തന്റെ 62-ാമത്തെ ചിത്രമായ ‘ദളപതി 62’ വിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കര്‍ശന താക്കീതുമായി ദളപതി വിജയ്. സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് താരം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഷൂട്ടിങ് വേളയിലെ ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു നിയന്ത്രണം എന്നാണ് അറിയുന്നത്.

എ.ആര്‍.മുരുകദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതിയ ഗെറ്റപ്പിലാണ് താരം എത്തുന്നത്. ഹെയര്‍ സ്റ്റൈലിലും താടിയിലുമെല്ലാം പുതിയ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.

ചിത്രത്തിലെ ഗാനരംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനായി വിജയ്‌യും കീര്‍ത്തിയും അമേരിക്കയിലേക്കു പറക്കുകയാണ്. ചിത്രം ദീപാവലി റിലീസ് ആയി തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

കഴിഞ്ഞ ദീപാവലിക്കായിരുന്നു മെര്‍സല്‍ തിയേറ്ററുകളിലെത്തിയത്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നുവെന്ന് ആരോപിച്ച് ചിത്രത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഏറെ വിവാദങ്ങള്‍ക്കു നടുവിലായിരുന്നു മെര്‍സല്‍ റിലീസ് ചെയ്തത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചിത്രം 200 കോടിയാണ് നേടിയത്. സാമന്ത, കാജല്‍ അഗര്‍വാള്‍, നിത്യാ മേനോന്‍ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ