ഓരോ വെള്ളിയാഴ്ചകളും തലവിധി തന്നെ മാറ്റി കളഞ്ഞ നിരവധി പ്രതിഭകൾ മലയാളസിനിമയിലുണ്ട്. അതുവരെ ആരും ശ്രദ്ധിക്കാതെ ആൾക്കൂട്ടത്തിൽ ഒരാളായി മാറി നിന്നവരെ പോലും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് മാറ്റി നിർത്തുന്ന മാജിക്ക് കൂടിയാണ് സിനിമ എന്നത്. അത്തരമൊരു കിസ്മത്തിന്റെ കഥയാണ് തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം നസ്‌ലെനും പറയാനുള്ളത്.

ഏറെ ആഘോഷങ്ങളോടെ തിയേറ്ററുകളിലെത്തിയെ മമ്മൂട്ടിയുടെ മാസ് ചിത്രം ‘മധുരരാജ’ തിയേറ്ററുകളിലെത്തിയപ്പോൾ അതിലൊരു ഫ്രെയിമിൽ തന്റെ മുഖം തെളിയുന്നതും നോക്കി നിന്ന ചെറുപ്പക്കാരൻ കൂട്ടുകാരെ കാണിക്കാനായി ആ ഫ്രെയിം ഫോട്ടോയിൽ പകർത്തി. ഇന്ന് ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലെ കൗണ്ടർ വീരനായി എത്തി തിയേറ്ററുകളിൽ ചിരി പടർത്തുകയാണ് അതേ ചെറുപ്പക്കാരൻ. നസ്‌ലന്റെ സുഹൃത്തുക്കൾ പങ്കുവച്ച ഒരു ഓർമ്മയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“അന്ന് മധുരരാജ റിലീസ് ആയപ്പോൾ ഒരു ഫ്രെയിമിൽ താനുണ്ടെന്നും പറഞ്ഞ് തിയേറ്ററിൽ വെച്ച് ഫോട്ടോ എടുത്ത് ഞങ്ങളെ ഒക്കെ കാണിച്ച അതേ നെസ്‌ലി, ഇന്ന് അവന് വേണ്ടി കയ്യടിക്കാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും വേണ്ടി കുറേ ആളുകളൊക്കെ വരുന്നത് കാണുമ്പോളൊക്കെയാണ് ‘തണ്ണീർമത്തൻ ദിനങ്ങളു’ടെ വിജയം ഏറെ പ്രിയപ്പെട്ടതായി മാറുന്നത്,” എന്ന കുറിപ്പോടെയാണ് നസ്‌ലന്റെ സുഹൃത്ത് ഈ ഓർമ്മ പങ്കുവച്ചിരിക്കുന്നത്.

നിരവധിയേറെ പേരാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ‘സിനിമ പിന്നിൽ നിന്നവനെ മുന്നിലും, മുന്നിൽ നിന്നവനെ പിന്നിലും എത്തിക്കുന്ന പ്രതിഭാസമാണ്. ആത്മവിശ്വാസത്തോടെയുള്ള പരിശ്രമങ്ങളാൽ മുന്നേറിയാൽ എന്നും മുന്നിൽ തന്നെ സ്ഥാനം പിടിക്കാം, പകരക്കാരനില്ലാതെ’ എന്നിങ്ങനെയുള്ള കമന്റുകളാൽ നസ്‌ലനെ അനുമോദിക്കുകയാണ് സമൂഹമാധ്യമങ്ങൾ.

പ്ലസ് ടു വിദ്യാർത്ഥികളുടെ ജീവിതത്തിലെ പ്രണയവും വിശേഷങ്ങളുമെല്ലാം വിഷയമായി വന്ന ‘തണ്ണീർമത്തൻ ദിനങ്ങൾ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ ചിത്രത്തിൽ നായികാനായകന്മാരായ മാത്യു തോമസിനും അനശ്വര രാജനും വിനീത് ശ്രീനിവാസനുമൊപ്പം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയൊരു കഥാപാത്രമാണ് ഹ്യുമാൻറ്റീസുകാരൻ മെൽവിൻ. കൗണ്ടർ ഡയലോഗുകളിലൂടെ തിയേറ്ററുകളിൽ ചിരിപൂരം തീർക്കുന്ന സാന്നിധ്യമാണ് ചിത്രത്തിൽ മെൽവിന്റേത്. നസ്‌ലൻ കെ ഗഫൂർ എന്ന പുതുമുഖമാണ് മെൽവിൻ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയത്.

Read more: കൗണ്ടർ അടിയിൽ മാത്രമല്ല, ഓർക്കസ്ട്രയിലും പയ്യൻ കിടുവാ; ‘തണ്ണീർമത്തൻ ദിനങ്ങളി’ലെ ഹ്യുമാനിറ്റീസുകാരന്റെ പാട്ട് കാണാം

‘തണ്ണീർമത്തൻ ദിനങ്ങൾ’ കണ്ടിറങ്ങുന്ന ആർക്കും മറക്കാനാവാത്തൊരു കഥാപാത്രമാണ് നസ്‌ലന്റേത്. കൂടുതലും ആംഗ്യങ്ങളിലൂടെ സംസാരിക്കുന്ന, വാ തുറന്നാൽ കൗണ്ടർ ഡയലോഗുകളിലൂടെ ചിരിപ്പിക്കുന്ന, ബെല്ലടിക്കേണ്ട താമസം ചങ്കിനെയും വിളിച്ചുകൊണ്ട് പഫ്സും തണ്ണിമത്തൻ ജ്യൂസും കഴിക്കാൻ കടയിലേക്ക് ഓടുന്ന, കാശുകാരനായ അപ്പന്റെ പേരിൽ പറ്റു പറയുന്ന കഥാപാത്രം. തന്റെ പ്രായത്തിലുള്ളവരെല്ലാം കൗമാരപ്രണയവും ക്രിക്കറ്റ് ഭ്രാന്തുമായി നടക്കുമ്പോൾ ഇന്റർവെൽ ടൈമിലെ പപ്സ് തീറ്റ മാത്രമാണ് മെൽവിന്റെ പ്രധാന ലക്ഷ്യം. ബുദ്ധിയാണ് സാർ ഇവന്റെ മെയിൻ എന്നാണ് മെൽവിന്റെ അമ്മ മകനെ വിശേഷിപ്പിക്കുന്നത്. സിനിമയെ ബോറടിപ്പിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ നല്ലൊരു റോൾ, മെൽവിൻ എന്ന ഈ കഥാപാത്രത്തിനുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook