അനുപം ഖേര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ബോക്‌സ് ഓഫീസില്‍ കിതപ്പ് തുടരുന്നു. ജനുവരി 11ന് റിലീസായ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ 13.90 കോടി രൂപ മാത്രമാണെന്ന് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങള്‍ക്കു നടുവിലായിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ മോശമായി ചിത്രീകരിക്കുന്നു എന്നതാണ് ചിത്രത്തിനെതിരായ പ്രധാന ആരോപണം.

പ്രേക്ഷകരുടേയോ നിരൂപകരുടേയോ പ്രശംസ നേടാന്‍ ചിത്രത്തിനായില്ല. ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ നിരൂപകയായ ശുഭ്ര ഗുപ്ത ചിത്രത്തിന് റേറ്റിങ് ഒന്നും നല്‍കിയില്ല. മാത്രമല്ല, പ്രചരണത്തിനായി ഒരുക്കിയെടുത്ത ഒരു ചിത്രം മാത്രമാണിത് എന്നും ശുഭ്ര ഗുപ്ത അഭിപ്രായപ്പെട്ടിരുന്നു.

Read More: The Accidental Prime Minister Movie Review: നിലവാരമില്ലാത്ത, ‘പ്രോപ്പഗാന്‍ഡാ’ പടം

ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ രചയിതാവിന്റെ കാഴ്ചപ്പാടുകളെ ആസ്പദമാക്കി ഒരുക്കിയ ഒരു ചിത്രമാണ് ഇതെന്നെന്നും, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ മോശക്കാരനാക്കി ചിത്രീകരിക്കുക എന്നതാണ് ചിത്രത്തിന്റെ പ്രധാന അജണ്ടയെന്നുമാണ് തന്റെ നിരൂപണത്തില്‍ ശുഭ്ര പറയുന്നത്. ചിത്രത്തില്‍ അക്ഷയ് ഖന്നയാണ് സഞ്ജയ് ബാറുവിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാറുവാണ് വിവാദ പുസ്തകം രചിച്ചിരിക്കുന്നത്. പുസ്തകത്തിനെതിരെ മുന്‍ ദേശീയ ഉപദേഷ്ടാവ് എം.കെ നാരായണന്‍ രംഗത്തെത്തിയിരുന്നു. പുസ്തകത്തിലെ 80 ശതമാനം പരാമര്‍ശങ്ങളും തെറ്റാണെന്നാണ് നാരായണന്‍ പറയുന്നത്.

കള്ളങ്ങള്‍ കൊണ്ട് കെട്ടിച്ചമച്ച ഒരു പുസ്തകമാണത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പണമുണ്ടാക്കാനായി എഴുതിയ പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു. ‘ഇതിലെ 80 ശതമാനം അവകാശവാദങ്ങളും കളവാണ്. അദ്ദേഹം സര്‍ക്കാരില്‍ സ്വാധീനമുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നില്ല. അദ്ദേഹം ഒന്നുമല്ലായിരുന്നു,’ ഭാരത് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook