മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് സൈജു കുറുപ്പ്. വേറിട്ട കഥാപാത്രങ്ങളുമായി സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് സൈജു ഇപ്പോൾ. സോഷ്യൽ മീഡിയയിലും സജീവമായ സൈജു സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഒരു ട്രോളും അതിനു നൽകിയ കമന്റുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സമീപകാലത്ത് സൈജു അവതരിപ്പിച്ച സിനിമകളിലെ സാമ്യം ചൂണ്ടി കാണിച്ച് നിറയെ ട്രോളുകൾ പ്രചരിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു ട്രോളാണ് സൈജു ഷെയർ ചെയ്തിരിക്കുന്നത്. മേപ്പടിയാൻ, മാളിക്കപ്പുറം, മേൻ ഹൂം മൂസ, 12ത്ത് മാൻ, സാറ്റർഡേ നൈറ്റ്, തീർപ്പ്, ഒരുത്തീ എന്നിവയിലെല്ലാം കടം കൊണ്ട് ബുദ്ധിമുട്ടുന്ന കഥാപാത്രമായിട്ടാണ് സൈജു വേഷമിട്ടത്. “നമുക്ക് അഭിമാനിക്കാം, മലയാള സിനിമയ്ക്ക് സ്വന്തമായി ഒരു ടെറ്റ് സ്റ്റാർ ഉണ്ടെന്നതിൽ. കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന ഒരു മനുഷ്യൻ,” എന്ന രീതിയിലുള്ള ട്രോളുകളും കുറച്ചുനാളുകളായി സജീവമാണ്.
“3-4 കഥകൾ പ്രാരാബ്ധം, കടം ഒക്കെ ഉള്ളത് കമ്മിറ്റ് ചെയ്തിട്ടുണ്ട്, നമ്മൾ പൊളിക്കും,” എന്നാണ് സൈജുവിന്റെ സരസമായ മറുപടി.
ആദിത്യൻ ചന്ദ്രശേഖറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘എങ്കിലും ചന്ദ്രികേ’ ആണ് സൈജു അവസാനമായി അഭിനയിച്ച ചിത്രം. സുരാജ്, ബേസിൽ , നിരഞ്ജന അനൂപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉണ്ണി മുകുന്ദൻ ചിത്രം ‘മാളിക്കപ്പുറ’ത്തിലും ശ്രദ്ധേമായ വേഷം സൈജു ചെയ്തിരുന്നു. ഹോട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.