Latest News

കരയിപ്പിച്ചു കളഞ്ഞല്ലോ സലീമേട്ടാ: ‘താമര’യ്ക്കും മാധവേട്ടനുമൊപ്പം നീറുന്നവര്‍

സമൂഹമാധ്യമങ്ങളുടെ അതിപ്രസരത്തില്‍ പെട്ടെന്ന് പ്രചരിച്ച ‘ഷെയറിങ്’ എന്ന ഇംഗ്ലീഷ് പദത്തെക്കുറിച്ച് കുറച്ചധികനേരം ചിന്തിപ്പിക്കുന്നുണ്ട് ‘താമര’ എന്ന ഈ ചിത്രം

താമര, താമര ഷോര്‍ട്ട് ഫിലിം, മലയാളം ഷോര്‍ട്ട് ഫിലിം, സലിം കുമാര്‍, ഷോര്‍ട്ട് ഫിലിം, thamara, thamara short film, malayala, short films 2019, best short films, short films, salim kumar
thamara short film salim kumar

Thamara, Malayalam Short Film Starring Salim Kumar: സലീം കുമാര്‍ കേന്ദ്രകഥാപാത്രമായ് അഭിനയിച്ച ഹ്രസ്വചിത്രമാണ് ‘താമര’.  നാല് ദിവസങ്ങള്‍ക്ക് മുന്‍പ് യൂട്യൂബില്‍ റിലീസ് ചെയ്യപ്പെട്ട ഈ ചിത്രം ഇതിനോടകം തന്നെ ഒരു ലക്ഷം വ്യൂസ് കടന്നിരിക്കുന്നു.  ഇത്രമേല്‍ ഈ ചിത്രത്തെ മലയാളി ഇഷ്ടപ്പെടാന്‍ കാരണമെന്ത് എന്നറിയാന്‍ യൂട്യൂബില്‍ ചിത്രത്തിന് താഴെയുള്ള കമന്‍റുകള്‍ മാത്രം നോക്കിയാല്‍ മതി.

‘കരയിപ്പിച്ച് കളഞ്ഞല്ലോ സലീമേട്ടാ’ എന്ന് തുടങ്ങി ‘കരയിപ്പിച്ചു !! ഒപ്പം ഒരു തീരുമാനവുമെടുത്തു, ഇനിയൊരിക്കലും ഇതു പോലൊന്നും share ചെയ്യില്ല, എല്ലാ മാധവേട്ടന്മാരോടും, മാപ്പ്’ വരെയുള്ള കമന്റുകള്‍ ഈ ചിത്രത്തിന്റെ impact വെളിപ്പെടുത്തുന്നവയാണ്.  അതിനോടൊപ്പം തന്നെ നല്ല സന്ദേശമുള്ള ചിത്രമെന്ന് അഭിനന്ദിക്കുന്നവരുമുണ്ട്‌. പത്തു മിനിറ്റ് ദൈര്‍ഘ്യമുള്ള ‘താമര’ മലയാളിയുടെ മനസ്സില്‍ ഒരു നീറ്റലാവുകയാണ്.

‘താമര’ എന്ന ഹ്രസ്വചിത്രം പറയുന്നത്

മകളുടെ നഗ്നത അവളറിയാതെ പകര്‍ത്തി, സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന്‍റെ പരാതിയുമായ് പൊലീസ് സ്റ്റേഷനിലെത്തിയ അച്ഛനാണ് (സലിം കുമാര്‍) ‘താമര’യിലെ കേന്ദ്രകഥാപാത്രം. സഹോദരിയുടെ നഗ്നത സ്വന്തം ഫോണിലൂടെ കാണേണ്ടി വന്ന സഹോദരനും (ലുക്മാന്‍) അച്ഛനൊപ്പം പരാതി നല്‍കാനെത്തുന്നുണ്ട്. അച്ഛന്‍റെ നിസ്സഹായവാസ്ഥ മനസ്സിലാക്കിയെന്നവണ്ണം അറിഞ്ഞ് പെരുമാറുന്ന പൊലീസുകാര്‍. ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും തങ്ങളുടെ നിസ്സഹായവസ്ഥയും അവര്‍ പറയുന്നുണ്ട്.

കുറ്റവാളികളെ കണ്ടെത്താനുള്ള താമസവും സാങ്കേതിക തടസ്സങ്ങളും മൂലമുണ്ടാകുന്ന കാലതാമസം ഇത്തരം പരാതികളില്‍ പരാതിക്കാരെ കൂടുതല്‍ പരിഭ്രാന്തരാക്കുമെന്ന് പൊലീസുകാര്‍ക്ക് നല്ല ബോധ്യമുണ്ട്. സലിംകുമാറിന്‍റെ കഥാപാത്രമായ, പത്താംക്ലാസുകാരനായ മാധവേട്ടന്‍ ‘ഷെയര്‍’ എന്ന ഇംഗ്ലീഷ് പദത്തിന്‍റെ അര്‍ഥം ചോദിക്കുമ്പോള്‍ പൊലീസുകാരന്‍ പറയുന്നുണ്ട്, ‘പങ്കു വയ്ക്കുക പകുത്ത് നല്‍കുക എന്നൊക്കെയാണ് ഉദ്ദേശിക്കുന്നതെന്ന്’. സമൂഹമാധ്യമങ്ങളുടെ അതിപ്രസരത്തില്‍ പെട്ടെന്ന് പ്രചരിച്ച ‘ഷെയറിങ്’ എന്ന ഇംഗ്ലീഷ് പദത്തെക്കുറിച്ച് കുറച്ചധികനേരം ചിന്തിപ്പിക്കുന്നുണ്ട് ഈ ചിത്രം. കിട്ടുന്നതെന്തും ഷെയര്‍ ചെയ്ത് ആസ്വദിക്കുന്ന, സമൂഹമാധ്യമങ്ങളിലെ അനാവശ്യ ഗ്രൂപ്പുകളിലെ ‘മെമ്പര്‍’മാരായവരുടെ പ്രതിനിധിയായ താമരയുടെ സഹോദരനും കഥാപാത്രമാകുന്നുണ്ട്. സ്വന്തം സഹോദരിക്ക് സംഭവിക്കുമ്പോള്‍ മാത്രമാണ് അത് അവനെ പൊള്ളിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്ന സ്ത്രീ ശരീരങ്ങളുടെ നഗ്നത പങ്ക് വയ്ക്കുന്നത് ഒരു കുടുംബത്തിന്‍റെ വേദന കൂടിയാണെന്നുള്ള ഓര്‍മിപ്പിക്കലാണ് ‘താമര’ എന്ന ഹ്രസ്വചിത്രം. ‘അച്ഛനുറങ്ങാത്ത വീട്ടില്‍’ പെണ്‍മക്കളുടെ സുരക്ഷയോര്‍ത്ത് നീറുന്ന സലീം കുമാര്‍ കഥാപാത്രത്തിന്‍റെ തുടര്‍ച്ചയായ് തോന്നും ‘താമര’യിലെ മാധവേട്ടനും.

 

ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ സ്വന്തം കുടുംബത്തില്‍ ഉണ്ടാകുന്നതുവരെ ആരും പ്രതികരിക്കാറില്ല. ഒരു പരിധിവരെ കണ്ടാസ്വദിക്കുകയും ചെയ്യും. ഒളിഞ്ഞിരിക്കുന്ന ക്യാമറക്കണ്ണുകള്‍ സ്ത്രീ ശരീരത്തെ എപ്പോഴും നഗ്നയാക്കിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വീടിന്‍റെ സുരക്ഷിതത്വം പോലും തകര്‍ത്ത് തുളഞ്ഞ് കയറുന്ന ക്യാമറകള്‍ പകര്‍ത്തുന്ന സ്വകാര്യതകള്‍ മിനിറ്റുകളുടെ ആസ്വാദാനോപാധിയാകാം. പക്ഷേ, തകര്‍ക്കപ്പെടുന്ന പെണ്‍ജീവിതങ്ങള്‍ക്കും അവരോടൊപ്പം തകര്‍ന്നടിയുന്ന ഉറ്റവര്‍ക്കും ഇല്ലാതാകുന്നത് ഒരായുസ്സാണ്.

നിയമത്തിന്‍റെ പരിരക്ഷ ഉറപ്പാക്കുമെന്നുള്ള വാഗ്ദാനത്തിന്, അതിവേഗത്തിലുളള ഷെയറുകളെ തടയാനാവില്ലെന്ന് നല്ല ബോധ്യമുണ്ട് സമൂഹത്തിന്. അത് തന്നെയാണ് കുറ്റം ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും. ഈ ഹ്രസ്വചിത്രത്തില്‍ പറയുന്നത് പോലെ തെറ്റുകാരനെ ചൂണ്ടിക്കാട്ടി, ശിക്ഷ വിധിക്കുന്ന സമയം കൊണ്ട്, കുറ്റകൃത്യത്തിനിരയാക്കപ്പെട്ടവര്‍ പരമാവധി ശിക്ഷിക്കപ്പെട്ടിരിക്കും. നഗ്നദൃശ്യങ്ങള്‍ പങ്കു വയ്ക്കുമ്പോള്‍ കുറ്റവാളിയേക്കാള്‍ ക്രൂശിക്കപ്പെടുന്നത് പരാതിക്കാരിയാണ്. ചുറ്റമുള്ളവരുടെ കണ്ണിലും മനസ്സിലും പതിഞ്ഞു പോയത് അവളുടെ ശരീരമാണ്, മനസ്സാണ്. അത് മായ്ക്കേണ്ടതും തിരുത്തേണ്ടതും സ്വന്തം മനസ്സാക്ഷിയുടെ അളവ് കോലുകൊണ്ടാണ്.

സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞ് നോട്ടങ്ങളും, ആര്‍ക്കും എന്തും പങ്കുവയ്ക്കാവുന്ന സമൂഹമാധ്യമങ്ങളിലെ അരക്ഷിതാവസ്ഥയും മാധ്യമങ്ങളിലെ പതിവ് വാര്‍ത്തകളാണ്. അതിന്റെ അതിപ്രസരത്തിനിടയില്‍ ‘താമര’ ശ്രദ്ധിക്കപ്പെട്ടത് സമൂഹത്തിന് നല്‍കുന്ന കൃത്യമായ് താക്കീത് കൊണ്ടാണ്. ഇതൊക്കെ മാധ്യമങ്ങളില്‍ വാര്‍ത്തയായ് വായിച്ച് തള്ളേണ്ടതല്ലെന്നും, ചുറ്റും ഇത്തരത്തിലുള്ള വൈകൃതങ്ങള്‍ നടക്കുമ്പോള്‍ നിശ്ബദരായിരിക്കുകയല്ല വേണ്ടതെന്നുമുള്ള ഓര്‍മപ്പെടുത്തലുമാണ് ഈ ചിത്രം. ജാഗ്രതയുളള, പ്രതികരിക്കുന്ന മനസ്സിനെ വളര്‍ത്തിയെടുക്കണം എന്ന സന്ദേശം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ  കൈമാറാനായ് എന്നതിന്‍റെ തെളിവാണ് ‘താമര’യ്ക്ക് കിട്ടുന്ന സ്വീകാര്യതയും അത് ഉയര്‍ത്തുന്ന ചര്‍ച്ചകളും. വീഡിയോയ്ക്ക് താഴെയുള്ള പ്രതികരണങ്ങള്‍ നന്നായി ചിത്രം വിലയിരുത്തപ്പെട്ടതിന്‍റെ അടയാളങ്ങളും.

താമര, താമര ഷോര്‍ട്ട് ഫിലിം, മലയാളം ഷോര്‍ട്ട് ഫിലിം, സലിം കുമാര്‍, ഷോര്‍ട്ട് ഫിലിം, thamara, thamara short film, malayala, short films 2019, best short films, short films, salim kumar
ഹാഫിസ് മുഹമ്മദ് , സിബി തോമസ്‌

‘താമര’യുടെ അണിയറക്കാര്‍

ഹാഫിസ് മുഹമ്മദ് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലെ അഭിനേതാക്കള്‍ക്ക് പ്രത്യേക പരിചയപ്പെടുത്തല്‍ ആവശ്യമില്ല. പ്രധാനകഥാപാത്രമായ മാധവേട്ടനായെത്തുന്ന സലിം കുമാറിന് പുറമെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ പൊലീസുകാരനായെത്തിയ സിബി തോമസാണ് എസ്.ഐയുടെ വേഷത്തില്‍, മമ്മൂട്ടി ചിത്രമായ ‘ഉണ്ട’യിലൂടെ പരിചിതനായ ലുക്ക്മാനാണ് താമരയുടെ സഹോദരനാകുന്നത്, മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും സ്ഥിരം സാന്നിധ്യമായ ജയന്‍ ചേര്‍ത്തലയാണ് കോണ്‍സ്റ്റബിള്‍ വേഷത്തില്‍.

രതീഷ് രവിയാണ് ‘താമര’യുടെ കഥാകൃത്ത്. ‘ഇഷ്ക്’, ‘പുളളിക്കാരന്‍ സ്റ്റാറാ’ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് രതീഷ് രവി. ഷിജു എം.ഭാസ്ക്കറാണ് ഛായാഗ്രഹണം. പ്രമേയത്തിന് യോജിച്ച സംഗീതം നല്‍കിയിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ഗുഡ് വില്‍ എന്‍റര്‍ടെയിന്‍മെന്‍സിന്‍റെ ബാനറിലാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. പ്രദീപ് രംഗനാണ് ചമയം. വസ്ത്രാലങ്കാരം രതീഷ്.

Read More Film News Here

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Thamara malayalam short film salim kumar

Next Story
IFFI 2019: അക്കാദമി പ്രസിഡന്റ് ജോൺ ബെയ്‌ലിയും ഐ എഫ് എഫ് ഐയിൽ എത്തുംiffi, ഐഎഫ്എഫ്ഐ, iffi golden jubilee, ഐഎഫ്​എഫ്​ഐ ഗോൾഡൻ ജൂബിലി, ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള 2019, International Film Festival of India, John Bailey, iffi John Bailey, International Film Festival of India 2019, iffi 2019, ഐ എഫ്​ എഫ് ഐ 2019, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം, Indian express Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com