പഠനവും സ്വല്പം നാടകവുമൊക്കെയായി കറങ്ങി നടക്കുകയായിരുന്നു ശാന്തി ബാലചന്ദ്രൻ എന്ന കൊച്ചിക്കാരി. എന്നാല്‍ ഇന്ന് മലയാള സിനിമയില്‍ തന്റേതായ കൈയ്യൊപ്പു ചാര്‍ത്താനായി മറ്റെല്ലാത്തിനും ഒരു ചെറിയ ഇടവേള നല്‍കിയിരിക്കുകയാണ് ശാന്തി. പേര് പോലെതന്നെ ശാന്തമായ മുഖവും സൗമ്യമായ സംസാരവും സ്വതസിദ്ധമായ അഭിനയവും കൊണ്ട് തരംഗം എന്ന ചിത്രത്തിലെ മാലുവായി പ്രേക്ഷകരിലേക്ക് എത്തുകയാണ് ഈ മിടുക്കി. നവാഗത സംവിധായകനായ ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന തരംഗം എന്ന ചിത്രത്തിലെ നായിക ശാന്തി ബാലചന്ദ്രൻ ഐഇ മലയാളം വായനക്കാരോട് സംവദിക്കുന്നു…

തരംഗത്തിലേക്കുളള വിളി
കഴിഞ്ഞ വര്‍ഷം എറണാകുളത്ത് ഞാന്‍ ഫോര്‍പ്ലേ പ്രൊഡക്ഷന്‍സിന്റെ ഒരു നാടകം അവതരിപ്പിച്ചിരുന്നു. നാടകത്തിന്റെ ടീസറിനും ട്രെയിലറിനും വലിയ സ്വീകാര്യതയാണ് യൂട്യൂബില്‍ ലഭിച്ചത്. ഇതു കണ്ടിട്ടാണ് സംവിധായകന്‍ ഡൊമിനിക് വിളിക്കുന്നത്. ഒരു സീന്‍ തന്നിട്ട് അഭിനയിച്ച വിഡിയോ അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ തരംഗത്തിലേക്ക് വിളിവന്നു.

നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയപ്പോഴാണ് എനിക്ക് കലയോട് താത്പര്യം കൂടിയത്. എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് ഒരു ആത്മവിശ്വാസം തന്നതും സ്റ്റേജാണ്. പക്ഷേ സിനിമയില്‍ വരാനൊന്നും പ്ലാന്‍ ഇല്ലായിരുന്നു. പക്ഷേ ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയിരുന്നു.

ആദ്യം കാമറയ്ക്ക് മുന്നില്‍ നിന്നത് തരംഗത്തിലല്ല!
തരംഗമാണ് ആദ്യം പൂർത്തീകരിച്ച ചെയ്ത ചിത്രമെങ്കിലും പ്രേംശങ്കര്‍ സംവിധാനം ചെയ്ത ‘രണ്ടു പേര്‍’ ആണ് ആദ്യം അഭിനയിച്ചു തുടങ്ങിയത്. രണ്ട് ചിത്രങ്ങളും ഒരേ സമയം തീരുകയും ചെയ്തു. രണ്ടു പേര്‍ എന്ന ചിത്രം ഐഎഫ്എഫ്‌കെയുടെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. അതുകൊണ്ട് റിലീസ് ഇനി ചലച്ചിത്ര മേള കഴിഞ്ഞേ ഉണ്ടാവുകയുളളൂ.

ശാന്തി മാലുവായപ്പോള്‍
തരംഗത്തിലെ എന്റെ കഥാപാത്രത്തിന്റെ പേര് മാലു എന്നാണ്. കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ആയ മാലു ചിത്രത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വെറുതെ നായകനൊപ്പം നില്‍ക്കാന്‍ അല്ലാതെ മാലുവിന് സ്വന്തമായി ഒരു നിലപാടും വ്യക്തിത്വവും സ്‌ക്രിപ്റ്റില്‍ നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ തിരക്കഥയ്ക്ക് അപ്പുറത്തേക്ക് മാലു എങ്ങനെയായിരിക്കും എന്നറിയാനുളള എന്റെ ചോദ്യങ്ങള്‍ക്ക് സംവിധായകന്‍ ഡൊമിനിക്കിന് വ്യക്തമായ ഉത്തരങ്ങളുമുണ്ടായിരുന്നു. അദ്ദേഹത്തിന് അതെല്ലാം നന്നായി പറഞ്ഞു തരാനുളള ക്ഷമയുമുണ്ടായിരുന്നു. ഇത്തരം ചെറിയ ആലോചനകളും ഒരുക്കങ്ങളും മാലുവാകാന്‍ നടത്തിയിരുന്നു.

ടൊവിനോയുടെ നായിക
ആദ്യ ചിത്രത്തില്‍ ടൊവിനോയുടെ നായിക എന്നു പറയുമ്പോള്‍ ഞാന്‍ എക്‌സൈറ്റഡാണ്. ഈ ചിത്രം കമ്മിറ്റ് ചെയ്യുമ്പോള്‍ ടൊവിനോയുടെ ഗപ്പി ഇറങ്ങിയ സമയമാണ്. ഒരു മുന്‍നിര നായകന്‍ എന്നതിലുപരി അഭിനയംകൊണ്ട് ഒരു സ്റ്റാര്‍ പദവി ടൊവിനോ ഉണ്ടാക്കിയെടുത്തിരുന്നു. അതുകൊണ്ടു തന്നെ ഒരുപാട് സന്തോഷം തോന്നി. പിന്നെ സെറ്റിലാണെങ്കിലും പല കാര്യങ്ങളും നമുക്ക് അദ്ദേഹത്തില്‍ നിന്ന് നോക്കി പഠിക്കാന്‍ കഴിയുമായിരുന്നു. വളരെ ഡൗണ്‍ ടു എര്‍ത്തായ ഒരു നല്ല മനുഷ്യനാണ് ടൊവിനോ.

പഠനം സീരിയസാണ്
പഠിച്ചതും വളര്‍ന്നതുമെല്ലാം പല സ്ഥലങ്ങളിലായാണ്. സ്‌കൂള്‍ കാലഘട്ടമെല്ലാം കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരുന്നു. പിന്നെ ഡിഗ്രി ചെയ്യാന്‍ വീണ്ടും ഇവിടെയെത്തി. ആലുവ യുസി കോളേജിലായിരുന്നു സൈക്കോളജിയില്‍ ബിരുദമെടുത്തത്. പിന്നെ പിജി ചെയ്യാനായി ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പോയി. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ആന്ത്രപ്പോളജിയില്‍ (നരവംശ ശാസ്ത്രം) ഗവേഷണം ചെയ്യുകയാണ്.

സിനിമ ചെയ്യുന്നതുകൊണ്ട് തത്കാലം ഗവേഷണത്തിന് സര്‍വകലാശാലയില്‍ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ്. ഇനി രണ്ടു തീസിസ് കൂടിയേ ചെയ്യാനുളളൂ. ഇതില്‍ നിന്ന് ഒഴിവ് എടുത്തിട്ട് വേണം ഇനി അത് ചെയ്തു തീര്‍ക്കാന്‍!

അഭിനയവും സീരിയസാണ്
എനിക്ക് ഇപ്പോള്‍ കിട്ടിയ രണ്ടു കഥാപാത്രങ്ങളും ബോള്‍ഡാണ്. സ്വന്തമായി എന്തെങ്കിലും ചെയ്യാനുളള കാമ്പുളള കഥാപാത്രങ്ങളായിരുന്നു. അതുകൊണ്ട് ഇനിയുളള ചിത്രങ്ങളും അങ്ങനെയാകണമെന്നാണ് ആഗ്രഹം. ഇതുവരെ മറ്റ് ചിത്രങ്ങളിലേക്ക് വിളി വന്നെങ്കിലും ഒന്നും തീരുമാനിച്ചിട്ടില്ല. കഥ കേട്ട് ആലോചിച്ച് സിനിമ ചെയ്യാം എന്നു കരുതിയാണ് കാത്തിരിക്കുന്നത്.

കൊച്ചിക്കാരി
സ്വദേശം കോട്ടയമാണെങ്കിലും കൊച്ചിയിലാണ് താമസം. അച്ഛന്‍ ബാലചന്ദ്രനും അമ്മ പ്രേമലതയും ബാങ്ക് ഉദ്യോഗസ്ഥരാണ്. അനിയന്‍ സന്ദീപ് എംബിഎ പഠിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ