മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ ജീവിത കഥ പറയുന്ന ‘ദി ആക്സിഡെന്റല്‍ പ്രൈം മിനിസ്റ്ററില്‍’ സോണിയ ഗാന്ധിയെ അവതരിപ്പിക്കുക ജര്‍മ്മന്‍ നടിയായ സൂസന് ബെര്‍ണര്‍ട്ട്. നടനായ അഖില്‍ മിശ്രയുടെ ഭാര്യയാണ് സൂസന്. ഹിന്ദി ചിത്രങ്ങളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും സൂസന് അഭിനയിച്ചിട്ടുണ്ട്. 35കാരിയായ നടിക്ക് ബംഗാളി, മറാത്തി, ഹിന്ദി ഭാഷകള്‍ അറിയാം. ടെലിവിഷന്‍ പരമ്പരയായ ‘പ്രധാനമന്ത്രി’യില്‍ സോണിയ ഗാന്ധിയെ സൂസന് നേരത്തേയും അവതരിപ്പിച്ചിട്ടുണ്ട്.
ചിത്രത്തില്‍ അനുപം ഖേര്‍ ആണ് മന്മോഹന് സിങ്ങായി എത്തുന്നത്. വിജയ് ഗുട്ടെ, മായങ്ക് തിവാരി, എന്നിവര്‍ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുനത് വിജയ് ഗുട്ടെയാണ്. പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സഞ്ജയ ബാറു ഇതേ പേരില്‍ 2014ല്‍ എഴുതിയ പുസ്തകമാണ് തിരക്കഥയ്ക്കാധാരം. 2004ല്‍ മന്മോഹന് സിങ് പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഒരു കാലഘട്ടമാണ് പുസ്തകത്തില്‍ പറയുന്നത്. ആ കാലയളവില്‍ മന്മോഹന് സിങ്ങിന്റെ മാധ്യമ ഉപദേശകനും കൂടിയായിരുന്നു സഞ്ജയ ബാറു. സഞ്ജയ ബാറുവായി അക്ഷയ് ഖന്ന എത്തുമ്പോള്‍ സോണിയ ഗാന്ധിയായി സുസെന്‍ ബര്‍നെറ്റ് എത്തുന്നു. ചിത്രത്തിന്റെ പോസ്റ്ററും ഫസ്റ്റ് ലുക്കും പുറത്തു വന്നപ്പോള്‍ വലിയ പ്രതികരണമാണ് ലഭിച്ചത്.
മന്മോഹന് സിങ്ങായി അഭിനയിക്കുന്ന കഥാപാത്രത്തിനു ലഭിക്കുന്ന സ്വീകരണത്തിന് പുറമേ മറ്റൊരു സന്തോഷം കൂടിയുണ്ട് അനുപം ഖേറിന്. അദ്ദേഹം അഭിനയിച്ച ‘ദി ബോയ് വിത്ത് എ ടോപ് നോട്ട്’ എന്ന ചിത്രത്തിന് മികച്ച സഹ നടനുള്ള ബാഫ്ടാ നോമിനേഷന് ലഭിച്ചിട്ടുണ്ട്. ഓസ്കാര്‍ പുരസ്കാരങ്ങള്‍ പോലെ ബ്രിട്ടീഷ് സിനിമയിലെ മികവു അംഗീകരിച്ചു കൊണ്ട് ബ്രിട്ടന് നല്കുന്ന അവാര്‍ഡ് ആണ് ബാഫ്ടാ. ബോളിവുഡ് ഒന്നടങ്കം ഖേറിന്റെ ബാഫ്ടാ നോമിനേഷനെ അനുമോദിച്ചു രംഗത്ത് വന്നു.