ദില്ലി : സഞ്ജയ് ബാറുവിന്റെ വിവാദ പുസ്തകം ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്‌റര്‍ : ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്ങ്’ന്റെ സിനിമാ പതിപ്പിന്റെ ഫസ്റ്റ് പോസ്റ്റർ ചർച്ചയാകുന്നു. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹൻ സിങായി വേഷമിടുന്ന ബോളിവുഡ് നടനായ അനുപം ഖേര്‍ ആണ്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേശകനായിരുന്ന സഞ്ജയ്ബാറുവിന്റെ പുസ്തകം 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായിട്ടാണ് പ്രസിദ്ധീകരിച്ചത്. പുസ്തകം ഏറെ വിവാദമായിരുന്നു. സുനില്‍ ബൊഹ്‌റ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിജയ് രത്‌നാകര്‍ ആണ്. ദേശീയ അവാര്‍ഡ് ജേതാവ് ഹന്‍സല്‍ മേത്തയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

അനുപം ഖേർ മൻമോഹൻ സിങ്ങായി നിൽക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. പൊതുവെ ബിജെപി അനുകൂല രാഷ്ട്രീയ നിലപാടുള്ള അനുപം ഖേർ മൻമോഹൻ സിങ്ങാവുന്നു എന്നതാണ് പ്രധാന ചർച്ചാ വിഷയം. എന്നാൽ മൻമോഹൻ സിങ്ങിനോട് അനുപം ഖേറിനുള്ള രൂപ സാദൃശ്യം ഏവരും അംഗീകരിക്കുന്നതാണ്. ഇത് തെളിയിക്കുന്നത് കൂടിയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ജീവിച്ചിരിക്കുന്ന ഒരാളായി അഭിനയിക്കുക എന്നത് വെല്ലുവിളിയാണ്. എങ്കിലും മന്‍മോഹനായി വേഷമിടാന്‍ താന്‍ തയ്യാറാണെന്ന് അനുപം ഖേര്‍ അഭിപ്രായപ്പെട്ടിരുന്നു. 2019 ലോക്സഭാ ഇലക്ഷനു മുന്‍പായി 2018 ഡിസംബറില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ