മോഹന്‍ലാല്‍ എന്ന അഭിനയവിസ്മയത്തെ വെള്ളിത്തിരിയില്‍ കണ്ടു അത്ഭുതപ്പെട്ടവരാണ് നമ്മള്‍ എല്ലാം. ഇന്ദ്രജാലക്കാരന്‍ തൊപ്പിയില്‍ നിന്നും വിസ്മയങ്ങള്‍ ഓരോന്നായി എടുത്തു കാട്ടുന്നത് പോലെ തന്റെ അഭിനയത്തിന്റെ വിവിധ തലങ്ങള്‍ കൊണ്ട് മലയാളികളെ മോഹന്‍ലാല്‍ അത്ഭുതപ്പെടുത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഇത്ര മനോഹരമായി മോഹന്‍ലാല്‍ എങ്ങനെ അഭിനയിക്കുന്നു എന്നത് പ്രേക്ഷകരുടെ മാത്രമല്ല, അദ്ദേഹത്തോടോപ്പം ജോലി ചെയ്തിട്ടുള്ള സിനിമാ പ്രവര്‍ത്തകരുടേയും മനസ്സില്‍ ഉള്ള ഒരു ചോദ്യമാണ്.

ഇങ്ങനെ അനുഗ്രഹീതനായ ഒരു നടന്‍ അഭിനയിക്കുന്നത് മറ്റൊരു പ്രതിഭാശാലിയായ നടി നോക്കി നിന്നത് വിവരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മാതൃഭൂമിയില്‍ എഴുതിയ കുറിപ്പിലാണ് ‘സ്നേഹവീട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദിനങ്ങളില്‍ അതിലെ നായികമാരില്‍ ഒരാളായ ഷീല, മോഹന്‍ലാല്‍ അഭിനയിക്കുന്നത് കാണാന്‍ വേണ്ടി ലൊക്കേഷനില്‍ നിന്നിരുന്നത് അദ്ദേഹം ഓര്‍ത്തെടുത്തത്‌.

 

“ഉച്ച കഴിഞ്ഞേ ചേച്ചിയുടെ സീന്‍ എടുക്കുന്നുള്ളൂ. അതു വരെ മുറിയില്‍ വിശ്രമിച്ചോളൂ, എന്നു പറഞ്ഞാലും അതിരാവിലെ ഞങ്ങളെത്തും മുന്‍പ് ലൊക്കേഷനിലെത്തും. ചോദിച്ചാല്‍ പറയും, ”മോഹന്‍ലാല്‍ അഭിനയിക്കുന്നത് കണ്ടു കൊണ്ട് നില്‍ക്കാമല്ലോ.’

ലാല്‍ സിനിമയെന്ന മാധ്യമത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലാത്ത കാലത്ത് അന്നത്തെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മത്സരിച്ചഭിനയിച്ച നടിയാണ്. പക്ഷേ, കൗതുകത്തോടെ, ആരാധനയോടെ മോഹന്‍ലാല്‍ അഭിനയിക്കുന്നതും നോക്കി നില്‍ക്കും.”, കേരള സര്‍ക്കാര്‍ നല്‍കുന്ന ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് ഇത്തവണ അര്‍ഹയായ ഷീലയെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞതിങ്ങനെ.

mohanlal, sheela, suriya, kappaan, mohanlal movies, mohanlal acting, sathyan anthikad, മോഹന്‍ലാല്‍, ഷീല, സത്യന്‍ അന്തിക്കാട്

Mohanlal and Sheela in Sathyan Anthikad’s Snehaveedu

മോഹന്‍ലാല്‍ അഭിനയിക്കുന്നത് എങ്ങനെ?

പലരും പല വട്ടം അറിയാന്‍ ആഗ്രഹിച്ച ആ ചോദ്യം അടുത്തിടെ തമിഴ് താരം സൂര്യ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു. ‘എല്ലാം മുകളില്‍ നിന്നുള്ള അനുഗ്രമാണ്’ എന്നാണു മോഹന്‍ലാല്‍ അതിനു മറുപടി പറഞ്ഞത്. ‘എന്‍ ജി കെ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി കൊച്ചിയില്‍ എത്തിയപ്പോള്‍ ആണ് സൂര്യ ഇത് പറഞ്ഞത്. സൂര്യയുടെ അടുത്ത ചിത്രമായ ‘കാപ്പാനില്‍’ പ്രധാനപ്പെട്ട ഒരു റോളില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. കെ വി ആനന്ദ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായാണ്‌ മോഹന്‍ലാല്‍ എത്തുന്നത് എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

Read More: രാഷ്ട്രീയം പറഞ്ഞ് ‘കാപ്പാൻ’ മോഹന്‍ലാൽ-സൂര്യ ചിത്രത്തിന്റെ ടീസർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook