ദളപതി വിജയ്ക്ക് ഇന്ന് 46-ാം പിറന്നാൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ തന്റെ പിറന്നാൾ ആഘോഷിക്കരുതെന്ന് വിജയ് ആരാധകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അതിനാൽ തന്നെ സോഷ്യൽ മീഡിയ വഴി വിജയ്‌യുടെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. സിനിമാലോകവും താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.

1974 ജൂൺ 22 നാണ് വിജയ്‌യുടെ ജനനം. തമിഴ് ചലച്ചിത്രനിർമ്മാതാ‍വായ എസ്.എ. ചന്ദ്രശേഖറിന്റേയും ശോഭ ചന്ദ്രശേഖറിന്റേയും മകനായിട്ടാണ് വിജയ് ജനിച്ചത്. വിദ്യാഭ്യാ‍സം പൂർത്തീകരിച്ചത് ചെന്നയിലെ ലൊയൊള കോളേജിൽ നിന്നാണ്. 1999 ഓഗസ്റ്റ് 25 ന് വിജയ് സംഗീതയെ വിവാഹം ചെയ്തു. ജാസൺ സഞ്ജയും ദിവ്യ സാഷയുമാണ് മക്കൾ.

തന്റെ അച്ഛനും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖർ സംവിധാനം ചെയ്ത നാളെയ തീർപ്പ് (1992) എന്ന സിനിമയിലൂടെയാണ് വിജയ് തമിഴ് സിനിമയിലേക്ക് എത്തിയത്. അച്ഛന്റെ സിനിമകളിൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ വിജയ് പിന്നീട് സിന്ദൂരപാണ്ടി (1993), രസികൻ (1994), വിഷ്ണു (1995) തുടങ്ങിയ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. പക്ഷേ ഈ സിനിമകളൊന്നും വിജയ്‌ക്ക് സിനിമാ രംഗത്ത് തന്റേതായ ഒരിടം നേടിക്കൊടുക്കാനായില്ല. വിജയ് എപ്പോഴും എസ്.എ.ചന്ദ്രശേഖരന്റെ മകനായിരുന്നു. അച്ഛന്റെ പേരിലുളള ഈ ടാഗിൽനിന്നും പുറത്തുവരാനായി ആരാധകരെ രസിപ്പിക്കുന്ന ദേവ (1995), ചന്ദ്രലേഖ (1995), കോയമ്പത്തൂർ മാപ്പിളൈ (1996) തുടങ്ങി സിനിമകൾ ചെയ്തു. വിക്രമന്റെ പൂവേ ഉണക്കാകെ (1996) സിനിമയാണ് വിജയ്‌യുടെ കരിയറിലെ മികച്ച ഹിറ്റ്.

Read Also: ദളപതിയിലേക്കുളള വിജയ്‌യുടെ യാത്ര

വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു സിമ്രാൻ നായികയായ ‘തുളളാത മനവും തുള്ളും’ (1999), ജ്യോതിക നായികയായ ‘ബുശി’യും (200). ഈ രണ്ടു സിനിമകളിലൂടെ വിജയ് റൊമാന്റിക് ഹീറോ എന്ന ഇമേജ് നേടി. എഴിൽ സംവിധാനം ചെയ്ത ‘തുളളാത മനവും തുളളും’ സിനിമ അതിലെ ക്ലൈമാക്സ് രംഗത്തിലൂടെ ഇന്നും വിജയ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിന്റെ സംവിധായകൻ ലോകേഷ് കനകരാജ് സിനിമയുടെ പോസ്റ്റർ പുറത്തിറക്കിയാണ് പിറന്നാൾ ആശംസകൾ നേർന്നത്.

സംവിധായകൻ ആറ്റ്‌ലി, നിവിൻ പോളി തുടങ്ങി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ സിനിമയാണ് ‘മാസ്റ്റർ’. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധായകൻ. മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook