ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പ്രതികരണവുമായി ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍.

മാണിക്യമലരായ പൂവി എന്ന ഗാനം പ്രവാചക നിന്ദയാണെന്നു കാണിച്ച് ഒരു കൂട്ടം ആളുകള്‍ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഗാനരംഗത്തില്‍ അഭിനയിച്ച പുതുമുഖം പ്രിയ വാര്യര്‍ക്കും സംവിധായകന്‍ ഒമര്‍ ലുലുവിനുമെതിരെയാണ് കേസ്. ഇതേ തുടര്‍ന്ന് പാട്ട് പിന്‍വലിക്കാമെന്നു തീരുമാനിച്ചിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്നും പുറത്തുനിന്നും ലഭിക്കുന്ന പിന്തുണ തങ്ങള്‍ക്ക് ധൈര്യം പകരുന്നുവെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

‘മാണിക്യമലരായ പൂവി എന്ന പാട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ പ്രതികരണം ഏറെ സന്തോഷിപ്പിച്ചു. നിങ്ങളുടെ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി. ആരുടേയും വികാരത്തെ വ്രണപ്പെടുത്താനല്ല ഞങ്ങള്‍ ഈ പാട്ടൊരുക്കിയത് എന്ന് മനസ്സിലാക്കിയതിന് നന്ദി. ഇത്രയും ‘അഡാര്‍’ ആയതില്‍ നന്ദി. അഞ്ച് ദിവസം കൊണ്ട് രണ്ടുകോടിയാണ് പാട്ടിന്റെ യൂട്യൂബ് വ്യൂ. ഈ പാട്ട് ഒരു വിജയമല്ലായിരുന്നുവെങ്കില്‍ ആരും ഒരു പ്രശ്നവും ഉണ്ടാക്കില്ലായിരുന്നു.

ഇനി വിവാദങ്ങള്‍ക്കു പിന്നില്‍ പരസ്യമാണ് ലക്ഷ്യമെന്നും ജനശ്രദ്ധ നേടാനാണ് വിവാദങ്ങള്‍ ഉണ്ടാക്കിയതെന്നും പറയുന്നവരോടുള്ള മറുപടി. ഭാഷയുടെ അതിര്‍വരമ്പു ലംഘിച്ച് സഞ്ചരിച്ച ഒരു ഗാനം നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ഞങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടു പുറപ്പെടുവിക്കാന്‍ ഞങ്ങള്‍ക്കു കഴിയില്ല.

ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് ഇന്നലെ രാത്രിവരെ പാട്ട് നീക്കം ചെയ്യണമെന്ന് കരുതിയിരുന്നു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, കാക്കോത്തികാവിലെ അപ്പൂപ്പന്‍ താടി പോലുള്ള മനോഹരങ്ങളായ ചിത്രങ്ങള്‍ നിര്‍മ്മിച്ച ഞങ്ങളുടെ പ്രിയപ്പെട്ട നിര്‍മാതാവിന് ഒരു പ്രശ്നവും ഉണ്ടാകരുത് എന്ന് മാത്രമേ കരുതിയുള്ളൂ. അതുകൊണ്ടാണ് പാട്ട് നീക്കം ചെയ്യണമെന്ന് വിചാരിച്ചത്. മാത്രമല്ല ഒമറിന് ചിത്രത്തിന്റെ ബാക്കി ഭാഗം ചിത്രീകരിക്കാനുണ്ട്. ഒരു സംഘര്‍ഷവുമില്ലാതെ ഒമറിന് ചിത്രം പൂര്‍ത്തിയാക്കണം. അതുകൊണ്ടാണ് തിടുക്കത്തില്‍ അങ്ങനെ ഒരു തീരുമാനം എടുത്തത്. പക്ഷേ നിങ്ങള്‍ നല്‍കുന്ന പിന്തുണ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. എല്ലാവര്‍ക്കും നന്ദി.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ