പ്ലസ് ടു വിദ്യാർത്ഥികളുടെ ജീവിതത്തിലെ പ്രണയവും വിശേഷങ്ങളുമെല്ലാം വിഷയമായി വന്ന ‘തണ്ണീർമത്തൻ ദിനങ്ങൾ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ ചിത്രത്തിൽ നായികാനായകന്മാരായ മാത്യു തോമസിനും അനശ്വര രാജനും വിനീത് ശ്രീനിവാസനുമൊപ്പം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയൊരു കഥാപാത്രമാണ് ഹ്യുമാൻറ്റീസുകാരനായെത്തിയ മെൽവിൻ എന്ന കഥാപാത്രവും. കൗണ്ടർ ഡയലോഗുകളിലൂടെ തിയേറ്ററുകളിൽ ചിരിപൂരം തീർക്കുന്ന സാന്നിധ്യമാണ് ചിത്രത്തിൽ മെൽവിന്റേത്. നസ്‌ലൻ കെ ഗഫൂർ എന്ന പുതുമുഖമാണ് മെൽവിൻ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയത്.

കൗണ്ടറടിയിൽ മാത്രമല്ല, ഓർക്കസ്ട്രയിലും ചെക്കൻ പുലിയാണെന്നു പരിചയപ്പെടുത്തികൊണ്ട് ചിത്രത്തിലെ നായിക അനശ്വര രാജൻ ട്വിറ്ററിൽ ഷെയർ ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ കൗതുകമുണർത്തുന്നത്. ഷൂട്ടിംഗ് ഇടവേളകൾ ആനന്ദകരമാക്കാൻ സഹതാരങ്ങൾക്കൊപ്പം ഡസ്കിൽ താളമിട്ട് പാട്ടുപാടുകയാണ് നസ്‌ലൻ. നസ്‌ലൻ ആന്തം എന്നാണ് അനശ്വര വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്.

‘തണ്ണീർമത്തൻ ദിനങ്ങൾ’ കണ്ടിറങ്ങുന്ന ആർക്കും മറക്കാനാവാത്തൊരു കഥാപാത്രമാണ് നസ്‌ലന്റേത്. കൂടുതലും ആംഗ്യങ്ങളിലൂടെ സംസാരിക്കുന്ന, വാ തുറന്നാൽ കൗണ്ടർ ഡയലോഗുകളിലൂടെ ചിരിപ്പിക്കുന്ന, ബെല്ലടിക്കേണ്ട താമസം ചങ്കിനെയും വിളിച്ചുകൊണ്ട് പഫ്സും തണ്ണിമത്തൻ ജ്യൂസും കഴിക്കാൻ കടയിലേക്ക് ഓടുന്ന, കാശുകാരനായ അപ്പന്റെ പേരിൽ പറ്റു പറയുന്ന കഥാപാത്രം. തന്റെ പ്രായത്തിലുള്ളവരെല്ലാം കൗമാരപ്രണയവും ക്രിക്കറ്റ് ഭ്രാന്തുമായി നടക്കുമ്പോൾ ഇന്റർവെൽ ടൈമിലെ പപ്സ് തീറ്റ മാത്രമാണ് മെൽവിന്റെ പ്രധാന ലക്ഷ്യം. ബുദ്ധിയാണ് സാർ ഇവന്റെ മെയിൻ എന്നാണ് മെൽവിന്റെ അമ്മ മകനെ വിശേഷിപ്പിക്കുന്നത്. സിനിമയെ ബോറടിപ്പിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ നല്ലൊരു റോൾ, മെൽവിൻ എന്ന ഈ കഥാപാത്രത്തിനുമുണ്ട്.

Read more: Thanneermathan Dinangal movie review: മധുരമേറെയാണ് ഈ ‘തണ്ണീർമത്തൻ ദിനങ്ങൾ’ക്ക്; റിവ്യൂ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook