ദളപതി വിജയ്‌യുടെ 62-ാമത്തെ സിനിമയാണ് സർക്കാർ. സംവിധായകൻ എ.ആർ.മുരുകദോസ്-വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയാണിത്. കീർത്തി സുരേഷും വരലക്ഷ്മി ശരത് കുമാറുമാണ് ചിത്രത്തിലെ നായികമാർ. സർക്കാർ സനിമയുടെ ഓഡിയോ ലോഞ്ചായിരുന്നു ഇന്നലെ. ആയിരക്കണക്കിന് ആരാധകർ ഒത്തു ചേർന്ന വൻ പരിപാടിയിലാണ് ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തത്.

വിജയ്, എ.ആർ.മുരുകദോസ്, കീർത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാർ, എ.ആർ.റഹ്മാൻ തുടങ്ങിയ ചിത്രത്തിലെ പ്രമുഖ താരങ്ങളെല്ലാം ഓഡിയോ റിലീസിനെത്തി. ഓഡിയോ ലോഞ്ചിനു മുൻപായി വിജയ് നടത്തിയ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സ്റ്റേജിലേക്ക് കടന്നുവരവേ ‘ദളപതി ദളപതി’ എന്നു ഉച്ചത്തിൽ വിളിച്ചുകൂവിയാണ് ആരാധകർ താരത്തെ വരവേറ്റത്.

‘എന്റെ നെഞ്ചിൽ എപ്പോഴുമുളള സ്നേഹിതാ’, എന്നു പറഞ്ഞുകൊണ്ടാണ് വിജയ് തന്റെ പ്രസംഗം തുടങ്ങിയത്. പിന്നാലെ അണിയറപ്രവർത്തകരെ പേരെടുത്ത് പ്രശംസിക്കുകയും ചെയ്തു വിജയ്. എ.ആർ.റഹ്മാനാണ് സർക്കാർ സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. റഹ്മാൻ ഈ സിനിമയിൽ പങ്കാളിയായതോടെ സർക്കാരിന് ഓസ്കർ ലഭിച്ച പോലെയാണെന്ന് വിജയ് പറഞ്ഞു.

”സാധാരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷമായിരിക്കും സർക്കാർ രൂപീകരിക്കുക. എന്നാൽ ഞങ്ങൾ സർക്കാർ രൂപീകരിച്ചശേഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നു” വിജയ് ഇതു പറഞ്ഞതും ആരാധകർ വൻകരഘോഷം മുഴക്കി. ഇതിനുപിന്നാലെ താൻ പറഞ്ഞത് സിനിമയെക്കുറിച്ച് മാത്രമാണെന്ന് വിജയ് വ്യക്തമാക്കി. വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കവേയാണ് വിജയ്‌യുടെ പ്രതികരണം.

ഈ സിനിമയിൽ മുഖ്യമന്ത്രി ആയിട്ടാണ് വിജയ് അഭിനയിക്കുന്നതെന്ന് ചില അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനെക്കുറിച്ച് അവതാരകൻ പ്രസന്ന ചോദിച്ചപ്പോൾ മുഖ്യമന്ത്രി ആയിട്ടല്ല താൻ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നതെന്നായിരുന്നു വിജയ്‌യുടെ മറുപടി. ഇതിനു പിന്നാലെയാണ് തമിഴകം മുഴുവൻ ഉത്തരം കിട്ടാൻ കാത്തിരുന്ന ചോദ്യം പ്രസന്ന ചോദിച്ചത്. ജീവിതത്തിൽ ശരിക്കും മുഖ്യമന്ത്രി ആയാലോ? ഇതിനു ‘മുഖ്യമന്ത്രി ആയാൽ അഭിനയിക്കില്ല’ എന്നായിരുന്നു വിജയ്‌യുടെ മാസ് മറുപടി. മുഖ്യമന്ത്രി ആയാൽ മാറ്റണം എന്നു വിചാരിക്കുന്ന വിഷയം എന്താണെന്ന് ചോദിച്ചപ്പോൾ അഴിമതി എന്നായിരുന്നു വിജയ് പറഞ്ഞത്. അത് മാറ്റുക എളുപ്പമല്ലെന്നും വൈറസ് പോലെ അത് പടർന്നുപോയിരിക്കുന്നുവെന്നും പക്ഷേ അത് മാറ്റിയേ തീരൂവെന്നും വിജയ് പറഞ്ഞു.

ഉയർന്ന സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങാതിരുന്നാൽ താഴേക്കിടയിലുളളവരും കൈക്കൂലി വാങ്ങില്ലെന്നും വിജയ് പറഞ്ഞു. ഒരു നേതാവ് നല്ലതായിരുന്നാൽ ഓട്ടോമാറ്റിക് ആയി ആ പാർട്ടിയും നല്ലതാവുമെന്നും ദളപതി ആരാധകരോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook