ടൊവിനോ തോമസിനെയും കല്യാണി പ്രിയദർശനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാല വേറിട്ടൊരു കാഴ്ചാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. മലയാളത്തില്‍ കണ്ടുവന്നിട്ടില്ലാത്ത വളരെ വ്യത്യസ്തമായൊരു സമീപനമാണ് ചിത്രത്തിനായി സംവിധായകൻ സ്വീകരിച്ചത്. പല സൈസിലും തരത്തിലുമുള്ള തല്ലുകളുടെ സമ്മേളനമാണ് ചിത്രം. നോൺ ലിനിയർ രീതിയിൽ പറഞ്ഞുപോവുന്ന ചിത്രം പലരിലും ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. തല്ലുകളുടെ ക്രമവും കഥാഗതിയും കൃത്യമായി പിടികിട്ടിയവരും ചുരുക്കമാണ്.
ഇപ്പോഴിതാ, തല്ലുമാല കണ്ട പല പ്രേക്ഷകരും ഉന്നയിച്ച ആ സംശയം ദുരീകരിക്കുകയാണ് സിനിമാസ്വാദകനും m3db അംഗവുമായ ജോസ്മോൻ വാഴയിൽ. സചിത്രകഥയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ തല്ലുമാലയുടെ വിശദമായ സ്റ്റോറി ടൈംലൈൻ തന്നെ ഒരുക്കിയിട്ടുണ്ട് മലയാളം മൂവി മ്യൂസിക് ഡാറ്റ ബേസ് (m3db).
“നോൺലിനിയർ ഗണത്തിൽ തയ്യാറക്കപ്പെട്ട ഗംഭീരസിനിമയാണ് തല്ലുമാല. കണ്ടിറങ്ങിയ മിക്കവർക്കും അതിന്റെ മെയ്ക്കിംഗ് ശൈലി കൊണ്ടും വൈബ്രന്റ് കളർടോൺ കൊണ്ടും പുതുമ സമ്മാനിക്കുകയും സിനിമ പെരുത്തിഷ്ടമാവുകയും ചെയ്തു. എന്നിരുന്നാൽ പോലും, സിനിമ കണ്ട പലരുടെയും മനസിൽ കഥയുടെ ടൈം-ലൈനിനേക്കുറിച്ച് ചില സംശയങ്ങൾ തോന്നിയിട്ടുണ്ടാവും! അങ്ങനെ ചില സുഹൃത്തുക്കൾ പേഴ്സണലായും ചില ഗ്രൂപ്പ് സംവാദങ്ങളിലും മെസേജ് അയച്ച് ചോദിക്കുകയുണ്ടായി, തല്ലുമാലയുടെ കഥയൊന്ന് ഓർഡറിലാക്കി പറഞ്ഞ് തരാമോ? എന്ന്. അതിന്റെ പശ്ചാത്തലത്തിലാണ് തല്ലുമാലയുടെ കഥ ഇങ്ങനെ ലിനിയർ പരുവത്തിൽ കാണിക്കാൻ ശ്രമിക്കുന്നത്,” ജോസ്മോൻ കുറിക്കുന്നു.










മണവാളൻ വസീമായി ടൊവിനോ എത്തിയപ്പോൾ വ്ളോഗർ ബീപാത്തുവായത് കല്യാണിയാണ്. ടൊവിനോക്കും കല്യാണിക്കും പുറമെ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരും ചിത്രത്തിലുണ്ട്. മുഹ്സിന്‍ പരാരി, അഷ്റഫ് ഹംസ എന്നിവരാണ് തല്ലുമാലയുടെ കഥയൊരുക്കിയത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന മുഹ്‌സിന്‍ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേര്‍ന്നാണ് നിർവ്വഹിച്ചത്.