മലയാള സിനിമയിലെ ഹിറ്റ് മേക്കേഴ്സായ സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാക്കളായി കൈകോര്‍ക്കുന്ന ചിത്രം ‘തമാശ’യിലെ ആദ്യ ഗാനമെത്തി. വിനയ് ഫോര്‍ട്ട് നായകനാകുന്ന ചിത്രത്തില്‍ ദിവ്യ പ്രഭയാണ് നായിക. കുമ്പളങ്ങി നൈറ്റ്സ് ഫെയിം ഗ്രേസ് ആന്റണിയും ചാന്ദ്നിയും മുഖ്യ വേഷത്തില്‍ എത്തുന്നു. നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്, ആര്യ സാലിം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിലെ സോങ് ടീസര്‍ നേരത്തേ തന്നെ പുറത്തു വന്നിരുന്നു. അന്ന് തന്നെ ഈ ഗാനം എല്ലാവരുടേയും ഹൃദയത്തില്‍ ഇടം നേടുകയും ചെയ്തിരുന്നു. ‘പാടി ഞാന്‍’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്. സംവിധായകന് അഷ്റഫ് ഹംസയും മുഹ്സിന് പരാരിയും ചേര്‍ന്നാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതമൊരുക്കിയിരിക്കുന്നതും ഷഹബാസ് തന്നെ.
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയ്ക്ക് ശേഷം ഹാപ്പി ഹവേഴ്സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് തമാശ. സമീര്‍ താഹിറിനും ഷൈജു ഖാലിദിനും ഒപ്പമാണ് ലിജോ പെല്ലിശേരിയും ചെമ്പന്‍ വിനോദ് ജോസും തമാശയില്‍ നിര്‍മ്മാതാക്കളാകുന്നത്.
നവാഗതനായ അഷ്റഫ് ഹംസയാണ് തമാശയുടെ രചനയും സംവിധാനവും. സിനിമയുടെ ആദ്യലുക്കില്‍ വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ തന്നെ സിനിമ ചര്‍ച്ചയായിരുന്നു. ഈ പാട്ടിന്റെ പിന്നണിയിലുള്ളതും മുന്‍നിര സംഗീത സംവിധായകരാണ്.
റെക്സ് വിജയനും സുഷിന് ശ്യാമും മ്യൂസിക് പ്രൊഡക്ഷന്റെ ഭാഗമാണ്. സമീര്‍ താഹിര്‍ ക്യാമറ ചെയ്യുന്ന സിനിമയില്‍ കോളേജ് അധ്യാപകന്റെ റോളിലാണ് വിനയ് ഫോര്‍ട്ട്. പെരുന്നാള്‍ റിലീസായി ചിത്രം സെന്‍ട്രല്‍ പിക്ചേഴ്സാണ് വിതരണത്തിനെത്തിക്കുന്നത്.
Read More: ലിജോ ജോസ് പെല്ലിശ്ശേരിയും സമീര്‍ താഹിറും ഒന്നിക്കുന്നു
മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തമാശ. അതുകൊണ്ടു തന്നെ ഇരു ചിത്രങ്ങളിലേയും മാജിക് ഇവിടെയും ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ മിഴിയില്‍ നിന്നും എന്ന ഗാനം മലയാള സിനിമയിലെ സമീപകാല ഹിറ്റുകളില്‍ ഒന്നായിരുന്നു. പാട്ടിന് നിരവധി കവര്‍ വേര്‍ഷനുകളും ഇറങ്ങിയിരുന്നു. ഈ ഗാനത്തിലൂടെ മികച്ച ഗാനയകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഷഹബാസ് അമന് നേടിയിരുന്നു. വരികള്‍ റഫീഖ് അഹമ്മദിന്റേതായിരുന്നു. ഇതിലെ ‘കാറ്റില്‍’ എന്നു തുടങ്ങുന്ന ഗാനവും ഷഹബാസ് അമന് തന്നെയാണ് പാടിയിരിക്കുന്നത്.
സുഡാനി ഫ്രം നൈജീരിയയിലെ ഫുട്ബോള്‍ ഗാനമായിരുന്നു ഇരുവരുടേയും അടുത്ത ഹിറ്റ്. കാല്‍പ്പന്തുകളിയെ കുറിച്ചുള്ള പാട്ട് സോഷ്യല്‍ മീഡിയയിലും പുറത്തും ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.