സർക്കാർ സിനിമയുടെ സൂപ്പർ ഹിറ്റ് വിജയത്തിനുശേഷം തന്റെ 63-ാമത് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ദളപതി വിജയ്. ‘ദളപതി 63’ എന്നാണ് ആരാധകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഒരു മാസത്തിലധികമായി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ട്. എസ്ആർഎം യൂണിവേഴ്സിറ്റി ക്യാംപസിലാണ് ഇപ്പോൾ ഷൂട്ടിങ് നടക്കുന്നത്.

യൂണിവേഴ്സിറ്റി ക്യാംപസിൽ നൂറുകണക്കിന് വിജയ് ആരാധകരാണ് ഓരോ ദിവസവും എത്തുന്നത്. ക്യാംപസിലെ ഷൂട്ടിങ് സെറ്റിൽനിന്നുളള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ വഴി പുറത്തുവരുന്നുണ്ട്. വിജയ്‌യുടെ വാഹനത്തെ പിന്തുടർന്ന ആരാധകരോട് വിജയ് കാട്ടിയ കരുതലിന്റെ വീഡിയോ ആണ് ഇക്കൂട്ടത്തിൽ വൈറലാവുന്നത്.

വിജയ്‌യുടെ ആരാധകരിൽ ചിലർ ബൈക്കിലാണ് താരത്തിന്റെ കാറിനെ പിന്തുടർന്നത്. ‘തലൈവാ തലൈവാ’ എന്നു വിളിച്ചാണ് ആരാധകർ പിന്തുടർന്നത്. ആരാധകർ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ വിജയ് കാറിന്റെ ഗ്ലാസ് താഴ്‌ത്തി അവരോട് തിരികെ പോകാൻ ആവശ്യപ്പെട്ടു. ആരാധകരെ കൈ വീശി കാണിച്ചശേഷമാണ് തന്നെ പിന്തുടരുന്നത് നിർത്തി ദയവ് ചെയ്ത് തിരികെ പോകാൻ ആവശ്യപ്പെട്ടത്.

‘തെറി’, ‘മെർസൽ’ എന്നീ ചിത്രങ്ങൾക്കു ശേഷം ഇളയ ദളപതി വിജയ്‌യും സംവിധായകൻ ആറ്റ്‌ലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 63. നയൻതാരയാണ് ചിത്രത്തിലെ നായിക. എജിഎസ് സിനിമയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കതിർ, യോഗി ബാബു, ആനന്ദ് രാജ് എന്നിവരും ചിത്രത്തിലുണ്ട്. എ.ആർ.റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ദീപാവലി റിലീസായി ചിത്രം തിയേറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

‘സർക്കാർ’ ആയിരുന്നു തിയേറ്ററുകളിലെത്തിയ വിജയ്‌യുടെ അവസാനചിത്രം. എ.ആർ.മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തിലെ വിവാദ രംഗങ്ങളുമായി ബന്ധപ്പെട്ട് ഏറെ പ്രതിഷേധങ്ങൾക്കും തമിഴ്‌നാട് സാക്ഷിയായിരുന്നു. സണ്‍ പിക്ചേഴ്‌സ് ആയിരുന്നു പൊളിറ്റിക്കല്‍ ത്രില്ലറായ ‘സർക്കാറി’ന്റെ നിർമ്മാതാക്കൾ. കീര്‍ത്തി സുരേഷും, വരലക്ഷ്മി ശരത് കുമാറും നായികമാരായ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചതും എ.ആർ.റഹ്മാൻ​ ആയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook