മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ ജീവിത കഥ പറയുന്ന ചിത്രം ‘ ദി ആക്‌സിഡന്‍റല്‍ പ്രൈം മിനിസ്റ്ററി’ന്‍റെ പോസ്റ്റർ വൈറലാകുന്നു. പോസ്റ്ററിൽ മൻമോഹൻ സിങ്ങിനൊപ്പം ഭാര്യ ഗുര്‍ശരണ്‍ കൗര്‍, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം, ശിവരാജ് പാട്ടീല്‍ തുടങ്ങിയവരെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുമുണ്ട്. എല്ലാവരും ചേർന്ന് പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ ഇരിക്കുന്നതാണ് ചിത്രം.

ചിത്രത്തില്‍ അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിങ്ങായി എത്തുന്നത്‌. ദി ആക്സിഡെന്‍റല്‍ പ്രൈം മിനിസ്റ്ററില്‍’ സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത് ജര്‍മ്മന്‍ നടിയായ സൂസന്‍ ബെര്‍ണര്‍ട്ട്. നടനായ അഖില്‍ മിശ്രയുടെ ഭാര്യയാണ് സൂസന്‍. ഹിന്ദി ചിത്രങ്ങളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും സൂസന്‍ അഭിനയിച്ചിട്ടുണ്ട്. 35കാരിയായ നടിക്ക് ബംഗാളി, മറാത്തി, ഹിന്ദി ഭാഷകള്‍ അറിയാം. ടെലിവിഷന്‍ പരമ്പരയായ ‘പ്രധാനമന്ത്രി’യില്‍ സോണിയ ഗാന്ധിയെ സൂസന്‍ നേരത്തേയും അവതരിപ്പിച്ചിട്ടുണ്ട്.

വിജയ്‌ ഗുട്ടെ, മായങ്ക് തിവാരി, എന്നിവര്‍ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുനത് വിജയ്‌ ഗുട്ടെയാണ്. പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സഞ്ജയ ബാറു ഇതേ പേരില്‍ 2014ല്‍ എഴുതിയ പുസ്തകമാണ് തിരക്കഥയ്ക്കാധാരം. 2004ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഒരു കാലഘട്ടമാണ് പുസ്തകത്തില്‍ പറയുന്നത്. ആ കാലയളവില്‍ മന്‍മോഹന്‍ സിങ്ങിന്‍റെ മാധ്യമ ഉപദേശകനും കൂടിയായിരുന്നു സഞ്ജയ ബാറു. സഞ്ജയ ബാറുവായി അക്ഷയ് ഖന്ന എത്തുമ്പോള്‍ സോണിയ ഗാന്ധിയായി സുസെന്‍ ബര്‍നെറ്റ് എത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook