മന്‍മോഹന്‍സിങ്ങിന്റെ ജീവിതം പറയുന്ന ചിത്രം ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യും. വന്‍ വിവാദങ്ങള്‍ക്ക് ശേഷമാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ മിന്നലാക്രമണത്തിന്റെ കഥ പറയുന്ന ‘ഉറി’ എന്ന ചിത്രവും ഇന്നാണ് റിലീസ് ചെയ്യുന്നത്. രണ്ട് ചിത്രങ്ങളും ബിജെപിയുടെ രാഷ്ട്രീയ പ്രചരണ തന്ത്രമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നീക്കണമെന്ന ഹരജി കോടതി തള്ളിയിരുന്നു. ഡല്‍ഹി സ്വദേശിയായ ഫാഷന്‍ ഡിസൈനര്‍ പൂജാ മഹജന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി കാമേശ്വര്‍ റാവു എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്‍റെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ബാരു എഴുതിയ പുസ്തകത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രം പ്രദര്‍ശനത്തിന് മുന്‍പ് തന്നെ ഒരുപാട് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. അനുപം ഖേറാണ് ചിത്രത്തില്‍ മന്‍മോഹന്‍റെ വേഷത്തിലെത്തുന്നത്. സഞ്ജയ് ബാരു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയ് ഗുട്ടെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോണ്‍ഗ്രസിനെതിരെ മോശമായ ചിത്രീകരണം ഉണ്ടെങ്കില്‍ പ്രദര്‍ശനം തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

ഉറി സൈനിക താവളത്തില്‍ പാക്കിസ്ഥാന്‍ നടത്തിയ ഭീകരാക്രമണവും ഇന്ത്യയുടെ തിരിച്ചടിയും ആണ് ‘ഉറി’ എന്ന ചിത്രത്തില്‍ പറയുന്നത്. വിക്കി കൗശല്‍ ആണ് ചിത്രത്തിലെ നായകൻ. കമാൻഡോ ആയി ആണ് വിക്കി കൌശാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ആദിത്യ ധര്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. യാമി ഗൗതം ആണ് നായിക. മിതേഷ് ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook