സിനിമാ സെറ്റിലെ അംഗങ്ങളുടെ പ്രയത്നങ്ങൾക്ക് വില മതിക്കുന്ന താരമാണ് ഇളയദളപതി വിജയ്. തന്റെ ഓരോ ചിത്രത്തിന്റെ ഷൂട്ടിങ് കഴിയുന്തോറും അവരുടെ പ്രയത്നങ്ങൾക്ക് വിജയ് ഉപഹാരം നൽകാറുണ്ട്. തന്റെ 60-ാമത് ചിത്രമായ ഭൈരവയുടെ ഷൂട്ടിങ് പൂർത്തിയായപ്പോൾ എല്ലാ യൂണിറ്റ് അംഗങ്ങൾക്കും സ്വർണമാലയാണ് വിജയ് സമ്മാനമായി നൽകിയത്. തന്റെ പുതിയ ചിത്രമായ മെർസലിനൊപ്പം പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും വിജയ് ഉപഹാരം നൽകിയതായാണ് റിപ്പോർട്ട്.

മെർസലിന്റെ ഷൂട്ടിങ് സെറ്റിൽ പ്രവർത്തിച്ച 200 പേർക്ക് സ്വർണ നാണയമാണ് വിജയ് ഇത്തവണ സമ്മാനമായി നൽകിയത്. ചിത്രത്തിന്റെ ഷൂട്ടിങ് ഏകദേശം പൂർത്തിയായിട്ടുണ്ട്. ദീപാവലിയോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ നീക്കം. ആറ്റ്‌ലീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാജൾ അഗർവാൾ, സാമന്ത, നിത്യ മേനോൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിൽ വിജയ് മൂന്നു വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം.

നേരത്തെ പുലി സിനിമയുടെ സെറ്റിൽ പ്രവർത്തിച്ച 820 അംഗങ്ങള്‍ക്കും വിജയ് ബിരിയാണി വിളമ്പി കൊടുത്തത് വലിയ വാർത്തയായിരുന്നു. വിജയ് ഒറ്റയ്ക്കാണ് ഇത്രയും ആളുകള്‍ക്ക് ബിരിയാണി വിളമ്പി കൊടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ