ഈ വർഷം ആദ്യം പുറത്തിറങ്ങി, മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ ചിത്രമായിരുന്നു മധു സി.നാരായണൻ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്സ്’. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിങ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറിൽ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് നിർമിച്ച ‘കുമ്പളങ്ങി നൈറ്റസ്’ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടി. കേരളത്തിൽ നിന്നു മാത്രമായി ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണിത്.

Read More: കുമ്പളങ്ങിയിലെ ആ അമ്മയുടെ ചെറുപ്പം ഇതാ

നെപ്പോളിയന്റെ മക്കളായി സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, മാത്യു തോമസും എത്തിയപ്പോള്‍ ഇവരുടെ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ചത് ലാലി പി.എം ആയിരുന്നു. മലയാള സിനിമ കണ്ടു പരിചയിച്ച അമ്മ വേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ലാലി അവതരിപ്പിച്ച കഥാപാത്രം. ഈ കഥാപാത്രത്തിന് തന്റെ അമ്മയുമായി സാമ്യതയുണ്ടെന്നാണ് ശ്യാം പുഷ്കരൻ പറഞ്ഞത്.. ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“അത് എന്റെ അമ്മയയാണ്. അമ്മയ്ക്ക് എപ്പോഴും വിക്സ് വാപോറബിന്റെ മണമായിരുന്നു. പോസ്റ്റ് ഓഫിസിൽ മുഴുവൻ സമയ ജോലി കഴിഞ്ഞ് വന്നതിന് ശേഷം ഞങ്ങളുടെ കാര്യങ്ങളും നോക്കണമായിരുന്നു. അമ്മ എല്ലാം ചെയ്തു. കഴിഞ്ഞ 35-40 വർഷങ്ങളായി അമ്മ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു. കഷ്ടപ്പെടുന്നു. അതിനിടയിൽ ഞങ്ങൾക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുന്നു. അമ്മമാരുടെ അത്തരം ജോലികൾക്ക് നാം വില കൽപ്പിക്കുന്നില്ല,” ശ്യാം പുഷ്കരൻ പറഞ്ഞു.

സ്ത്രീകഥാപാത്രങ്ങളെ രൂപപ്പെടുത്തുക എന്നത് വളരെ സങ്കീർണമാണെന്ന് ശ്യാം പുഷ്കരൻ പറയുന്നു. “എനിക്ക് ഒരു ഫെമിനിസ്റ്റ് ആകണം. എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ഞാൻ സ്ത്രീകഥാപാത്രങ്ങളെ എഴുതാൻ ശ്രമിക്കുന്നു. നമ്മുടെ സിനിമകൾ നായികാ കഥാപാത്രത്തെ കുറിച്ച് ഒരുപാട് ചിന്തിക്കുന്നില്ല. എല്ലാ ശ്രദ്ധയും നായകനിലേക്കാണ്. അവന്റെ പോരാട്ടം, കുടുംബം, അമ്മ. നായകനോട് അനുഭാവം പുലർത്തുന്ന, അല്ലെങ്കിൽ സഹാനുഭൂതി സൃഷ്ടിക്കുന്ന സിനിമകളാണ് നമ്മൾ ഒരുക്കുന്നത്. നായികയുടെ ജീവിതത്തെ കുറിച്ച് അത്തരമൊരു ശ്രദ്ധയോ ചിന്തയോ ഉണ്ടാകുന്നില്ല. ഞാൻ ചെയ്യാൻ ശ്രമിച്ചത് ഞാൻ എഴുതുന്ന സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് കുറച്ചുകൂടി ചിന്തിക്കുക എന്നതാണ്. അത് മാത്രമാണ് അത്തരം കഥാപാത്രങ്ങൾ നിർമിക്കാൻ നമുക്ക് ചെയ്യാവുന്നത്,” ശ്യാം പറയുന്നു.

“താളം തെറ്റിയ ഒരു കുടുംബം എന്ന ആശയത്തിൽ നിന്നാണ് കുമ്പളങ്ങി നൈറ്റ്സ് ആരംഭിക്കുന്നത്. തീർച്ചയായും, എല്ലാ കുടുംബങ്ങളും താളം തെറ്റിയതാണ്. അതാണ് ഞാൻ എക്സ്‌പ്ലേർ ചെയ്യാൻ ആഗ്രഹിച്ചത്. ഒരു കംപ്ലീറ്റ് മാൻ, ഇടയ്ക്ക് താളം തെറ്റാവുന്ന ഒരു കംപ്ലീറ്റ് മാൻ എന്ന ചിന്തയും ഉണ്ടായിരുന്നു. അതാണ് ചിത്രത്തിന്റെ പ്രധാന തീം. സജി (സൗബിൻ ഷാഹിർ അവതരിപ്പിച്ച കഥാപാത്രം)യും, ഷമ്മി (ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രം)യും പരസ്പരം വ്യത്യസ്തരാണ്. എന്താണ് ഒരു കംപ്ലീറ്റ് മാൻ? എന്തിലാണ് അദ്ദേഹം വിശ്വസിക്കുന്നത്? എപ്പോൾ വേണമെങ്കിലും തകരാവുന്ന, വികാരങ്ങൾ പ്രകടിപ്പിക്കാൻ സാധിക്കുന്ന ഒരാളാണോ അദ്ദേഹം? ഒരു കംപ്ലീറ്റ് മാൻ, അല്ലെങ്കിൽ ശരിക്കുള്ള പുരുഷൻ എന്ന ടാഗ് മിക്ക പുരുഷന്മാരിലും വല്ലാത്ത സമ്മർദം ചെലുത്തുന്നുണ്ട്. അവൻ ശക്തനായിരിക്കണം, കരയരുത്, പുരുഷന്മാർക്ക് വേദന തോന്നരുത്. ഇതിൽ നിന്നാണ് ആക്രമണം വരുന്നത്. വികാരാധീനനായിരിക്കുന്നതിൽ തെറ്റില്ലെന്ന് പുരുഷന്മാരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ ആരംഭത്തെ കുറിച്ച് ശ്യാം പുഷ്കരൻ പറയുന്നത് ഇങ്ങനെ.

Read in English

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook