Thallumaala Malayalam Movie Trolls: ടൊവിനോ തോമസിനെയും കല്യാണി പ്രിയദർശനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാല തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മണവാളൻ വസീമായി ടൊവിനോ എത്തിയപ്പോൾ വ്ളോഗർ ബീപാത്തുവായത് കല്യാണിയാണ്. ടൊവിനോക്കും കല്യാണിക്കും പുറമെ ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ട്. മുഹ്സിന്‍ പരാരി, അഷ്റഫ് ഹംസ എന്നിവരാണ് തല്ലുമാലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മലയാളത്തില്‍ കണ്ടുവന്നിട്ടില്ലാത്ത വളരെ വ്യത്യസ്തമായൊരു സമീപനമാണ് ചിത്രത്തിനായി സംവിധായകൻ സ്വീകരിച്ചത്. പല സൈസിലും തരത്തിലുമുള്ള തല്ലുകളുടെ സമ്മേളനമാണ് ചിത്രം. വന്നവനും പോയവനുമെല്ലാം പരസ്പരം എടുത്തിട്ട് തല്ലുന്ന നല്ല ഒന്നാന്തരം തല്ലുപടമാണ് ചിത്രമെന്നാണ് പൊതുവെയുള്ള പ്രേക്ഷക പ്രതികരണം.
ചിത്രത്തെ കുറിച്ചുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. തല്ലുമാലയിൽ നിറഞ്ഞുനിന്നത് ടൊവിനോ തോമസ് ആണെങ്കിൽ ട്രോളുകളിലെ താരം ആന്റണി വർഗീസ് പെപ്പെയാണ്. അങ്കമാലി ഡയറീസ് മുതൽ ഇങ്ങോട്ട് അജഗജാന്തരം വരെയുള്ള ചിത്രങ്ങളിൽ ആസ്ഥാന കലിപ്പനും തല്ലിന്റെ ഹോൾസെയിൽ ഡീലറുമായ പെപ്പെയെ കൂടെ തല്ലുമാലയിലേക്ക് ക്ഷണിക്കാമായിരുന്നു എന്നാണ് ട്രോളന്മാരുടെ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് രസകരമായ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
അതേസമയം, തല്ലുമാലയെ അഭിനന്ദിച്ച് പെപ്പെയും രംഗത്തെത്തിയിട്ടുണ്ട്. “തല്ലുകൂടി ഹിറ്റടിച്ച്… എതിരെ ഇടിക്കാൻ നിക്കുന്നവന്റെ ഉള്ളൊന്നു അറിഞ്ഞാൽ തീരാവുന്ന പ്രശ്നം ഒളളൂട്ടോ ടോവി ബ്രോ, അതോണ്ട് അല്ലേ ഇടിക്കാൻ നിന്നവന്റെ കൂടെ നിക്കുന്നവനെ ഞാൻ ആദ്യം ഇടിച്ചത്,” എന്നാണ് പെപ്പെ ഫെയ്സ്ബുക്കിൽ കുറിച്ചത്.

“തലൈവാ നീങ്കളാ,” എന്നാണ് പെപ്പെയുടെ കുറിപ്പിന് ടൊവിനോയുടെ കമന്റ്.

“തളരരുത് രാമൻകുട്ടീ”,
“ലെ പെപ്പേട്ടൻ: ന്നാലും ആ കല്യാണ ഇടിയിൽ എങ്കിലും എന്നേ ഗസ്റ്റായിട്ട് വിളിക്കാമായിരുന്നു ടോവി ബ്രോ. ചുമ്മാ വന്നോരും പോയോരും വരെ ഇടിച്ചു, എന്നിട്ടാണ്!”
“നിങ്ങള് ധ്യാനം കൂടി തല്ലൊക്കെ നിർത്തി നന്നായെന്ന് കേൾക്കുന്നു. ഉള്ളതാ?”
“സാരല്ല്യ അടുത്ത പടത്തില് ഇതിന്റെ ക്ഷീണം നമ്മക്ക് തീർക്കണം ഇടിന്ന് പറഞ്ഞാ പൊരിഞ്ഞ ഇടി,” ഇങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.