scorecardresearch

ഹേമമാലിനി- ജിത്രേന്ദ വിവാഹം മുടക്കാനെത്തിയ ധർമേന്ദ്ര, ആക്രോശിച്ച് ഹേമയുടെ പിതാവ്; സിനിമയേയും വെല്ലും ഈ ബോളിവുഡ് പ്രണയകഥ

ഹേമമാലിനി- ജിതേന്ദ്ര വിവാഹ വാർത്ത ഏറ്റവും തകർത്തത് ധർമേന്ദ്രയേയും ജിതേന്ദ്രയുടെ അന്നത്തെ കാമുകി ശോഭ സിപ്പിയേയുമാണ്. ഇരുവരും ഒന്നിച്ച് വിവാഹം മുടക്കാനായി മദ്രാസിലേക്ക് പറന്നു

ഹേമമാലിനി- ജിതേന്ദ്ര വിവാഹ വാർത്ത ഏറ്റവും തകർത്തത് ധർമേന്ദ്രയേയും ജിതേന്ദ്രയുടെ അന്നത്തെ കാമുകി ശോഭ സിപ്പിയേയുമാണ്. ഇരുവരും ഒന്നിച്ച് വിവാഹം മുടക്കാനായി മദ്രാസിലേക്ക് പറന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dharmendra Hema Malini

ധർമ്മേന്ദ്രയും ഹേമമാലിനിയും അന്നും ഇന്നും

1970 - 1980 കാലഘട്ടത്തിൽ, ഹൃദ്യമായ ചിരിയും മനോഹരമായ കണ്ണുകളും കൊണ്ട് നിരവധി ആരാധക ഹൃദയങ്ങളെ കീഴടക്കിയ സ്വപ്നസുന്ദരിയായിരുന്നു ഹേമമാലിനി. എന്നാൽ 1980ൽ ഹേമമാലിനി ബോളിവുഡ് താരം ധർമേന്ദ്രയെ വിവാഹം കഴിച്ചതോടെ ആ ഹൃദയങ്ങളെല്ലാം തകർന്നു! ഏറെ ട്വിസ്റ്റുകളും പ്രതിബന്ധങ്ങളുമെല്ലാം കടന്നായിരുന്നു ഹേമമാലിനി- ധർമേന്ദ്ര വിവാഹം. അനുകൂലിക്കുന്നവരേക്കാൾ, ആ ബന്ധത്തെ എതിർത്തവരായിരുന്നു കൂടുതൽ.

Advertisment

ഹേമയെ വിവാഹം ചെയ്യുന്നതിനു മുൻപു തന്നെ ധർമേന്ദ്ര വിവാഹിതനായിരുന്നു എന്നതായിരുന്നു പലരും ആ ബന്ധത്തെ എതിർക്കാനുള്ള കാരണം. പ്രകാശ് കൗർ ആയിരുന്നു ധർമേന്ദ്രയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിങ്ങനെ രണ്ടുമക്കളും ധർമേന്ദ്രയ്ക്ക് ഉണ്ടായിരുന്നു.

സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു തുടങ്ങിയതോടെയാണ് ഹേമമാലിനിയുമായി ധർമേന്ദ്ര പ്രണയത്തിലാവുന്നത്. ഒരു റൊമാന്റിക് സിനിമയെ വെല്ലുന്നതായിരുന്നു ഹേമമാലിനി- ധർമേന്ദ്ര പ്രണയകഥ. ഇരുവരും ഭ്രാന്തമായി പ്രണയിച്ചു. സിനിമകളുടെ ഷൂട്ടിംഗിനിടെ ആളുകളുടെ കണ്ണുവെട്ടിച്ച് ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുക പതിവായിരുന്നു. പൂത്തുലഞ്ഞ ഈ പ്രണയം അധികം വൈകാതെ ഹേമമാലിനിയുടെ അമ്മ ജയയുടെ കണ്ണിൽ പെട്ടു.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ധർമേന്ദ്രയുമായുള്ള മകളുടെ പ്രണയത്തെ ഹേമമാലിനിയുടെ അമ്മ ജയ ചക്രവർത്തിയും അച്ഛൻ വി.എസ്. രാമാനുജവും നഖശിഖാന്തം എതിർത്തു. ധർമേന്ദ്രയിൽ നിന്ന് മകളെ അകറ്റാൻ ആ മാതാപിതാക്കൾ കിണഞ്ഞു ശ്രമിച്ചു. ഒരു ഘട്ടത്തിൽ, നടൻ ജിതേന്ദ്രയുമായി ഹേമയുടെ വിവാഹം ഉറപ്പിക്കുക വരെ ചെയ്തു.

Advertisment

ഹേമമാലിനിയുടെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു അമ്മ ജയ. 1974ൽ ജിതേന്ദ്രയുടെ മാതാപിതാക്കളെ കാണാൻ ജയ ഹേമമാലിനിയെ നിർബന്ധിച്ചു. അമ്മയെ എതിർക്കാൻ കരുത്തില്ലാത്ത ഹേമ അതിനു സമ്മതിച്ചു. ജിതേന്ദ്രയുടെ കുടുംബത്തിനാവട്ടെ ഹേമയെ ഇഷ്ടമാവുകയും ചെയ്തു. അങ്ങനെ ഹേമമാലിനിയുടെയും ജിതേന്ദ്രയുടെയും കുടുംബം വിവാഹത്തിനായി മദ്രാസിലേക്ക് പോയി.

രാം കമൽ മുഖർജിയുടെ 'ഹേമമാലിനി: ബിയോണ്ട് ദി ഡ്രീം ഗേൾ' എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ച് ജിതേന്ദ്രയുടെ അടുത്ത സുഹൃത്ത് പറയുന്നത്, ധർമ്മേന്ദ്രയുമായി പ്രണയത്തിലാണെന്ന് അറിയാമായിരുന്നതിനാൽ ഹേമമാലിനിയെ വിവാഹം കഴിക്കാൻ ജിതേന്ദ്ര ആഗ്രഹിച്ചിരുന്നില്ല എന്നാണ്. “എനിക്ക് ഹേമയെ വിവാഹം കഴിക്കാൻ ആഗ്രഹമില്ല. ഞാൻ അവളുമായി പ്രണയത്തിലല്ല. അവൾക്ക് എന്നോടും പ്രണയമില്ല. പക്ഷേ എന്റെ കുടുംബത്തിന് ഈ ബന്ധം വേണം. അതുകൊണ്ടാണ് ഞാനിതിനു തയ്യാറാവുന്നത്. അവൾ വളരെ നല്ല പെൺകുട്ടിയാണ്,” എന്നാണ് ഹേമയുമായുള്ള വിവാഹത്തെ കുറിച്ച് ജിതേന്ദ്ര സുഹൃത്തിനോട് പറഞ്ഞത്.

വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഹേമയുടെ കുടുംബം അതീവ രഹസ്യമായി സൂക്ഷിച്ചെങ്കിലും ഒരുക്കങ്ങൾക്കിടയിൽ വിവാഹത്തിന്റെ വിശദാംശങ്ങൾ ഒരു മാസികയ്ക്ക് ലഭിച്ചു. അതോടെ രഹസ്യം പരസ്യമായി. ആ വാർത്ത ഏറ്റവും തകർത്തത് ധർമേന്ദ്രയേയും ജിതേന്ദ്രയുടെ അന്നത്തെ കാമുകി ശോഭ സിപ്പിയേയുമാണ്. ഇരുവരും ഉടൻ തന്നെ മദ്രാസിലേക്ക് പറന്നു. പിന്നീടുണ്ടായത് ഒരു റൊമാന്റിക് സിനിമയെ ഓർമിപ്പിക്കുന്ന സംഘർഷഭരിതമായ ക്ലൈമാക്സാണ്, ധർമേന്ദ്രയും ഹേമയുടെ പിതാവും തമ്മിൽ ഏറ്റുമുട്ടി!

'ഹേമമാലിനി: ബിയോണ്ട് ദി ഡ്രീം ഗേൾ' എന്ന പുസ്തകത്തിൽ ആ സംഭവത്തെ വിവരിക്കുന്നത് ഇങ്ങനെ. ധർമ്മേന്ദ്രയെ വീട്ടുവാതിൽക്കൽ കണ്ടപ്പോൾ, ഹേമമാലിനിയുടെ പിതാവ് വി.എസ്. രാമാനുജം ചക്രവർത്തി ആക്രോശിച്ചു, “നീയെന്തുകൊണ്ടാണ് എന്റെ മകളുടെ ജീവിതത്തിൽ നിന്ന് പുറത്തുപോകാത്തത്? നിങ്ങൾ വിവാഹിതനാണ്, നിങ്ങൾക്ക് എന്റെ മകളെ വിവാഹം കഴിക്കാൻ കഴിയില്ല." എന്നാൽ ഹേമയുമായി ഭ്രാന്തമായ പ്രണയത്തിലായിരുന്ന ധർമേന്ദ്രയെ ആ ആക്രോശങ്ങൾക്കൊന്നും പിന്തിരിപ്പിക്കാൻ സാധിക്കില്ലായിരുന്നു. ഹേമമാലിനിയുടെ മുറിയിലേക്ക് ധർമേന്ദ്ര കയറി ചെന്നു, ജീതേന്ദ്രയെ വിവാഹം കഴിച്ച് ‘അബദ്ധം’ ചെയ്യരുതെന്ന് അപേക്ഷിച്ചു.

കുറച്ച് മണിക്കൂറുകൾക്ക് ശേഷം, ഹേമമാലിനി തന്റെ മുറിയിൽ നിന്ന് ഇറങ്ങിവന്ന്, സ്വന്തം കുടുംബത്തോടും ജിതേന്ദ്രയുടെ കുടുംബത്തോടുമായി തനിക്ക് കുറച്ച് സമയം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജീതേന്ദ്രയുടെ കുടുംബത്തിന് അത് സ്വീകാര്യമല്ലായിരുന്നു. അവർ വിവാഹ വേദി വിട്ടിറങ്ങി.

publive-image

ജിതേന്ദ്ര- ഹേമമാലിനി വിവാഹം അവിടെ മുടങ്ങിയെങ്കിലും, അതേ ദിവസം ധർമേന്ദ്ര ഹേമമാലിനിയെ വിവാഹം കഴിച്ചതുമില്ല. അപ്പോഴും ആ പ്രണയത്തിലും മുന്നോട്ടുള്ള ജീവിതം എങ്ങനെ വേണമെന്നുമൊക്കെയുള്ള കാര്യത്തിൽ ധർമേന്ദ്ര കടുത്ത അരക്ഷിതാവസ്ഥ നേരിട്ടിരുന്നു. മാത്രമല്ല, തന്റെ പ്രണയിനിക്ക് പലവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഉള്ളിലെ സമ്മർദ്ദങ്ങൾ കാരണം മദ്യപാനത്തിൽ വരെ ധർമേന്ദ്ര അഭയം തേടി. ധർമേന്ദ്രയുടെ ഈ ശീലങ്ങളും നിബന്ധനകളും ബോളിവുഡിന്റെ 'ഡ്രീം ഗേളി'നെ ശ്വാസം മുട്ടിച്ചു. അങ്ങനെ, ധർമേന്ദ്രയുടെ ആഗ്രഹത്തിന് വിരുദ്ധമായി ജീതേന്ദ്രയ്‌ക്കൊപ്പം സിനിമ ചെയ്യാൻ ഹേമമാലിനി മടങ്ങി. അത് ധർമേന്ദ്രയെ കൂടുതൽ തളർത്തി. ഇത്തവണ തന്റെ ഭാഗം ശരിയാക്കാമെന്ന് ധർമേന്ദ്ര ഹേമമാലിനിക്ക് വാക്ക് കൊടുത്തു. ഒടുവിൽ, 1980 മെയ് 2ന് ധർമേന്ദ്ര ഹേമമാലിനിയെ വിവാഹം കഴിച്ചു.

തന്നെ സ്നേഹിക്കുന്നവരെയെല്ലാം ധിക്കരിച്ച് ധർമേന്ദ്രയോടൊപ്പം തീരുമാനിക്കാൻ ഹേമമാലിനി തീരുമാനിച്ചു. കാരണം ഹേമയുടെ സന്തോഷം ധർമേന്ദ്ര മാത്രമായിരുന്നു. ധർമേന്ദ്രയുടെ ലാളിത്യവും ആത്മാർത്ഥതയുമാണ് തന്നെ ആകർഷിച്ചതെന്നാണ് ഹേമമാലിനി പറയുന്നത്.

“അദ്ദേഹം എന്റെ അമ്മയെപ്പോലെയായിരുന്നു. ഒരിക്കലും എന്നെ പുകഴ്ത്തുകയില്ലായിരുന്നു. പക്ഷേ പുറത്തുള്ള ആളുകളോട് അദ്ദേഹം എന്നെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നുവെന്ന് അവരെന്നോട് പറയുമായിരുന്നു. പക്ഷേ എന്റെ മുഖത്തുനോക്കി പുകഴ്ത്തില്ല. എന്നോട് എപ്പോഴും, നീ ഓകെയാണ് എന്നു മാത്രം പറയും. എന്റെ അമ്മയെ പോലെ തന്നെ. ആർക്കറിയാം 'ഇത് ചെയ്യൂ… അങ്ങനെ ചെയ്യരുത്' എന്നിങ്ങനെ അമ്മയിൽ ഞാൻ കണ്ട് പരിചിതമായ ആ സ്വഭാവവിശേഷങ്ങൾ തന്നെയാവാം എന്നെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത്', ഹേമമാലിനി പറയുന്നു.

publive-image

എന്നിരുന്നാലും വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും പലരും തന്നെ ധർമേന്ദ്രയുടെ രണ്ടാം ഭാര്യ എന്ന രീതിയിൽ വിളിക്കുന്നത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്നെന്നും ഹേമമാലിനി പറയുന്നു. "പലരും ആവർത്തിച്ച് ആവർത്തിച്ച്, എന്നെ "രണ്ടാം വിവാഹത്തിലെ ആദ്യ വനിത" എന്ന് വിളിച്ചു. എനിക്കത് ഇഷ്ടമല്ല. അത് ന്യായവുമല്ല. ഒരുപക്ഷേ എന്റെ തലമുറയിലെ ആദ്യത്തെ ആളായിരിക്കാം ഞാൻ. മറ്റുള്ളവരുടെ കാര്യത്തിൽ എനിക്ക് ഉത്തരവാദിത്തം വഹിക്കാനാവില്ല. ഇതെല്ലാം സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ”

ഇഷ, അഹാന എന്നീ രണ്ട് പെൺമക്കളാണ് ഹേമമാലിനി- ധർമേന്ദ്ര ദമ്പതികൾക്ക് ഉള്ളത്. ഹേമമാലിനിയും ധർമേന്ദ്രയും ഇപ്പോൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. എന്നാൽ ഇരുവരും ഇപ്പോഴും പരസ്പരം ബഹുമാനം പുലർത്തുന്നു. “എനിക്ക് അതിൽ വിഷമമില്ല. ഞാൻ എന്നിൽ സന്തോഷവതിയാണ്. എനിക്ക് എന്റെ രണ്ട് കുട്ടികളുണ്ട്, ഞാൻ അവരെ നന്നായി വളർത്തി,” ഹേമമാലിനി പറയുന്നു.

Hema Malini

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: