തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വിജയ് എത്തി. ഇന്നു രാവിലെയാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. പോളിങ് ബൂത്തിൽ വിജയ് എത്തിയതും മാധ്യമപ്രവർത്തകരും ആരാധകരും താരത്തിനെ വളയുകയായിരുന്നു. താൻ കാരണം തിക്കും തിരക്കും ഉണ്ടായതിൽ ഉദ്യോഗസ്ഥരോട് വിജയ് മാപ്പു പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
വിജയ്‌യുടെ ഫൊട്ടോയും വീഡിയോയും എടുക്കാനായാണ് മാധ്യമപ്രവർത്തകരും ആരാധകരും താരത്തിനു ചുറ്റും കൂടിയത്. വോട്ട് ചെയ്യാനെത്തിയവർക്കും ഉദ്യോഗസ്ഥർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കിയെന്നു മനസിലാക്കിയ വിജയ് കൈകൂപ്പി ക്ഷമ ചോദിക്കുകയായിരുന്നു. വോട്ട് ചെയ്ത് പെട്ടെന്നു തന്നെ വിജയ് മടങ്ങുകയും ചെയ്തു.
തമിഴ്നാട്ടിൽ 10 വർഷത്തിനുശേഷമാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 648 അര്‍ബന്‍ ലോക്കല്‍ബോഡികളിലേക്കും 12,607 വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ബീസ്റ്റ്’ ആണ് വിജയ്‌യുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. സിനിമയിൽ വിജയ്‌യും പൂജ ഹെഗ്ഡെയുമാണ് പ്രധാന വേഷം ചെയ്യുന്നത്. വിജയിയുടെ സിനിമാ കരിയറിലെ 65-ാമത്തെ ചിത്രമാണ് ബീസ്റ്റ്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും സംവിധായകൻ ശെല്‍വരാഘവനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏപ്രിൽ 14 നാണ് ചിത്രം റിലീസ് ചെയ്യുക.
Read More: വിജയ്‌യുടെ അറബിക് കുത്തു പാട്ടിന് ചുവടുവച്ച് സാമന്ത; വീഡിയോ