചിയിൽ രണ്ടു തിയേറ്ററുകൾ കൂടി കേരള ഷോ പ്രദർശിപ്പിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. ഒബ്റോൺ മാൾ, സെൻട്രൽ മാൾ എന്നിവിടങ്ങളിലെ തിയേറ്ററുകളിൽ കേരള സ്റ്റോറിയ്ക്ക് പുതിയ ഷോകൾ ആരംഭിച്ചു. തിരുവനന്തപുരത്ത് ഏരിയൽപ്ലെക്‌സ് മൾട്ടിപ്ലക്‌സിൽ മാത്രമാണ് നിലവിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നത്. ഇവിടെയും ഹൗസ് ഫുളായിരുന്നു ഷോകൾ. മികച്ച ബുക്കിംഗ് ആണ് ചിത്രത്തിനു ലഭിക്കുന്നതെന്ന് ഏരിയൽപ്ലെക്‌സ് മൾട്ടിപ്ലക്‌സിന്റെ ഉടമ ജോയ് പിള്ള ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള വിമർശനങ്ങളും ചിത്രത്തിന് ലഭിച്ച നെഗറ്റീവ് പബ്ലിസിറ്റിയുമാണ് ചിത്രത്തിന് ഗുണം ചെയ്തിരിക്കുന്നത് എന്നാണ് തിയേറ്റർ ഉടമകൾ വിലയിരുത്തുന്നത്.
അതേ സമയം, സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻവൈസി), ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചി ഷേണായീസ് തിയേറ്ററിലേക്ക് പ്രതിഷേധ പ്രകടനവും നടന്നു. പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ നീക്കിയത്.
കേരള സ്റ്റോറി സിനിമയ്ക്ക് തിയേറ്ററുകൾ ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്യത്തിന് വേണ്ടി വാതോരാതെ സംസാരിക്കുന്നവരുടെ ഇരട്ടത്താപ്പാണ് കേരളം കാണുന്നതെന്നും ഇഷ്ടമല്ലാത്ത സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്ന നിലപാട് തിയേറ്റർ ഉടമകൾ കൈക്കൊള്ളുന്നത് സിനിമാമേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
കേരള സ്റ്റോറി സിനിമ കാണാതെ അഭിപ്രായം പറയാൻ താൻ ആളല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. “പ്രധാനമന്ത്രി അഭിപ്രായം പറഞ്ഞെങ്കിൽ അദ്ദേഹം ആ സിനിമ കണ്ടിട്ടുണ്ടാവണം. സിനിമ യഥാർത്ഥ സംഭവമാണെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത് പരിശോധിക്കണം. ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ സർക്കാരും അന്വേഷിക്കട്ടെ. നിയമലംഘനം നടന്നുവെന്നു ബോധ്യപ്പെട്ടാൽ അതിനെ കുറിച്ചു തുറന്നു പറയാൻ എല്ലാവർക്കും അവകാശമുണ്ട്.”
ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത് ഇ4 എന്റർടെയ്ൻമെന്റ്സ് ആണ്. പ്രത്യേകിച്ച് ചില രാഷ്ട്രീയ പാർട്ടികളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള എതിർപ്പ് കണക്കിലെടുത്ത് തീയറ്റർ ഉടമകൾ സിനിമ പ്രദർശിപ്പിക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, തങ്ങളുടെ തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കാൻ ആരെയും നിർബന്ധിക്കുകയോ നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇ4 എന്റർടെയ്ൻമെന്റ്സിന്റെ മുകേഷ് മേത്ത പറയുന്നത്.
ആദ ശർമ്മയെ നായികയാക്കി സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമായ ‘ദി കേരള സ്റ്റോറി’ ഏറെ വിമർശനങ്ങളും ഇതിനകം തന്നെ ഏറ്റുവാങ്ങി കഴിഞ്ഞു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ബോളിവുഡ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ ആണ്. നാടക രംഗത്തു നിന്നും വിനോദ വ്യവസായ രംഗത്തെത്തിയ ആളാണ് ഗുജറാത്തിലെ കച്ച് സ്വദേശി വിപുൽ ഷാ. ഇന്ന് ബോളിവുഡിലെ പ്രധാന നിർമ്മാതാക്കളിൽ ഒരാളാണ് ഇദ്ദേഹം.