ജാതിക്കാത്തോട്ടത്തിലെ പ്രണയാതുരനായ കാമുകപയ്യനും ‘എജ്ജാതി’ നോട്ടക്കാരിയുമാണ് കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളുടെ ഇഷ്ടം കവരുന്നത്. പതിനേഴാം വയസ്സിലെ ആദ്യപ്രണയത്തിന്റെ കൗതുകവും നാണവും കള്ളച്ചിരിയുമൊക്കെയായി പ്രേക്ഷകരുടെ ഹൃദയം കവർന്ന യുവതാരങ്ങൾ- മാത്യു തോമസും അനശ്വര രാജനും. നവാഗത സംവിധായകനായ ഗിരീഷ് എ.ഡിയുടെ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് മാത്യുവും അനശ്വരയും.
“ജയ്സൺ എന്ന പ്ലസ് വൺ വിദ്യാർത്ഥിയുടെ ജീവിതത്തിലെ രണ്ടു വർഷങ്ങളും അവന്റെ ജീവിതത്തിലെ മൂന്നു ദുഖങ്ങളുമാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’ പറയുന്നത്. ജയ്സന്റെ ജീവിതത്തിലെ മൂന്നു ദുഖങ്ങളിൽ ഒന്നാണ് എന്റെ കഥാപാത്രം കീർത്തി,” ചിത്രത്തെ കുറിച്ച് അനശ്വര പറഞ്ഞു.
“പത്താം ക്ലാസ്സിലെ പബ്ലിക് പരീക്ഷയ്ക്കു തൊട്ടു മുൻപെയാണ് ഈ ചിത്രത്തിൽ നിന്നും ഓഫർ വന്നത്. പരീക്ഷയും മറ്റും മുന്നിലുള്ളതുകൊണ്ട് ആദ്യം ഈ സിനിമ വേണ്ടെന്നു വെച്ചതാണ്. എന്നാൽ സംവിധായകൻ ഗിരീഷേട്ടൻ വിളിച്ച് പരീക്ഷ കഴിഞ്ഞിട്ട് വന്ന് അഭിനയിച്ചാൽ മതിയെന്നു പറഞ്ഞു. വെക്കേഷൻ സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. ഞങ്ങളെല്ലാവരും ആസ്വദിച്ച്, അടിച്ചുപൊളിച്ചു ചെയ്ത ചിത്രമാണിത്. ഷൂട്ടിംഗിനായി മൈസൂരിലൊക്കെ പോയപ്പോൾ സ്കൂളിൽ നിന്നും ടൂറു പോയതു പോലുള്ള അനുഭവമായിരുന്നു,” അനശ്വര പറയുന്നു.
“കുമ്പളങ്ങി കണ്ടിട്ടാണ് സംവിധായകൻ ഗിരീഷേട്ടനും പ്രൊഡ്യൂസറും ഈ ചിത്രത്തിലേക്ക് വിളിക്കുന്നത്. ജീവിതത്തിൽ കുറച്ച് അരക്ഷിതാവസ്ഥകളും പ്രായത്തിന്റേതായ പ്രശ്നങ്ങളുമൊക്കെയുള്ള ഒരു പയ്യനാണ് ജെയ്സൺ. ‘കുമ്പളങ്ങി’യിൽ കുറേ പേരുണ്ടായിരുന്നത് കൊണ്ട് അത്ര ടെൻഷനില്ലായിരുന്നു. ആറുമാസത്തോളം ട്രെയിനിംഗും ഉണ്ടായിരുന്നു. ഇവിടെ എത്തിയപ്പോൾ എല്ലാവരും പുതിയ ആൾക്കാര്. കുറച്ചുകൂടി നായകതുല്യമായ കഥാപാത്രം. ആദ്യം നല്ല ടെൻഷനുണ്ടായിരുന്നു, പേടിയും. പിന്നെ എല്ലാവരുമായും പെട്ടെന്ന് സിങ്ക് ആയി. ജെയ്സൺ എന്ന കഥാപാത്രത്തെ പോലെ തന്നെ ഞാനുമൊരു പ്ലസ് ടു വിദ്യാർത്ഥിയാണ്. പ്രായത്തിന് അനുസരിച്ചുള്ള കഥാപാത്രമായതും പ്രയോജനം ചെയ്തു,” മാത്യു പറഞ്ഞു.
‘കുമ്പളങ്ങിയിലെ നൈറ്റ്സി’ലെ ഫ്രാങ്കിയായി എത്തിയ മാത്യു തോമസിന്റെ രണ്ടാമത്തെ ചിത്രമാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’. ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ അനശ്വരയുടെ മൂന്നാമത്തെ ചിത്രവും. അനശ്വരയും പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഏതാണ്ട് ഒരേ പ്രായക്കാരായതിനാൽ തന്നെ നല്ലൊരു സൗഹൃദം ഷൂട്ടിംഗ് സമയത്ത് ഉണ്ടായിരുന്നെന്നും ഈസിയായി അഭിനയിക്കാൻ ആ സൗഹൃദം സഹായകരമായെന്നും ഇരുവരും പറയുന്നു.
‘ജാതിക്കാത്തോട്ടം…’ യൂട്യൂബിലും വൈറലായി കൊണ്ടിരിക്കുകയാണ്. മില്യൺ വ്യൂസുമായി യൂട്യൂബിൽ ട്രെൻഡിംഗ് ആവുന്ന ഗാനം കണ്ട് നിരവധി പേരാണ് ഇരുവരെയും വിളിച്ച് അഭിനന്ദിക്കുന്നത്. ‘പാട്ട് കണ്ടിട്ട് മഞ്ജുചേച്ചിയും മെസേജ് അയച്ചു. നന്നായിട്ടുണ്ട് മോളേ എന്നൊക്കെ പറഞ്ഞു,” അനശ്വര പറയുന്നു. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. എട്ടിൽ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യിൽ അഭിനയിക്കുന്നത്.’ഉദാഹരണം സുജാത’,’എവിടെ’, ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അനശ്വര ഇപ്പോൾ.
പാട്ടിനൊപ്പം ഇരുവരുടെയും എക്സ്പ്രഷനും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. “ഓരോ രംഗത്തിലും എന്തെങ്കിലുമൊക്കെ എക്സ്പ്രഷൻ കൊടുക്കാൻ പറയും ഗിരീഷേട്ടനും സംഘവും. അപ്പോ കയ്യിൽ നിന്ന് ഇട്ടു കൊടുക്കുന്നതാണ്. അബദ്ധത്തിൽ ചെയ്തു പോവുന്നതൊക്കെ അവര് മനോഹരമായി ക്യാപ്ച്ചർ ചെയ്തെന്നു മാത്രം. മൊത്തത്തിൽ കൊളമായ സാധനം ഇട്ടാലും ഒടുക്കം നന്നാവും, ഒരു ഭാഗ്യം പോലെ. പിന്നെ എന്താണ് വേണ്ടതെന്ന് ഗിരീഷേട്ടനും നല്ല ക്ലാരിറ്റിയുണ്ടായിരുന്നു,” മാത്യു പറയുന്നു.
പാട്ടു സീനും ട്രെയിലറുമെല്ലാം കണ്ടിട്ട് ഫ്രണ്ട്സും അധ്യാപകരും അപ്പയും അമ്മയുമൊക്കെ നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ സന്തോഷമായി. കുമ്പളങ്ങി ടീമിനും ട്രെയിലർ ഇറങ്ങിയപ്പോൾ അയച്ചു കൊടുത്തിരുന്നു. അവരും സിനിമ ഇറങ്ങാൻ കാത്തിരിക്കുകയാണ്,” മാത്യു കൂട്ടിച്ചേർക്കുന്നു.
സ്കൂളിൽ നാടകങ്ങളൊക്കെ ചെയ്തിരുന്നെങ്കിലും സിനിമ ഒരിക്കലും മാത്യുവിന്റെ സ്വപ്നമായിരുന്നില്ല. കുമ്പളങ്ങിയുടെ ഓഡിഷൻ കണ്ടപ്പോൾ ഒരു സുഹൃത്തിനൊപ്പം വെറുതെ പോയി നോക്കിയതാണ് വഴിത്തിരിവായതെന്ന് മാത്യു പറയുന്നു. “പത്തിൽ പഠിക്കുമ്പോഴാണ് കുമ്പളങ്ങിയുടെ ഓഡിഷനു പോയത്. സെലക്ഷൻ കിട്ടിയപ്പോൾ മുതലാണ് അഭിനയത്തോട് താൽപ്പര്യം വന്നു തുടങ്ങിയത്. കുമ്പളങ്ങി ടീമിനോട് ഒപ്പം കൂടിയപ്പോൾ പിന്നെ ആ ഇഷ്ടം കൂടി.”
സിനിമയുടെ തിരക്കും മറ്റുമായി ക്ലാസ്സുകളൊക്കെ പലപ്പോഴും നഷ്ടപ്പെടുന്നുണ്ടെങ്കിലും അധ്യാപകരും വീട്ടുകാരുമൊക്കെ മാത്യുവിന്റെ അഭിനയത്തിന് പൂർണ പിന്തുണയുമായി കൂടെയുണ്ട്. സിനിമയ്ക്ക് അപ്പുറം അൽപ്പം മടിയൊക്കെയുള്ള, അധികം ബുദ്ധിമുട്ടാനൊന്നും ഇഷ്ടമില്ലാത്ത ഒരു സാധാരണ പയ്യനാണ് താനെന്നും മാത്യു ചിരിയോടെ പറയുന്നു.
പുറത്തുപോവുമ്പോൾ ആളുകൾ തിരിച്ചറിയറിയുന്നതും ഫ്രാങ്കി എന്നു വിളിക്കുന്നതുമൊക്കെയാണ് സിനിമ മാത്യുവിന് സമ്മാനിച്ച കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ. “ആറുമാസത്തിലേറെ കുമ്പളങ്ങി ടീമിനൊപ്പം ആയിരുന്നു ഞാൻ. സംവിധായകൻ മധുചേട്ടൻ വർഷങ്ങളായി ഈ സിനിമയുടെ പിറകെയായിരുന്നു. സിനിമ ഇറങ്ങിയ അന്നു രാത്രി മധുചേട്ടൻ ഹാപ്പി കണ്ടപ്പോൾ എനിക്കും ഭയങ്കര സന്തോഷം തോന്നി. ജീവിതത്തിലെ ഏറ്റവും നല്ലൊരു നിമിഷമായിരുന്നു അത്,” ‘കുമ്പളങ്ങി നൈറ്റ്സ്’ സമ്മാനിച്ച ഏറ്റവും വലിയ സന്തോഷത്തെ കുറിച്ച് മാത്യു.
‘അള്ള് രാമേന്ദ്രന്’, ‘പോരാട്ടം’ തുടങ്ങിയ ബിലഹരി ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില് ഒരാളായ ഗിരീഷ് എ.ഡിയുടെ ആദ്യസംവിധാന സംരംഭമാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’. പ്ലസ്ടുകാല സ്കൂൾ ജീവിതവും പ്രണയവുമൊക്കെ പ്രമേയമായി വരുന്ന ചിത്രത്തിൽ മാത്യുവിനും അനശ്വരയ്ക്കും ഒപ്പം വിനീത് ശ്രീനിവാസനും ഒരു മുഖ്യ കഥാപാത്രമായെത്തുന്നുണ്ട്. ചിത്രം ജൂലൈ 26 ന് തിയേറ്ററുകളിലെത്തുകയാണ്.
Read more: കുമ്പളങ്ങി നൈറ്റ്സി’ലേക്ക് ഫ്രാങ്കിയെ കണ്ടെത്തിയതിങ്ങനെ; ഗ്രൂമിങ്ങ് വീഡിയോ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook