ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ‘ദി ഫാമിലിമാൻ സീസൺ 2’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ആകാംക്ഷജനകമായ കഥയും ഉജ്ജ്വലമായ അഭിനയമുഹൂർത്തങ്ങളും കൊണ്ടും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ് ഈ സീരീസ്. മനോജ് ബാജ് പേയി, പ്രിയാമണി എന്ന ആദ്യ സീസൺ താരങ്ങൾക്കൊപ്പം തന്നെ സാമന്ത അക്കിനേനിയും ഇത്തവണ ഈ സീരിസിലുണ്ട്.
രാജി എന്ന ശ്രീലങ്കൻ പെൺകുട്ടിയായി എത്തി അമ്പരപ്പിക്കുന്ന പ്രകടനമാണ് സാമന്ത കാഴ്ച വയ്ക്കുന്നത്. താരത്തിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന് തന്നെ പറയാവുന്ന വേഷമാണിത്. ഇപ്പോഴിതാ, സാമന്തയുടെ അഭിനയത്തെ അഭിനന്ദിച്ചുകൊണ്ട് ‘ഫാമിലിമാൻ’ താരം ഷരീബ് ഹാഷ്മി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
“നിങ്ങൾക്കൊപ്പം ജോലി ചെയ്യുക എന്നത്അതിമനോഹരമായൊരു അനുഭവമായിരുന്നു. അതുപോലെ ഒരു കാഴ്ചക്കാരനെന്ന രീതിയിൽ നിങ്ങളുടെ ഗംഭീര പ്രകടനം എന്നെ അമ്പരപ്പിച്ചു. ‘ജെകെ’യെ കൊല്ലാതിരുന്നതിനു നന്ദി,” ഇൻസ്റ്റഗ്രാം കുറിപ്പിൽ ഷരീബ് ഹാഷ്മി പറയുന്നു.
‘ഫാമിലിമാനി’ൽ ഷരീബ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ജെ കെ. സാമന്തയുടെ രാജിയും ജെകെയും തമ്മിലുള്ള ഏറ്റുമുട്ടൽ സീരിസിലെ ത്രില്ലിംഗ് സീനുകളിൽ ഒന്നാണ്. സംവിധായകരായ രാജും ഡികെയും ചേർന്നാണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നത്.
Read more: ദേഹം മുഴുവൻ വേദനയായിരുന്നു; സംഘട്ടന രംഗം വിവരിച്ച് സാമന്ത, കൈയ്യടിച്ച് റിമ