/indian-express-malayalam/media/media_files/uploads/2018/11/ajith-vijay.jpg)
വിജയ് ആരാധകരും അജിത് ആരാധകരും തമ്മിലുളള പോര് തുടങ്ങിയിട്ട് വർഷങ്ങളായി. ആരാധകർ തമ്മിൽ ശത്രുക്കളാണെങ്കിലും വിജയ്‌യും അജിത്തും തമ്മിൽ നല്ല സൗഹൃദത്തിലാണ്. വിജയ്‌യുടെ ബാല്യകാലസുഹൃത്തും നടനുമായ സഞ്ജയ് ആണ് ഇരുവരും തമ്മിലുളള സൗഹൃദത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞത്.
അജിത്തിന്റെ സിനിമയെക്കുറിച്ച് വിജയ് സംസാരിക്കാറുണ്ടോയെന്നും ഏറെ സംസാരിച്ച സിനിമ ഏതാണെന്നുമായിരുന്നു സഞ്ജയോട് ചോദിച്ചത്. ഇതിന് 2015 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം 'വേതാളം' എന്നായിരുന്നു സഞ്ജയ് പറഞ്ഞത്. ഇതിലെ 'ആലുമ ഡോലുമ' എന്ന പാട്ട് വിജയ്‌ക്ക് വളരെയധികം ഇഷ്ടമാണെന്നും ഈ പാട്ടിൽ അജിത് വളരെ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും വിജയ് പറഞ്ഞുവെന്നും സഞ്ജയ് പറഞ്ഞു.
ശിവയാണ് 'വേതാളം' സിനിമയുടെ സംവിധായകൻ. 2014 ൽ ശിവ സംവിധാനം ചെയ്ത വിജയ്‌യുടെ 'ജില്ല'യും അജിത്തിന്റെ 'വീര'വും ഒരേ ദിവസമാണ് റിലീസ് ആയത്. അന്ന് ജില്ലയുടെ വിജയാഘോഷ സമയത്ത് അജിത്തിന്റെ വീരം സിനിമയെയും വിജയ് പ്രശംസിച്ചിരുന്നു.
വിജയ് ഒരു നടനെയും നടിയെയും വിമർശിക്കാറില്ലെന്നും സഞ്ജയ് പറഞ്ഞു. ''സുഹൃത്തുക്കൾ ഒത്തുകൂടുമ്പോൾ മറ്റു നടന്മാരുടെ സിനിമയെക്കുറിച്ച് ഞങ്ങൾ സംസാരിക്കാറുണ്ട്. ചില രംഗങ്ങളിലെ അവരുടെ അഭിനയത്തെക്കുറിച്ച് വിമർശിക്കാറുണ്ട്. ഞങ്ങൾ ഈ വിഷയം തുടങ്ങുമ്പോൾ തന്നെ വിജയ് പറയും, ഈ വിഷയം സംസാരിക്കാതെ മറ്റെന്തെങ്കിലും സംസാരിക്കാമെന്ന്. ഈ വിഷയം തുടങ്ങുമ്പോൾ തന്നെ വിജയ് കട്ട് പറയും. എന്നാൽ നടന്മാരെക്കുറിച്ചോ, നടിമാരെക്കുറിച്ചോ, സിനിമയെക്കുറിച്ചോ പോസിറ്റീവായി സംസാരിച്ചാൽ വിജയ് അതെല്ലാം കേട്ടിരിക്കും,'' സഞ്ജയ് പറഞ്ഞു.
സർക്കാർ ആണ് വിജയ്‌യുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ബോക്സോഫിസിൽ ചിത്രം വൻ ഹിറ്റാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.