/indian-express-malayalam/media/media_files/uploads/2022/02/Matha-Jet.jpg)
സിനിമകളിലൂടെ താരമാവുന്ന ചില വാഹനങ്ങളുണ്ട്. വരവേൽപ്പിലെ ഗൾഫ് മോട്ടോർസ് ബസും ഏയ് ഓട്ടോയിലെ സുന്ദരി ഓട്ടോറിക്ഷയും പറക്കും തളികയിലെ താമരാക്ഷൻപിള്ള ബസ്സുമൊക്കെ അങ്ങനെ മലയാളികൾക്ക് സുപരിചിതമായി മാറിയ പേരുകളാണ്.
മൂന്നുവർഷം മുൻപ് തിയേറ്ററുകളിലെത്തിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലും കഥാപാത്രങ്ങളുടെ ഡയലോഗുകളിലൂടെ പ്രശസ്തമായ ഒരു ബസ്സുണ്ട്- മാതാ ജെറ്റ്. തണ്ണീർമത്തൻ ദിനങ്ങളിലൂടെ താരമായ മാതാ ജെറ്റിനെ കുറിച്ച് നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ് പങ്കുവച്ച ഇൻസ്റ്റഗ്രാം കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"ചാലക്കുടി-അതിരപ്പിള്ളി-പുളിയിലപ്പാറ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന ചാലക്കുടിക്കാരുടെ സ്വന്തം മാതാ ജെറ്റ്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ ഭാഗമായി, സിനിമയിലെ ജെയ്സൻ പറയുന്ന "സസ്‌പെൻഷൻ പോരാ… തല്ലിപൊളി വണ്ടിയാണ്… മാതാ ജെറ്റ് വിളിക്കായിരുന്നു" എന്ന ഹിറ്റ് ഡയലോഗിനൊപ്പം പ്രശസ്തമായ ബസ്. മാതാ ജെറ്റിന്റെ ഡ്രൈവറായി.ഞാനും ഒന്നു മിന്നിയാരുന്നു. എന്നാൽ കോവിഡിന്റെ വരവോട് കൂടി എല്ലാം തകർന്നു, ഓട്ടം അവസാനിപ്പിച്ചു ഏഴാറ്റുമുഖത്ത് റോഡ് സൈഡിൽ ആർക്കും വേണ്ടാതെ മഴയും വെയിലും കൊണ്ട് കിടക്കുന്ന മാതാ ജെറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ ചെറിയൊരു വിഷമം," കിച്ചു ടെല്ലസ് പറയുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ പോത്ത് വർക്കി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് കിച്ചു ടെല്ലാസ്. കാവൽ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് കിച്ചു അവതരിപ്പിച്ചത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും കിച്ചുവായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.