മലയാള സിനിമ എന്നെന്നും ഓർക്കുന്ന നിരവധി ചിത്രങ്ങൾ സമ്മാനിച്ചതിനൊപ്പം തന്നെ ബോളിവുഡിലും തന്റെ സംവിധാനമികവ് അടയാളപ്പെടുത്തിയ സംവിധായകനായിരുന്നു തമ്പി കണ്ണന്താനം. ബോളിവുഡിൽ തമ്പി കണ്ണന്താനം എന്ന സംവിധായകന്റെ അരങ്ങേറ്റ ചിത്രമായിരുന്നു, ‘ഹദ്: ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത്’.
രാജാവിന്റെ മകൻ, നാടോടി, മാന്ത്രികം പോലുള്ള നിത്യഹരിത ചിത്രങ്ങൾക്കിടയിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രങ്ങളിൽ ഒന്നു കൂടിയാണ്, ‘ഹദ്: ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത്’. എന്നാൽ ബോളിവുഡിലെ മലയാളി സംവിധായകരുടെ ഗണത്തിൽ തമ്പി കണ്ണന്താനത്തെ അടയാളപ്പെടുത്തുന്നതിൽ ‘ഹദ്’ എന്ന ചിത്രത്തിന് നല്ലൊരു പങ്കുണ്ട്.
ജാക്കി ഷെറഫ്, ഷാരദ് കപൂർ, അയേഷ ജുൽക, സുമൻ രംഗനാഥൻ എന്നിവർ മുഖ്യവേഷത്തിലെത്തിയ ചിത്രം 2001 മാർച്ച് രണ്ടിനായിരുന്നു റിലീസിനെത്തിയത്. സന്ദീപ് ഡി ഷിൻഡെ നിർമ്മാണം നിർവ്വഹിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്യാം സോണിയായിരുന്നു. ദിലീപ് ദത്തയായിരുന്നു ഹദിന്റെ ഛായാഗ്രാഹകൻ.
‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ തന്റേതായൊരു ഇടം സ്വന്തമാക്കിയ കണ്ണന്താനം മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് പ്രമുഖ പങ്ക് വഹിച്ച സംവിധായകൻമാരിൽ ഒരാൾ കൂടിയായിരുന്നു. സിദ്ദീഖ്, പ്രണവ് മോഹൻലാൽ, വിനായകൻ എന്നീ നടന്മാരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതും തമ്പി കണ്ണന്താനമാണ്. ‘ആ നേരം അൽപദൂരം’ എന്ന ചിത്രത്തിലൂടെ സിദ്ദിഖിനെയും ‘ഒന്നാമനി’ലൂടെ പ്രണവ് മോഹൻലാലിനെയും ‘മാന്ത്രികം’ എന്ന ചിത്രത്തിലൂടെ വിനായകനെയും അദ്ദേഹം മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു.
സംവിധായകൻ, നിർമാതാവ് എന്നീ വേഷങ്ങൾക്കൊപ്പം തന്നെ നടനെന്ന റോളിലും ശ്രദ്ധേയമായ സാന്നിധ്യം അടയാളപ്പെടുത്തിയ വ്യക്തിയാണ് തമ്പി കണ്ണന്താനം. ഇതാ ഒരു തീരം, അട്ടിമറി, മദ്രാസിലെ മോൻ, പോസ്റ്റ്മോർട്ടം, തുടർക്കഥ, നിർണയ, ഉസ്താദ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2014 ല്‍ പുറത്തിറങ്ങിയ ഫ്രീഡം ആയിരുന്നു തമ്പി കണ്ണന്താനത്തിന്റെ അവസാന ചിത്രം. 35 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനിടെ വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം, ഒന്നാമന്‍ തുടങ്ങിയ ഹിറ്റു ചിത്രങ്ങളടക്കം 16 ലേറെ ചിത്രങ്ങൾ മലയാളികൾക്കായി സമ്മാനിച്ചുകൊണ്ടാണ് തമ്പി കണ്ണന്താനം മടങ്ങുന്നത്.
ഉദരസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന 65കാരനായ തമ്പി കണ്ണന്താനം ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെടുന്നത്. ഇന്ന് മൂന്നു മണി മുതൽ ആറുവരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി പാറത്തോട് സെന്റ് ജോർജ് ഗ്രേസി മെമ്മോറിയൽ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.