/indian-express-malayalam/media/media_files/uploads/2019/06/chinnu-2.jpg)
സമൂഹത്തിന്റെ ബോഡി പൊളിറ്റിക്സിനെ, പൊതുസമൂഹത്തിലും സൈബർ ഇടങ്ങളിലും കൂ
ടികൂടിവരുന്ന ബോഡി ഷെയിമിങ് എന്ന പ്രവണതയെ നിഷിധമായി വിമർശിച്ച ചിത്രമായിരുന്നു 'തമാശ'. ആത്മവിശ്വാസത്തിന്റെ ആൾരൂപം പോലെ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് സ്ക്രീനിൽ നിറഞ്ഞ ചിന്നു ചാന്ദ്നിയാണ് ചിത്രത്തിലെ കരുത്തയായ കഥാപാത്രങ്ങളിലൊന്ന്.
മലയാളി അതുവരെ കണ്ട നായികാസങ്കൽപ്പങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ചിന്നുവെന്ന കഥാപാത്രം. 'കുമ്പളങ്ങാനീരല്ല, എനിക്കിഷ്ടം ഫലൂദയാണെന്ന്' ഉറക്കെ പറയുന്നവൾ. തന്റെ തടി കൊണ്ട് തനിക്കില്ലാത്ത ബുദ്ധിമുട്ട് മറ്റുള്ളവർക്ക് എന്തിനാണെന്ന് ചോദിക്കുന്നവൾ. നിരന്തരമെന്ന പോൽ ചുറ്റുമുള്ളവരാൽ ബോഡി ഷേമിംഗിന് വിധേയരായി കൊണ്ടിരിക്കുന്ന വലിയൊരു വിഭാഗം ആളുകൾക്ക് കൂടി വേണ്ടി സംസാരിക്കുകയായിരുന്നു 'തമാശ'യിലെ ചിന്നുവും ശ്രീനിവാസൻ മാഷും.
'തമാശ'യിലെ ചിന്നുവിനെ പോലെ തനിക്കും പലതവണ ജീവിതത്തിൽ വേദനിപ്പിക്കുന്ന തമാശകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നു തുറന്നു പറയുകയാണ് ചിന്നു ചാന്ദ്നി. വേദനിപ്പിച്ച തമാശകളെ കുറിച്ച്, ബോഡി ഷേമിംഗിനെ കുറിച്ച്, കണ്ണു നനയിപ്പിച്ച തമാശകളെ കുറിച്ചൊക്കെ ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് സംസാരിക്കുകയാണ് ചിന്നു ചാന്ദ്നി.
"ഗ്രാജുവേഷൻ ടൈമിലാണ് എന്റെ ശരീരഭാരം കൂടി തുടങ്ങിയത്. അതിന് അനുസരിച്ച് അന്ന് പരിചയമുള്ളവരുടെ ഭാഗത്തു നിന്നുള്ള തമാശകളും കൂടി വന്നു. അന്നൊക്കെ അതിനെ ചിരിച്ചു തള്ളിയിരുന്നെങ്കിലും അത്തരം തമാശകളൊക്കെ നമ്മളെ വേദനിപ്പിച്ചിട്ടുണ്ടെന്ന് ഇന്ന് ഓർക്കുമ്പോൾ മനസ്സിലാവുന്നുണ്ട്. അതൊക്കെ ആത്മവിശ്വാസത്തെയും ബാധിച്ചിട്ടുണ്ടാകും. അതൊക്കെ ബോഡി ഷേമിംഗ് തന്നെയായിരുന്നു," ചിന്നു പറയുന്നു.
"ആ സമയത്ത് ഞാനതിനെ നേരിട്ട രീതി ശരിയായ ഒന്നാണോ എന്നെനിക്കറിയില്ല. 19- 20 വയസ്സുള്ള സമയത്താണ്. അന്ന് അത്തരം തമാശകൾക്ക് ഞാനും ചിരിക്കുമായിരുന്നു. പിന്നെ ഒരു ഡിഫൻസ് മെക്കാനിസം പോലെ അവർ പറയും മുൻപ് അങ്ങോട്ട് കയറി തമാശ പറയും. പിന്നെ അവർക്ക് ഒന്നും പറയാനുണ്ടാകില്ല. അതല്ല ശരിയായ രീതിയെന്ന് ഇപ്പോൾ അറിയാം. ആർക്കും ചിരിക്കാനുള്ളതല്ല നമ്മുടെ ബോഡി, ചിരിക്കാനുള്ള നമ്മുടെ വ്യക്തിത്വം," ചിന്നു കൂട്ടിച്ചേർത്തു.
തമാശ റിലീസ് ചെയ്യുമ്പോൾ തനിക്കേറെ ട്രോളുകൾ വരാൻ സാധ്യതയുണ്ടെന്നും അതിനായി മാനസികമായി ഒരുങ്ങിയിരുന്നെന്നും എന്നാൽ പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം തനിക്ക് സർപ്രൈസ് ആയിരുന്നെന്നും ചിന്നു പറയുന്നു.
"ചിത്രം റിലീസ് ചെയ്താവുമ്പോൾ എനിക്കു കിട്ടാൻ പോകുന്ന ട്രോളുകളെ കുറിച്ച് ഞാൻ അണിയറക്കാരോടും സുഹൃത്തുക്കളോടുമൊക്കെ പറഞ്ഞിരുന്നു. സ്ക്രീനിൽ അധികം കാണാത്ത ബോഡി ലാംഗ്വേജ് ഉള്ള ഒരു കഥാപാത്രമാണല്ലോ എന്റേത്. അധികം കളിയാക്കലുകൾ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നു. പക്ഷേ എന്നെ എല്ലാവരും സർപ്രൈസ് ചെയ്തു കളഞ്ഞു. ഒരു സിംഗിൾ പേഴ്സൺ പോലും മോശപ്പെട്ട ഒരു കമന്റും പറഞ്ഞില്ല. ഐ ആം വെരി ഹാപ്പി," 'തമാശ' പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ചിന്നു.
ചിത്രം പ്രേക്ഷകരെ നല്ല രീതിയിൽ സ്പർശിച്ചതിലുള്ള സന്തോഷവും ചിന്നു പ്രകടിപ്പിച്ചു. "എനിക്ക് കുറേ മെസേജുകൾ വരുന്നുണ്ട്, ചിത്രം ഞങ്ങളുടെ കഥയാണ്, റിലേറ്റ് ചെയ്യാൻ സാധിക്കുന്നു എന്നൊക്കെ പറഞ്ഞ്. അതിൽ പെട്ടെന്ന് ഓർക്കുന്ന ഒന്നു പറയാം, ഒരാൾ പറഞ്ഞത് സിനിമ കണ്ടിറങ്ങിയപ്പോൾ അയാൾ ആദ്യം ചെയ്തത് താൻ കളിയാക്കിയ ആളുകളെ ഒക്കെ വിളിച്ചു മാപ്പു പറയുകയായിരുന്നെന്നാണ്. ഫോണിൽ പല സുഹൃത്തുക്കളെയും അവരുടെ വട്ടപ്പേരുകൾ വെച്ചായിരുന്നു സേവ് ചെയ്തിരുന്നതെന്നും അത് നീക്കം ചെയ്ത് അവരുടെ യഥാർത്ഥ പേരുകൾ സേവ് ചെയ്തു എന്നു പറഞ്ഞ് മെസേജ് ചെയ്തു. ഇതുപോലെ, ആ ചിത്രത്തിന്റെ മെസേജ് ഒരുപാട് പേരെ സ്പർശിച്ചു എന്നു തന്നെയാണ് എന്റെ വിശ്വാസം."
മറ്റൊരാളുടെ ഇമോഷൻ നോക്കാതെ താനും പലപ്പോഴും ബോഡി ഷേമിംഗ് നടത്തിയിരുന്നെന്നും ചിന്നു പറയുന്നു " എന്റെ ശരീരഭാരം കൂടി വരുന്ന കാലത്തൊക്കെ ഞാനും എന്റെ മെലിഞ്ഞ കൂട്ടുകാരോട് ചോദിക്കുമായിരുന്നു, നിങ്ങൾക്ക് എന്തെങ്കിലുമൊക്കെ കഴിച്ചു തടി വച്ചൂടെ എന്ന്. അതും ഒരു തരം ബോഡി ഷേമിംഗ് ആണ്. ബോഡിയെ കുറിച്ചു വിഷമമുണ്ടാക്കുന്ന എന്തു സംഭാഷണവും ബോഡി ഷേമിംഗ് ആണ്."
പരിചയമില്ലാത്ത ഒരാളുടെ മുഖത്തുനോക്കി നമ്മൾ പറയാത്ത ഒരു കാര്യവും അനോണിമിറ്റിയുടെ മറവിൽ നിന്നും പറയരുതെന്നാണ് സൈബർ ബുള്ളിയിംഗിനെ കുറിച്ചുള്ള ചിന്നുവിന്റെ അഭിപ്രായം. യൂണിവേഴ്സലി തന്നെ വലിയൊരു പ്രശ്നമാണ് സൈബർ ബുള്ളിയിംഗ്. സൈബർ ബുള്ളിയിംഗ് കാരണം കടുംകൈ ചെയ്ത ആളുകൾ, ജീവിതം നഷ്ടപ്പെട്ട ആളുകൾ- അങ്ങനെ എത്ര കഥകൾ നമുക്കറിയാം. പരിചയമില്ലാത്ത ഒരാളുടെ മുഖത്തുനോക്കി നമ്മൾ പറയാത്ത ഒരു കാര്യവും അനോണിമിറ്റിയുടെ മറവിൽ നിന്നും പറയാൻ പാടില്ല."
Read more: Thamaasha Movie Review: ചില തമാശക്കാരുടെ മുഖത്തടിക്കുന്ന ‘തമാശ’
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.