Thanneermathan Dinangal Full Movie Review in Malayalam: ‘കുമ്പളങ്ങി നൈറ്റ്സി’ലെ ഫ്രാങ്കിയായി മലയാളികളുടെ ഹൃദയം കീഴടക്കിയ മാത്യു തോമസും ‘ഉദാഹരണം സുജാത’ ഫെയിം അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തണ്ണീർ മത്തൻ ദിനങ്ങൾ’ ചിരിയ്ക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ഒരു കോമഡി എന്റർടെയിനർ ചിത്രമാണ്. പുതുമയുള്ള തമാശകളും അഭിനേതാക്കളുടെ സ്വതസിദ്ധമായ അഭിനയമുഹൂർത്തങ്ങളും രസകരമായൊരു കഥയുമായി രണ്ടര മണിക്കൂർ പ്രേക്ഷകരെ ചിരിപ്പിച്ചും രസിപ്പിച്ചും തിയേറ്ററുകളിൽ കയ്യടി നേടുകയാണ് ചിത്രം.

ജയ്സൻ (മാത്യു തോമസ്) എന്ന പതിനാറു വയസ്സുകാരനാണ് ചിത്രത്തിലെ നായകൻ. പതിനാറ്- പതിനേഴു വയസ്സു പ്രായം എന്നത് പെൺകുട്ടികളെ സംബന്ധിച്ച് മധുര പതിനേഴ് എന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും ആൺകുട്ടികൾക്ക് പലപ്പോഴുമത് അങ്ങനെ ആവണമെന്നില്ല. അരക്ഷിതാവസ്ഥകളും ആത്മവിശ്വാസക്കുറവുമൊക്കെയുള്ള ആൺകുട്ടികളെ സംബന്ധിച്ചാണെങ്കിൽ ആ കാലഘട്ടം അൽപ്പം സംഘർഷഭരിതമാവാനുള്ള സാധ്യതകളുമേറെയാണ്. അത്തരത്തിൽ, തന്നെ കുറിച്ച് വലിയ മതിപ്പില്ലാത്ത, അരക്ഷിതാവസ്ഥകളുള്ള, പഠനത്തിലൊന്നും വേണ്ടത്ര ശോഭിക്കാൻ കഴിയാത്തൊരു കൗമാരക്കാരനാണ് ജയ്സൻ.

ജയ്സന്റെ ജീവിതത്തിലെ മൂന്നു ദുഖങ്ങളും അവയ്ക്കുള്ള പരിഹാരവും- ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. സഹപാഠി കീർത്തിയോട് (അനശ്വര രാജൻ) തോന്നുന്ന പ്രണയമാണ് ജയ്സന്റെ ആദ്യ ദുഖം. രണ്ടാം ദുഖം, സ്കൂളിൽ പുതുതായി എത്തിയ രവി പത്മനാഭൻ (വിനീത് ശ്രീനിവാസൻ) എന്ന അധ്യാപകനാണ്. കോളേജ് മുഴുവൻ നെഞ്ചേറ്റുന്ന രവി സാറിനോട് ജയ്സന് ആദ്യം മുതൽ തോന്നുന്ന നീരസവും വെറുപ്പും മതിപ്പില്ലായ്മയുമെല്ലാം അവന്റെ ജീവിതത്തെ സംഘർഷഭരിതമാക്കുന്നു. ഒപ്പം ആദ്യപ്രണയം നിഷേധിക്കപ്പെടുമ്പോഴുള്ള വിഷമവും വിങ്ങലുമെല്ലാം ചേർന്ന് ജയസന്റെ ജീവിതത്തെ കൂടുതൽ പ്രശ്നത്തിലാക്കുകയാണ്.

ഒരു പ്ലസ് ടു കലാലയവും അധ്യാപകരും കുട്ടികളും അവരുടെ ജീവിതത്തിലെ കുഞ്ഞു കുഞ്ഞു കാര്യങ്ങളുമൊക്കെയായി വളരെ സ്വാഭാവികതയോടെയാണ് ചിത്രത്തിന്റെ കഥ പറഞ്ഞു പോവുന്നത്. മിടുക്കനും കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനും അൽപ്പം കിറുക്കുണ്ടോ എന്ന് ഒറ്റനോട്ടത്തിൽ സംശയം തോന്നിപ്പിക്കുകയും ചെയ്യുന്ന അധ്യാപകനായെത്തി വിനീത്​ ശ്രീനിവാസനും രസകരമായ അഭിനയമാണ് കാഴ്ച വയ്ക്കുന്നത്. വിനീതിന്റെ കരിയറിലെ വ്യത്യസ്തമായൊരു കഥാപാത്രമാണ് തണ്ണീർമത്തനിലെ രവി പപ്പൻ.

ജയ്സൺ എന്ന കഥാപാത്രത്തിന് മാത്യുവിന് പകരം മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയാത്ത രീതിയിൽ ആ കഥാപാത്രത്തിന് ജീവൻ പകരുന്നുണ്ട് മാത്യു. കഥാപാത്രത്തിന്റെ മർമ്മം അറിഞ്ഞുള്ള മാത്യുവിന്റെ പ്രകടനം കയ്യടി അർഹിക്കുന്നുണ്ട്. നിരാശകാമുകനായി ഈർഷ്യയോടെ നടക്കുന്ന മാത്യു, പ്രണയം തന്നെ തേടിയെത്തുന്നതോടെ മറ്റൊരാളായി മാറുന്ന കാഴ്ചയൊക്കെ രസകരമായിട്ടുണ്ട്. അനശ്വര രാജന്റെ കീർത്തി എന്ന കഥാപാത്രവും പ്രേക്ഷകരുടെ ഇഷ്ടം കവരും. വളരെ സ്വാഭാവികതയോടെ തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്ന ഒരുപറ്റം പുതുമുഖതാരങ്ങളും ചിത്രത്തിൽ കാണാം. ഇർഷാദ്, നിഷ സാരംഗ്, ശബരീഷ് തുടങ്ങിയവരും ചിത്രത്തിൽ മികവുറ്റ അഭിനയമാണ് കാഴ്ച വയ്ക്കുന്നത്.

നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ കൂടെ നടത്തിക്കുന്നുണ്ട്. കൗമാരക്കാല പ്രണയം നിരവധി തവണ സിനിമയ്ക്ക് പ്രമേയമായ ഒന്നാണെങ്കിലും മേക്കിംഗിലും അവതരണത്തിലും പുതുമ കൊണ്ടുവരാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ഒരു ചെറിയ കഥാതന്തുവിനെ പ്രേക്ഷകർക്ക് ദഹിക്കുന്ന രീതിയിൽ, ബോറടിപ്പിക്കാതെ, തമാശകളുടെ അടമ്പടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് തിരക്കഥാകൃത്തുക്കൾ. സംവിധായകനായ എ.ഡി.ഗിരീഷും ഡിനോയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

‘ജാതിക്കാത്തോട്ടം’ എന്നു തുടങ്ങുന്ന ഗാനമടക്കം ജസ്റ്റിൻ വർഗീസ് സംഗീതം നിർവ്വഹിച്ച ഗാനങ്ങളെല്ലാം തന്നെ മികവു പുലർത്തുന്നുണ്ട്. ജോമോൻ’ ടി.ജോണിന്റെയും വിനോദ് ഇല്ലപ്പിള്ളി എന്നിവരുടെ ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്.ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറും പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി. ജോണും ഷമീർ മുഹമ്മദും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പതിനേഴു വയസ്സിന്റെ ചാപല്യങ്ങളും ആ പ്രായത്തിന്റേതായ വിഹ്വലതകളുമെല്ലാം വളരെ സത്യസന്ധമായി അവതരിപ്പിക്കുന്നതിൽ ‘തണ്ണീർമത്തൻ ദിനങ്ങൾ’ വിജയിക്കുന്നുണ്ട്. നൂറുശതമാനം എന്റർടെയിനറായ ചിത്രം കൗമാരക്കാല നൊസ്റ്റാൾജിയയിലേക്ക് കൂടിയാണ് പ്രേക്ഷകനെ കൂട്ടികൊണ്ടുപോവുക. നല്ല ചൂടത്ത് മധുരമേറിയൊരു തണ്ണീർമത്തൻ ജ്യൂസ് കഴിച്ചിറങ്ങുന്ന അനുഭൂതിയാണ് ചിത്രം പ്രേക്ഷകനു സമ്മാനിക്കുക.

Read more: ജാതിക്കാ തോട്ടത്തിലെ സുന്ദരനും സുന്ദരിയും: ‘തണ്ണീർമത്തൻ ദിനങ്ങൾ’ വിശേഷങ്ങളുമായി മാത്യുവും അനശ്വരയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook