ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാസ്റ്ററിന്റെ തീയേറ്റർ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജനുവരി 13ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാളവിക മോഹൻ നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി, ആൻഡ്രിയ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

അതിനിടെ, സാലിഗ്രാം പ്രദേശത്ത് വിജയ്‌യുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റ് ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ രവി രാജ്, എ.സി കുമാർ എന്നിവർക്കെതിരെ, വിജയ്‌യുടെ അഭിഭാഷകർ വിരുഗമ്പാക്കം സ്റ്റേഷനിൽ പോലീസ് പരാതി നൽകിയിട്ടുണ്ട് എന്ന വാർത്തയാണ് പുറത്തു വരുന്നത്. നടന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ മുൻ പ്രവർത്തകരായിരുന്നു ഇരുവരും. വർഷങ്ങളായി അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നെങ്കിലും ഇരുവരെയും ഫാൻസ് ക്ലബിന്റെ അംഗത്വത്തിൽ നിന്ന് നീക്കിയിരുന്നു. രാഷ്ട്രീയ പാർട്ടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിൽ വിജയ്‌യുടെ പിതാവ് എസ്.എൻ.ചന്ദ്രശേഖറുമായി ഇരുവരും കൈകോർത്തു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്താക്കിയത്.

Read More: വിജയ് അച്ഛനോടുള്ള സംസാരം നിർത്തിയെന്ന് അമ്മ; അവൻ തിരിച്ചുവരുമെന്ന് ചന്ദ്രശേഖർ

പോലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വിജയ് മക്കൾ ഇയക്കത്തിലെ മുൻ അം​ഗങ്ങളെ ചേർത്ത് പാർട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രശേഖറെന്നാണ് റിപ്പോർട്ടുകൾ. എസ് എ ചന്ദ്രശേഖർ മക്കൾ ഇയക്കം എന്ന പേരിലാണ് പാർട്ടി രൂപീകരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ അച്ഛൻ പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും അതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും വിജയ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അച്ഛന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു തന്റെ പേരോ ഫോട്ടോയോ ‘വിജയ്‌ മക്കള്‍ ഇയക്കം’ എന്ന പേരോ ഉപയോഗിക്കാന്‍ പാടില്ല എന്നും വിജയ്‌ പറഞ്ഞിരുന്നു. അച്ഛന്‍ തുടങ്ങിയ പാര്‍ട്ടി എന്ന കാരണത്താല്‍ തന്റെ ആരും തന്നെ ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുത് എന്നും താരം അഭ്യര്‍ഥിച്ചിരുന്നു.

Read More: അച്ഛന്‍ തുടങ്ങിയ പാര്‍ട്ടിയുമായി ബന്ധമില്ല; വിജയ്

ലക്ഷക്കണക്കിന് ആരാധകരുള്ള നടനാണ്‌ തമിഴകത്തെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളായ വിജയ്‌. ‘തളപതി’ എന്ന് ആരാധകര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന വിജയ്‌യുടെ രാഷ്ട്രീയപ്രവേശനം ഏറെക്കാലമായി തമിഴകരാഷ്ട്രീയം ഉറ്റുനോക്കുന്ന ഒന്നാണ്. അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം (All India Thalapathy Vijay Makkal Iyakkam) എന്ന പേരിൽ ഒരു ഫാന്‍സ്‌ സംഘടന റജിസ്റ്റർ ചെയ്യാൻ വിജയുടെ ലീഗല്‍ പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയതാണ് ഇതിനു ആക്കം കൂട്ടിയത്. വിജയുടെ അച്ഛനും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖറിനെ സംഘടനയുടെ ജനറൽ സെക്രട്ടറിയായും അമ്മ ശോഭയെ ട്രഷററായും അപേക്ഷയിൽ ചേർത്തിട്ടുള്ളതായുമുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. നിലവിൽ വിജയ്‌ ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതു അച്ഛന്‍ ചന്ദ്രശേഖറാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook