IIFA Awards 2018: ട്യൂമര്‍ ബാധിതനായി ലണ്ടനില്‍ ചികിത്സ തുടരുന്നതിനിടെയാണ് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനെ തേടി ആ സന്തോഷവാര്‍ത്ത എത്തിയത്. ഹിന്ദി മീഡിയം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള 19-ാമത് ഐഫ പുരസ്‌കാരം ഇര്‍ഫാന്‍ നേടിയിരിക്കുന്നു. ഈ അവസരത്തില്‍ പ്രേക്ഷകരോടും ആരാധകരോടുമുള്ള തന്റെ നന്ദിയും കടപ്പാടും ഇര്‍ഫാന്‍ അറിയിച്ചു.
‘ഈ യാത്രയുടെ ഭാഗമായതിന് പ്രേക്ഷകര്‍ക്കും, പിന്നെ ഐഫയ്‌ക്കും നന്ദി,’ ഐഫയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്‌തുകൊണ്ട് ഇര്‍ഫാന്‍ കുറിച്ചു.
Thank you to @IIFA and our audience who have been part for my journey #IIFA2018 https://t.co/GpxSmflkLx
— Irrfan (@irrfank) June 26, 2018
മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയായത് അന്തരിച്ച താരം ശ്രീദേവിയാണ്. ‘മോം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ശ്രീദേവിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ഇര്‍ഫാന്‍ ഖാനെ മികച്ച നടനാക്കിയത് ‘ഹിന്ദി മീഡിയം’ എന്ന ചിത്രത്തിലെ പ്രകടനമാണ്. ശ്രീദേവിക്ക് വേണ്ടി ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
‘എന്റെ ഉള്ളിലൂടെ ഇപ്പോള്‍ ഒരുപാട് വികാരങ്ങള്‍ കടന്നു പോകുന്നുണ്ട്. ജീവിതത്തിലെ ഓരോ നിമിഷത്തിലും ഞാന്‍ ശ്രീദേവിയെ മിസ്സ് ചെയ്യുന്നുണ്ട്. ഇപ്പോഴും അവര്‍ എനിക്കു ചുറ്റും ഉണ്ടെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. ശ്രീദേവിയെ പിന്തുണച്ചതു പോലെ നിങ്ങള്‍ ജാന്‍വിയേയും പിന്തുണയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ബോണി കപൂര്‍ പറഞ്ഞു.
വിദ്യാ ബാലന്‍ കേന്ദ്രകഥാപാത്രമായെത്തിയ തുമാരി സുലു എന്ന ചിത്രമാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. ഹിന്ദി മീഡിയം ഒരുക്കിയ സാകേത് ചൗധരി മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.
Read More: IFFA Awards 2018: മികച്ച നടി ശ്രീദവി, നടന്‍ ഇര്‍ഫാന്‍ ഖാന്‍
സംവിധായകന്‍ ദിനേഷ് വിജാനാണ് ഇര്‍ഫാനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇര്‍ഫാന് ന്യൂറോ എന്‍ട്രോക്രൈന്‍ എന്ന അപൂര്‍വ്വ രോഗം ബാധിച്ചത്. തനിക്ക് ക്യാന്‍സര്‍ ആണെന്ന് ഇര്‍ഫാന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. പിന്നീട് ചികിത്സയ്‌ക്കായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി.
അടുത്തിടെയാണ് ഇര്‍ഫാന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ ഷൂജിത് സിര്‍കര്‍ ഒരു സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. ഇര്‍ഫാന്‍ സുഖമായിരിക്കുന്നുവെന്നും സ്വാതന്ത്ര്യ സമര സേനാനി ഉദ്ദം സിങ്ങിന്റെ ജീവിതത്തെ ആസ്‌പദമാക്കി താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകനായി താരം ഉടന്‍ മടങ്ങിയെത്തുമെന്നും പറഞ്ഞു. ഇതുകേട്ട ആരാധകര്‍ക്കും ഏറെ സന്തോഷമായി. ഇതിനു പിന്നാലെ ടൈംസ് ഓഫ് ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിൽ ഇർഫാൻ തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു.
‘ന്യൂറോഎന്‍ഡോക്രൈന്‍ കാന്‍സറാണ് എനിക്ക് എന്ന് കണ്ടെത്തിയിട്ട് കുറച്ചു നാളായി. ഈ പേര് ആദ്യമായാണ് ഞാന്‍ കേള്‍ക്കുന്നത്. വളരെ അപൂര്‍വ്വമായ രോഗമാണിതെന്ന് പതിയെ ഞാന്‍ മനസിലാക്കി. വളരെ കുറഞ്ഞ കേസ് സ്റ്റഡികള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ചികിത്സയെക്കുറിച്ച് എന്തെങ്കിലും പ്രവചിക്കാന്‍ കഴിയുക എന്നത് അത്രയൊന്നും സാധ്യവുമല്ല. വളരെ അനിശ്ചിതത്വം നിറഞ്ഞ അവസ്ഥയാണ്. ഞാനൊരു ‘ട്രയല്‍ ആന്‍ഡ് എറര്‍’ കളിയുടെ ഭാഗമായിരിക്കുകയാണിപ്പോള്‍,’ ഇര്‍ഫാന്‍ പറഞ്ഞു.
Read More: ഭയം എന്നെ ഭരിക്കാന്‍ ഞാന്‍ അനുവദിക്കില്ല: കാൻസറിനെക്കുറിച്ച് ഇര്‍ഫാന്‍ ഖാന്‍
‘ഭയം, ആഘാതം, അനിശ്ചിതത്വം ഒക്കെ നിറഞ്ഞ ആശുപത്രി സന്ദര്‍ശന ദിവസങ്ങളിലൊന്നില്‍ ഞാനെന്റെ മകനോടു പറഞ്ഞു ‘ഇപ്പോള്‍ ഞാന്‍ കടന്നു പോകുന്ന അവസ്ഥയില്‍ ഇതിനെ നേരിടാതിരിക്കുക എന്നതാണ് ഞാന്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്ന ഏക കാര്യം. എനിക്ക് നിവര്‍ന്നു നില്‍ക്കണം. ഭയം എന്നെ കീഴടക്കാന്‍ അനുദിക്കില്ല, അതെന്റെ തീരുമാനമായിരുന്നു,’ ഇര്‍ഫാന്‍ തുടര്‍ന്നു.
‘തളര്‍ച്ചയോടെയും മടുപ്പോടെയും ആശുപത്രിയിലേക്ക് പ്രവേശിക്കുമ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്, എന്റെ ആശുപത്രി ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തിന്റെ എതിര്‍വശത്താണ് സ്ഥിതി ചെയ്യുന്നത് എന്ന്. എന്റെ കുട്ടിക്കാല സ്വപ്‌നങ്ങളിലെ മക്കയായിരുന്നു അത്. ആ വേദനയ്‌ക്കിടയില്‍, വിവിന്‍ റിച്ചാര്‍ഡിന്റെ ചിരിക്കുന്ന മുഖമുള്ള പോസ്റ്റര്‍ ഞാന്‍ കണ്ടു. പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല, ആ ലോകം ഒരിക്കലും എന്റേതല്ലാതിരുന്നതു പോലെ. പ്രപഞ്ചത്തിന്റെ അനന്തമായ ശക്തിയെ ഞാന്‍ അറിയുകയാണിപ്പോള്‍. എനിക്കുള്ള ഒരേയൊരു നിശ്ചയം അനിശ്ചിതത്വം മാത്രമാണ്. എന്റെ കരുത്തെന്താണെന്ന് തിരിച്ചറിയുകയും ഈ കളി നന്നായി കളിക്കുകയും മാത്രമാണ് എനിക്കിപ്പോള്‍ ചെയ്യാനുള്ളത്, ഇര്‍ഫാന്‍ പറഞ്ഞു.