scorecardresearch

Latest News

തല്ലില്ല, കള്ളുകുടിയില്ല, പരസ്ത്രീബന്ധമില്ല… പിന്നെന്താ പ്രശ്നം?

‘എച്ചിൽ വെള്ളം വീഴുന്ന ചാക്ക്’ ആ ചിത്രത്തിലെ ശക്തമായ ഒരു ഇമേജറിയാണ്. അത് അടുക്കളയിലെ തൊട്ടിക്കുഴിയിലെ ലീക്കിൽ നിന്ന് ചാക്കിലേക്ക് വീഴുന്ന വെള്ളം… എന്നും കട്ടിലിൽ അവളുടെ ഉള്ളിലേക്ക് ചീറിയൊഴുകുന്ന മറ്റൊരു വെള്ളത്തെ ഓർമ്മപ്പെടുത്തുന്നു

the great indian kitchen, the great indian kitchen movie, the great indian kitchen malayalam movie, the great indian kitchen watch online, the great indian kitchen download, the great indian kitchen review, the great indian kitchen full movie download

ഒരു സിനിമയെക്കുറിച്ച് ആലോചിക്കുമ്പോള്‍, എഴുതാനിരിക്കുമ്പോൾ ആ സിനിമയുടെ തുടക്കം മുതലുള്ള എല്ലാ നിമിഷങ്ങളും മനസ്സിലൂടെ മിന്നിമായുന്നത്, അവയെക്കുറിച്ചെല്ലാം എടുത്ത് പറയാൻ തോന്നുന്നത് എപ്പോഴും സംഭവിക്കുന്ന ഒന്നല്ല. അത്രമേല്‍ മനസ്സില്‍ തട്ടുമ്പോള്‍, ഐക്യപ്പെടുമ്പോള്‍ മാത്രമാണ് അത് സംഭവിക്കുക. ജിയോ ബേബി സംവിധാനം ചെയ്ത ‘The Great Indian Kitchen’ എന്ന സിനിമ എന്നെ സംബന്ധിച്ച് അത്തരത്തില്‍ ഒന്നാണ്.

ചിരിച്ച്, സന്തോഷിച്ച്, അതിമനോഹരമായി നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയിൽ നിന്നും എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരത്തിന്റെ ദൃശ്യത്തിലേക്ക് കട്ട് ചെയ്യുമ്പോൾ തന്നെ പ്രേക്ഷകന്റെ മനസ്സ് അസ്വസ്ഥമാകും. ഏതോ നിലയ്ക്ക് രൂപം മാറി, മറ്റുള്ളവർക്ക് കഴിക്കാൻ പരുവപ്പെടുന്ന ഒരു പലഹാരം പോലെ പെട്ടെന്ന് ആ പെൺകുട്ടി നമ്മുടെ മനസ്സിൽ നിറയും.

വിവാഹം കഴിച്ച് ‘സെറ്റില്‍ഡ്’ ആയ പെണ്‍കുട്ടി‌

ഗൾഫിൽ നിന്നും മടങ്ങിയ കുടുംബം അവരുടെ മകളെ, വലിയ ഒരു തറവാട്ടിലേക്ക് കെട്ടിച്ച് വിടാനുള്ള ഒരുക്കത്തിലാണ്. സമൂഹത്തിൽ ഉന്നതരുമായുള്ള ബന്ധങ്ങളും, ബന്ധുബലവുമെല്ലാം വിശദീകരിച്ച്, അവൾക്ക് ആ ‘ഭാഗ്യം’ നേടി കൊടുക്കുന്ന വീട്ടുകാരുടെ തിരഞ്ഞെടുപ്പിന് മുന്നില്‍ ആ പെൺകുട്ടി തല കുനിക്കുകയാണ്. സ്വന്തമായി ഒരു തീരുമാനമോ തിരഞ്ഞെടുപ്പോ തനിക്കും ആവാം എന്ന അറിവിന്റെ ഒരു ലാഞ്ചന പോലും അവളുടെ മുഖത്തോ, ശരീരഭാഷയിലോ ഇല്ല. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച ജീവിതത്തെ അത്യന്തം സന്തോഷത്തോടെ അവൾ എറ്റെടുക്കുന്നു. ഭർത്താവിന്റെ അമ്മയെ അമ്മയായും, ഭർത്താവിന്റെ അച്ഛനെ അച്ഛനായും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു.

Read More: എൽഡിഎഫിന് ഭരണത്തുടർച്ച, ഉമ്മൻചാണ്ടിയേക്കാൾ ഇരട്ടി പിന്തുണ പിണറായിക്ക്; ആദ്യ അഭിപ്രായ സർവെ പുറത്ത്

ഭാര്യയായും, മരുമകളായും ചെയ്യേണ്ടതെല്ലാം ചെയ്ത് സന്തോഷത്തോടെ ആ വീട്ടിലെ അംഗമാകുന്ന അവളുടെ കഥ സാധാരണ ഗതിയിൽ അവിടെയാണ് തീരേണ്ടത്. കാരണം വിവാഹം പെൺകുട്ടികൾക്ക് ജീവിത സാഫല്യമാണല്ലോ! സമൂഹത്തിന്റെ മുന്നിൽ, നല്ല കുടുംബത്തിലേക്ക് കല്യാണം കഴിപ്പിച്ച് ‘സെറ്റിൽഡ്’ ആക്കിയ ഒരു പെൺകുട്ടിക്ക് പിന്നീട് പ്രശ്നങ്ങളേ ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ ശുഭപ്രതീക്ഷയോടെ ജീവിതത്തിലേക്ക് കാല്‍വയ്ക്കുന്ന, ഇത്തരം പെൺകുട്ടികളുടെ ജീവിതത്തിൽ നിന്ന് സന്തോഷം ഇല്ലാതായി തുടങ്ങുന്നത് എങ്ങനെയെന്നാണ്, ഈ സിനിമയിലൂടെ സംവിധായകൻ കാണിച്ചു തരുന്നത്. ‘അരിവാർത്ത് വച്ചിരിക്കുന്ന ഒരു കലം, ഒരു ബിംബമായി, നായികയുടെ ഉള്ളിലെ വറ്റുന്ന ചൈതന്യത്തിന്റെ, സന്തോഷത്തിന്റെ പ്രതീകമായി അനുഭവപ്പെടുത്തുന്നു.

ഈ പെണ്ണുങ്ങൾക്ക് എന്തിന്റെ കേടാണ് ? വിവാഹങ്ങൾക്ക് എന്താണ് പ്രശ്നം? എന്നൊക്കെ നമ്മൾ സ്ഥിരമായി കേൾക്കുന്ന ചോദ്യങ്ങളാണല്ലോ. ഈ ചിത്രം സംസാരിക്കുന്നത് അവരോടാണ്. വാക്കുകൾ കൊണ്ടല്ല, ബിംബങ്ങൾ കൊണ്ട്. സ്നേഹത്തോടെ വിളമ്പി കൊടുക്കുന്ന ഭക്ഷണം ചവച്ച് തുപ്പി, മേശമേൽ ഇട്ടിട്ടു പോകുന്ന ആൺബോധത്തിന് നേരെ വിരൽ ചൂണ്ടുകയാണ് ‘ദി ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചന്‍.’ ഭർത്താവിനോട് ഒരു തമാശ പറയാനോ, ഒന്ന് തിരുത്താനോ, ഒരു പ്രശ്നം ചൂണ്ടിക്കാട്ടാനോ പറ്റാതെ വിഷമിക്കുന്ന നായിക ഒരുപാട് സ്ത്രീകളുടെ പ്രതീകമാണ്.

the great indian kitchen, the great indian kitchen movie, the great indian kitchen malayalam movie, the great indian kitchen watch online, the great indian kitchen download, the great indian kitchen review, the great indian kitchen full movie download

എന്റെ വീട്, എന്റെ സൗകര്യം, ഞാനിഷ്ടമുള്ളത് ചെയ്യും

‘അപ്പൊ ‘ഏട്ടന് ടേബിൾ മാനേഴ്സ്’ അറിയാ’മെന്ന, ഒരു സാധാരണ നിരീക്ഷണത്തെയോ കളിയാക്കലിനെയോ, ‘ഇനി മേലാൽ ഈ തരം സംസാരങ്ങൾ വേണ്ട’ എന്ന ശാസനയോടെ, ഭർത്താവ് വിലക്കുന്നു. ‘എന്റെ വീട്,’ ‘എന്റെ സൗകര്യം,’ ‘ഞാനിഷ്ടമുള്ളത് ചെയ്യും’ എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് മായുന്ന ചിരി, ചെയ്ത മഹാ അപരാധത്തിന് അവൾ മാപ്പ് പറയുന്നിടത്താണ് തീരുന്നത്. വിവാഹ ജീവിതത്തിൽ പാലിക്കേണ്ട സംഭാഷണ ശാസ്ത്രത്തെ കുറിച്ച് ഒരു വലിയ പാഠം അവൾ പഠിക്കുന്നുണ്ടെങ്കിലും പിന്നെയും അവൾ അത് തെറ്റിക്കുന്നുണ്ട്.

Read More: ബംഗാളിൽ വീണ്ടും തൃണമൂൽ, ഡിഎംകെ; എബിപി ന്യൂസ്, സി-വോട്ടർ അഭിപ്രായ സർവെ ഫലം

അടുക്കളയിലെ തീരാത്ത ജോലികളിൽ നിന്ന് നടു നിവർത്തി അവൾ എത്തുമ്പോൾ, കിടക്കയിൽ അവളുടെ മുകളിലേക്ക് വീഴുന്ന മറ്റൊരു ഭാരത്തിന്റെ, കേറ്റിറക്കങ്ങൾ അവളെ വേദനിപ്പിക്കുന്നു എന്ന് അവൾ പറയുന്നുണ്ട്. ‘ഫോർപ്ലേ’ എന്ന വാക്ക് സ്വന്തം ഭാര്യയിൽ നിന്ന് കേൾക്കുമ്പോൾ, ‘അപ്പോൾ നിനക്ക് എല്ലാമറിയാമല്ലേ’ എന്നാണ് അയാളുടെ മറുവാക്ക്. ശരീരത്തിനുണ്ടായ വേദനയെക്കാൾ ആഴത്തിൽ മുറിക്കുന്നത് ആ ചോദ്യമാണ്. അവളുടെ ശരീരവും മനസ്സും അത്രയും നാളുമുള്ള അവളുടെ ജീവിതവും ഒറ്റനിമിഷം കൊണ്ട് എച്ചിലായി അനുഭവപ്പെടുത്തുന്നുണ്ടത്.

‘എച്ചിൽ വെള്ളം വീഴുന്ന ചാക്ക്’ ആ ചിത്രത്തിലെ ശക്തമായ ഒരു ഇമേജറിയാണ്. അത് അടുക്കളയിലെ തൊട്ടിക്കുഴിയിലെ ലീക്കിൽ നിന്ന് ചാക്കിലേക്ക് വീഴുന്ന വെള്ളം… എന്നും കട്ടിലിൽ അവളുടെ ഉള്ളിലേക്ക് ചീറിയൊഴുകുന്ന മറ്റൊരു വെള്ളത്തെ ഓർമ്മപ്പെടുത്തുന്നു. വെള്ളം വീഴുന്ന കാഴ്ചയിലൂടെ അവളുടെ പുകയുന്ന മനസ്സാണ് സംവിധായകന്‍ നമ്മൾക്ക് കാണിച്ച് തരുന്നത്. എച്ചിൽ വെള്ളമൊഴുകുന്ന മറ്റൊരു ചാക്കായി അവള്‍ മാറുന്നതിന് നമ്മൾ സാക്ഷിയാകും. അവനവനെ തന്നെ ഒരു എച്ചിൽ പാത്രമായി അവൾ കണ്ടു തുടങ്ങുന്നതെങ്ങനെ എന്ന് ചിത്രം നമ്മളെ അനുഭവിപ്പിക്കുന്നു.

അത് പുരുഷന്റെ മാത്രം ചെയ്തിയല്ല. ആചാരങ്ങളുടെ ചൂരൽ വടിയുമായി കടന്ന് വരുന്ന അമ്മായിയെ പോലുള്ളവരാണ് ഈ ചട്ടങ്ങളുടെ പാലകർ. പാചകകലയിൽ വിദഗ്ദ്ധരായ വല്യച്ഛന്റെ മക്കൾ വിരുന്നിന് വരുമ്പോൾ, അത് വീട്ടിലെ സ്ത്രീകൾക്ക് എങ്ങനെ ഭാരമായി മാറുന്നു എന്നോർത്ത് ചിരിക്കാൻ തുടങ്ങുന്നതിന് മുമ്പ് സംവിധായകൻ നമ്മുടെ ചിരിയെ കഴുകി കളയുന്നു.

നമ്മുടെ മനസ്സിലെ എച്ചിൽ തുടയ്ക്കുന്ന ഈ ചിത്രത്തിലെ നായികയ്ക്ക്, നിമിഷ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേരില്ല. ‘മോളേ,’ ‘നീ’ എന്നൊക്കെയാണ് അവളെ മറ്റുള്ളവർ വിളിക്കുന്നത്. അവൾക്ക് അവളുടെ സ്വത്വം അറിയാത്തത് കൊണ്ടാകാം പേരില്ലാത്തതും. സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രമാകട്ടെ ‘ഏട്ടൻ’ ആണ്. എല്ലാവരാലും ശ്രുശ്രൂഷിക്കപ്പെടാൻ യോഗ്യനായ ഏട്ടൻ.  ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ദമ്പതിമാരുടെ ഫോട്ടോകൾ കാണിക്കുമ്പോൾ, പശ്ചാത്തലത്തിൽ തേങ്ങ തിരുകുന്നതിന്റേയും, അരയ്ക്കുന്നതിന്റെയും മറ്റും ശബ്ദം, എത്രയോ തലമുറകളുടെ കഥയാണ് പറയുന്നത്.  എന്നും എച്ചിലെടുത്ത്, എല്ലാ അഴുക്കും തുടയ്ക്കുന്ന സ്ത്രീയുടെ ആർത്തവ കാലം അവളുടെ ചുറ്റുമുള്ള ലോകത്തിന് മുഴുവൻ അശുദ്ധമാണ്. കണ്ണിൽ പെട്ടാൽ പോലും അറപ്പുളവാക്കുന്നതായി മാറുന്ന അവസ്ഥ.

നിമിഷ സജയന്‍ ആ കഥാപാത്രമായി ജീവിച്ചു. അഭിനയ പാടവം എന്നൊന്നും എഴുതി ആ സത്യസന്ധമായ അവതരണത്തെ ചെറുതാക്കാനാഗ്രഹിക്കുന്നില്ല. ലോകത്തെ തന്നെ എറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളാണ് നിമിഷ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക്ക്’ കൂടി ഇറങ്ങുമ്പോൾ എല്ലാവർക്കുമത് ബോധ്യപ്പെടും. സുരാജ് വെഞ്ഞാറമൂട് ‘ഏട്ടനെ’ ഗംഭീരമാക്കി.

the great indian kitchen, the great indian kitchen movie, the great indian kitchen malayalam movie, the great indian kitchen watch online, the great indian kitchen download, the great indian kitchen review, the great indian kitchen full movie download

തല്ലുമോ? അന്വേഷിക്കുമോ? കള്ള് കുടിക്കുമോ?

ഗാർഹിക പീഡനം അവതരിപ്പിക്കാൻ ഈ ചിത്രത്തിൽ ഒരു തല്ലു പോലുമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. തല്ല്, ഉപദ്രവം, കള്ളുകുടി, പരസ്ത്രീ ബന്ധം… അതൊന്നുമല്ലാത്ത മറ്റൊരു കാര്യവും സാധാരണ ഗതിയിൽ സമൂഹത്തിന് മനസ്സിലാകാറില്ലല്ലോ. ഭർത്താവുമായി ചേരാൻ പറ്റില്ല എന്ന് പറയുന്നവരോട് ആദ്യം ചോദിക്കുന്ന ചോദ്യങ്ങളിൽപ്പെട്ടതാണല്ലോ അവയൊക്കെ. തല്ലുമോ? അന്വേഷിക്കുമോ? കള്ള് കുടിക്കുമോ? ഇവയൊന്നുമില്ലെങ്കിൽ ചേർന്ന് പോകേണ്ടത് സ്ത്രീകളുടെ ബാധ്യതയാണ്. ‘എങ്ങനെയെങ്കിലും…’ എന്നാണ് കാലാകാലങ്ങളായി സമൂഹം നൽകി കൊണ്ടിരിക്കുന്ന ഉത്തരം.

ഈ ചിത്രത്തിൽ ഭാര്യയെ തല്ലുന്ന ഭർത്താവില്ല. ഭാര്യയുടെ പേഴ്സിൽ പണവുമുണ്ടാകാറുണ്ട്. അത് അവൾക്ക് സ്വതന്ത്രമായി ചിലവാക്കാനുള്ള അധികാരവുമുണ്ട്. എങ്കിലും അവളിൽ ഒരിറ്റ് സന്തോഷമില്ല. പിന്നെന്താണ് പ്രശ്നം എന്നാണോ… ഉത്തരം ‘ദി ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചനി’ലുണ്ട്. കെ.ജി. ജോർജ് സംവിധാനം ചെയ്ത ‘മറ്റൊരാൾ’ എന്ന ചിത്രത്തിലും ഈ പ്രമേയം, ശക്തമായി അവതരിപ്പിച്ചിട്ടുള്ളതായി ഓര്‍ക്കുന്നു.

വിവാഹ ബന്ധങ്ങളിൽ സംഭവിക്കുന്ന, ചെറുതെന്ന് തോന്നിപ്പിക്കുന്ന, എന്നാല്‍ ചെറുതല്ലാത്ത ഇത്തരം കാര്യങ്ങളെ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ പ്രയാസമാകും എന്നത് കൊണ്ട് തന്നെ സംവിധായകർ ഈ വിഷയത്തിന്റെ സിനിമാഖ്യാനത്തില്‍ മുന്‍‌തൂക്കം നല്‍കിയത് ദൃശ്യങ്ങള്‍ക്കും അവയുടെ സംയോജന താളത്തിനുമാണ്. പതിഞ്ഞ താളത്തിൽ, ആവർത്തനങ്ങളിൽ… വിരസമായ ഒരു പെൺജീവിതം നമുക്ക് മുന്നിൽ ചുരുളഴിയുന്നു. ശ്വസിക്കാനാകാതെ, ഇരുളടഞ്ഞ ആ കൊച്ചുമുറിയിൽ അവളോടൊപ്പം നമ്മളും തളയ്ക്കപ്പെടും. എച്ചിലായി സ്വയം മാറുന്നതെങ്ങനെയെന്ന് സംവിധായകൻ നമ്മുടെ മനസ്സിൽ കോറിയിടും.

ശബരിമലയിലെ സ്ത്രീപ്രവേശന വിധിയെ ‘ദി ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചനി’ല്‍, സമർത്ഥമായി ഇഴ ചേർത്തിട്ടുണ്ട്. പുരുഷന് അശുദ്ധമായി തോന്നുന്ന രജസ്വലയെ കണ്ണിൽപ്പെടാതെ ഒഴിവാക്കി നിർത്തുമ്പോൾ, അവൻ ചവച്ച് തുപ്പുന്ന മുരിങ്ങക്ക കോലുകൾ പ്രസാദം പോലെ സ്വീകരിച്ച്, അവന്റെ എച്ചിൽ പാത്രത്തിൽ ചോറ് വിളമ്പി കഴിച്ച് സ്ത്രീ ജീവിതം ധന്യമാക്കി കൊണ്ടിരിക്കുന്ന ഭാരതത്തിലെ പെൺജീവിതങ്ങളുടെ കഥ പറയുന്നതിലൂടെ ഈ കാലഘട്ടത്തെയും സമകാലിക ജീവതത്തെയും ചരിത്രത്തിന്റെ ഭാഗമാക്കുകയാണ് ജിയോ ബേബി. അടുക്കളയിലെ എച്ചിൽ വെള്ളമൊഴിച്ച് പൊതുബോധത്തെ ഉണര്‍ത്താന്‍ സംവിധായകന്‍ നടത്തിയ ഈ ശ്രമം മലയാള സിനിമാ ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരേടാവും എന്നതില്‍ തര്‍ക്കമില്ല.

‘പുരുഷാധിപത്യം’ എന്നത് കടലാസിൽ നിന്ന് മായ്ച്ച് കളഞ്ഞ്, മാറ്റി എഴുതാവുന്ന ഒരു നിയമമല്ല. അത് ആണിലും പെണ്ണിലും രൂഢമായിരിക്കുന്ന ഒരു വിശ്വാസമാണ്. വീട്ടിലെ വിളക്കായി സ്ത്രീയെ സ്ഥാപിച്ചാൽ നിശ്ശബ്ദമായി എരിഞ്ഞ് തീരുന്ന ഒരു തിരി പോലെ അവൾ വീട്ടിലെ ഇരുളിനെ, അഴുക്കിനെ മായ്ച്ച് കൊണ്ടേയിരിക്കണം.

ഈ സിനിമ കണ്ടപ്പോൾ അച്ഛൻ പലപ്പോഴും പറയുന്നത് ഓർത്ത് പോയി – അടുക്കളപ്പണി, ഒരാൾക്ക് വരുമാനം ലഭിക്കേണ്ട ഒരു തൊഴിലാണ്, അത് മറ്റൊരാളുടെ വരുമാന മാർഗ്ഗമാണ് എന്ന്. വീട്ടിൽ ഒരു പ്രശ്നമുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം സ്ത്രീകളുടേതല്ല എന്ന് പറയുക മാത്രമല്ല, പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അച്ഛന്‍. അതേ അച്ഛനെ സന്തോഷിപ്പിക്കാൻ ചമ്മന്തി അമ്മിയിലരയ്ക്കണം, എന്നതും ഒരു സത്യമാണ്. തലേന്നത്തെ ഭക്ഷണം കഴിക്കാത്ത ആളായിരുന്നു എന്റെ ഭര്‍ത്താവ്. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ ഭർത്താവിന്റെ അമ്മ വിരുന്ന് വന്നപ്പോൾ ഫ്രിഡ്ജ് ഒഴിഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചിട്ട് എന്നോടതെക്കുറിച്ച് ചോദിച്ചു. ‘രണ്ട്, മൂന്ന് ദിവസത്തേക്ക് ഉണ്ടാക്കി വയ്ക്കാമല്ലോ?’ എന്നു ചോദിച്ചു. ‘സതീശൻ കഴിക്കില്ല’ എന്ന് ഞാൻ പറഞ്ഞപ്പോൾ, ‘ഇപ്പൊ ഉണ്ടാക്കിയതാന്നും പറഞ്ഞ് കൊടുക്കണം മോളേ’ എന്ന് അമ്മ ഉപദേശിച്ചതും, സതീശനത് കേട്ട് കൊണ്ട് വന്നതും ഞങ്ങളുടെ വീട്ടിലെ എപ്പോഴും പറഞ്ഞ് ചിരിക്കുന്ന ഒരു തമാശയാണ്.

 

അടുക്കളയിലെ പെൺ ജീവിതങ്ങള്‍

‘ദി ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചന്‍’ കണ്ടതിന് പുറകെയാണ് ‘ത്രിഭംഗ’ എന്ന ഹിന്ദി ചിത്രം കണ്ടത്. രേണുക ഷഹാനെ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഭാരതത്തിലെ സ്ത്രീ ജീവിതത്തിന്റെ മറ്റൊരു മുഖമാണ്. എന്നെ സംബന്ധിച്ചിടത്തോളം ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനി’ലെ നായിക, കുടുംബത്തിൽ നിന്ന് ഇറങ്ങിപ്പോകുന്നിടത്ത് ‘ത്രിഭംഗ’ ആരംഭിക്കുകയാണ്.

മൂന്ന് തലമുറയിൽ പെട്ട സ്ത്രീകളുടെ കഥയാണ് ‘ത്രിഭംഗ’ പറയുന്നത്. നയൻതാര ആപ്തേ എന്ന സ്ത്രീപക്ഷ എഴുത്തുകാരി, അവരുടെ മകള്‍ അനുരാധ എന്ന ഒഡീസ്സി നർത്തകി (കാജോൾ), അനുരാധയുടെ മകള്‍ മാഷ (മിഥില പാൽക്കർ) എന്നിവരുടെ ജീവിതമാണ് സിനിമ. സ്ത്രീപക്ഷം മനസ്സിലാക്കുകയും, പൊരുതുകയും ചെയ്യുന്നവർ തങ്ങളുടെ മക്കളെ, അവർ പോലുമറിയാതെ പുരുഷാധിപത്യ സമൂഹത്തിന്റെ ഇരകളാക്കി മാറ്റുന്നതെങ്ങനെ എന്ന് ആ ചിത്രം കാട്ടിത്തരുന്നു. മൂന്നാമത്തെ തലമുറയിലെ പെൺകുട്ടി, സ്വയം, യാതൊരു നിർബന്ധങ്ങളും കൂടാതെ ‘കുടുംബം’ വേണം എന്ന തീരുമാനമെടുക്കുന്നത് നമ്മൾ കാണുന്നു. ഉദരത്തിൽ വളരുന്നത് പെണ്ണോ,ആണോ എന്നറിയാൻ ‘ജെൻഡർ ഡിറ്റേർമിനേഷൻ ടെസ്റ്റ്’ ചെയ്യാൻ അവൾ തയ്യാറാകുന്നു. ഉള്ളിൽ വളരുന്നത് ആൺകുഞ്ഞാകണേ എന്ന പ്രാർത്ഥനയോടെ.

പുരുഷാധിപത്യ സമൂഹം എന്ന നീരാളി പിടിയിൽ കഴിയുന്ന നമ്മൾക്ക് മുന്നിൽ ഈ ചിത്രങ്ങൾ കണ്ണാടി തീർക്കുന്നു. മനസ്സൊന്ന് പിടയാതെ കണ്ട് തീർക്കാനാവില്ല ഇതൊന്നും. ആ നോവിൽ, ചില ഉൾകാഴ്ചകൾ ഉണ്ടാകട്ടെ എന്നാഗ്രഹിക്കാം. ചുറ്റുമുള്ളവരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് ചിന്തിക്കാം. നേരറിയാൻ ഒരു ശ്രമം തുടങ്ങാം.

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സംസാരിക്കുന്നത് യുക്തമായ ബിംബങ്ങളിലൂടെയാണ്. കാരണം അടുക്കളയിലെ പെൺ ജീവിതത്തെ കുറിക്കാൻ അക്ഷരങ്ങൾക്കാകില്ല എന്നത് കൊണ്ട് തന്നെ. അതുകൊണ്ട് ഈ ചിത്രത്തിലെ പാട്ടിന് ലിപികളില്ലാത്ത ‘പാളുവ’ എന്ന ദളിത് ഭാഷ തിരഞ്ഞെടുത്ത് അത് ഒരു ദലിത് സ്ത്രീയെ കൊണ്ട് എഴുതിച്ചു സംവിധായകൻ. മൃദുല ദേവി എഴുതിയ ഗാനം  നമ്മളിൽ നിറയ്ക്കുന്നത് പലതാണ്.

അടിച്ചമർത്തപ്പെടുന്നവരുടെ ഭാഷയ്ക്ക് അക്ഷരമില്ലാതെ പോയ പോലെ… എഴുതപ്പെടാതെ പോകുന്ന പല ജീവിതങ്ങളുടെ കഥയാണ് ഈ ചിത്രം. വായ്മൊഴിയായി കേൾക്കുന്നതെല്ലാം ചിത്രം കാണിച്ച് തരുന്നു. ഇനിയെങ്കിലും എന്താണ് ഇവരുടെയൊക്കെ പ്രശ്നം എന്നാരും ചോദിക്കാതിരിക്കട്ടെ. ഒരിക്കലും തീരാത്ത വീട്ട് ജോലികൾക്കിടയിൽ നിന്ന് നിവരുമ്പോൾ കേൾക്കുന്ന നെടുവീർപ്പ് പോലെ… നടുനിവർക്കുമ്പോൾ ഉണ്ടാകുന്ന ആശ്വാസം പോലെ ഈ ചിത്രം!

മാലാ പാര്‍വ്വതി എഴുതിയ മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: The great indian kitchen movie review maala parvathi