പാരമ്പര്യ രീതികളിൽനിന്നും മാറി എമ്മ വാട്സൺ വിവാഹ അഭ്യർഥന നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ദീർഘനാളായി തന്റെ ബോയ്ഫ്രണ്ടായ 36 കാരനായ വില്യം മാക് നൈറ്റിനോടാണ് എമ്മ വിവാഹ അഭ്യർഥന നടത്താൻ തയാറെടുക്കുന്നത്.
”ഇരുവരുടെയും ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ചിന്തിക്കുന്നതായി എമ്മയും മാക്കും തങ്ങളുടെ അടുത്ത ചില സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. മാക്ക് നല്ല പിന്തുണയാണ് എമ്മയ്ക്കു നൽകുന്നത്. മാക്കിനെപ്പോലൊരു ബോയ്ഫ്രണ്ടിനെ ലഭിച്ചതിൽ എമ്മ വളരെ സന്തോഷത്തിലാണെന്ന്” ഗ്രാസിയ മാഗസിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
പാരമ്പര്യ രീതികളിൽനിന്നും മാറി ചിന്തിക്കാനാണ് എമ്മയുടെ ശ്രമം. പൊതുവേ വിവാഹ അഭ്യർഥന ആദ്യം നടത്തുന്നത് ആൺകുട്ടിയാണ്. എന്നാൽ ഈ രീതിയെ മാറ്റി മാക്കിനോട് ആദ്യം തനിക്ക് വിവാഹ അഭ്യർഥന നടത്തണമെന്നും പാരമ്പര്യരീതിയെ തകർക്കണമെന്നും എമ്മ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. തന്റെ പ്രവൃത്തി മറ്റു സ്ത്രീകളെയും ഇത്തരത്തിൽ ചിന്തിക്കാൻ പ്രചോദിപ്പിക്കുമെന്നും എമ്മ പറഞ്ഞതായി വൃത്തങ്ങൾ പറയുന്നു.
പാരമ്പര്യരീതിയിൽ വിവാഹം കഴിക്കുന്നതിനോടും എമ്മയ്ക്ക് താൽപര്യമില്ല. ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷെയർ പോലുളള എവിടെയെങ്കിലും വച്ചായിരിക്കണം തന്റെ വിവാഹമെന്നു എമ്മ കുടുംബത്തിനോട് പറഞ്ഞിട്ടുണ്ട്. എമ്മയും മാക്കും കഴിഞ്ഞ ക്രിസ്മസിന് ഒരുമിച്ച് ഇവിടെ സമയം ചെലവഴിച്ചിരുന്നു. എന്നാൽ ന്യൂയോർക്ക് വിട്ട് താമസിക്കാൻ ഇരുവർക്കും ആഗ്രഹിക്കുന്നില്ല.